നാമുദ്ദേശിക്കുന്ന നേട്ടങ്ങളും
ഗുണഫലങ്ങളും ഒരു വസ്‌തുവില്‍ ലഭ്യമാകാന്‍ ആവശ്യമായ ശുദ്ധീകരണ പ്രക്രിയയാണ് സംസ്‌കരണം.
പ്രപഞ്ചത്തില്‍ അല്ലാഹു
നിക്ഷേപിച്ചിരിക്കുന്ന എല്ലാ വസ്‌തുക്കളും നമ്മുടെ ആവശ്യങ്ങള്‍ക്കൊത്ത്
ഉപയോഗിക്കാന്‍ നിരവധി സംസ്‌കരണ പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഭക്ഷ്യവസ്‌തുക്കള്‍,
വസ്‌ത്രങ്ങള്‍, കെട്ടിടോപകരണങ്ങള്‍, പെട്രോളിയം ഉല്‌പന്നങ്ങള്‍ തുടങ്ങിയവയൊക്കെ
ഇത്തരത്തില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന്നും സംസ്‌കരണമുറകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിലേറെ പ്രധാനമാണ് മനുഷ്യന് മാത്രമായി നല്‍കിയിരിക്കുന്ന
ആത്മാവിന്റെ സംസ്‌കരണം. ശരീരത്തിനും ആത്മാവിനും നിശ്ചയിച്ചിരിക്കുന്ന സംസ്‌കരണം
പൂര്‍ണമായി നേടുമ്പോഴാണ് മുസ്‌ലിമിന്റെ യഥാര്‍ഥ വ്യക്തിത്വം രൂപപ്പെടുന്നത്.
നാം പ്രതീക്ഷിക്കുന്ന
ഗുണഫലങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന മാലിന്യങ്ങളുടെ, സംസ്‌കരണത്തോടെ വസ്‌തുക്കള്‍ നമുക്ക് ഉപയുക്തമാകുന്നു.
സമൂഹത്തിന് മാത്രമായി
ഖുര്‍ആന്‍ സംസ്‌കരണമുറകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സംസ്‌കൃത വിശ്വാസാചാര
സ്വഭാവഗുണങ്ങളുള്ള വ്യക്തികളുടെ സംഗമമായി സമൂഹം രൂപപ്പെടുമ്പോള്‍ സ്വാഭാവികമായി
സമൂഹസംസ്‌കരണവും പൂര്‍ത്തിയാകുന്നു എന്നതാണ് ഖുര്‍ആന്റെ നിരീക്ഷണം. സംസ്‌കരിക്കപ്പെട്ട
ചിന്തകളും സ്വഭാവമൂല്യങ്ങളുമാണ് ആള്‍ക്കൂട്ടത്തെ സമൂഹമാക്കുന്നത്.
സമൂഹമായി
ജീവിക്കാനും സംഘബോധം നിലനിര്‍ത്താനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
വ്യക്തികളുടെ
യാദൃച്ഛികവും സ്വാഭാവികവുമായ ഒത്തുചേരലിനെ ഖുര്‍ആന്‍ സാമൂഹികതയായി കാണുന്നില്ല. വ്യക്തികള്‍
പ്രകടിപ്പിക്കേണ്ട സ്വഭാവഗുണങ്ങളിലും അവര്‍ക്കിടയിലെ വിശുദ്ധ ബന്ധങ്ങളിലുമാണ്
സമൂഹം രൂപപ്പെടുന്നത്.
അധികാരം, സ്വാധീനം,
ജനസമ്മതി തുടങ്ങിയ ഭൗതിക താല്‌പര്യങ്ങള്‍ക്കതീതമായി അല്ലാഹുവിന് വേണ്ടി
നിലകൊള്ളുകയെന്നതാണ് അതിവിശിഷ്‌ടമായ സാമൂഹികതയുടെ മാനദണ്ഡമായി ഖുര്‍ആന്‍
പ്രഖ്യാപിക്കുന്നത്.
ദൈവഭക്തിയുടെയും ഖുര്‍ആനിന്റെയും
അടിസ്ഥാനത്തിലുള്ള സംഘബോധം നിലനില്‍ക്കുന്ന
സാഹചര്യങ്ങളില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജസ്വലത ലഭിക്കുന്നു.
മലീമസമായ മനസ്സും ദുഷ്‌ടചിന്തകളുമായിരിക്കും
ദൈവഭക്തിയുടെയും ഈമാനിന്റെയും അഭാവത്തില്‍ വ്യക്തികളില്‍ ബാക്കിയുണ്ടാകുക.
വിശ്വാസത്തിന്റെ
പ്രാധാന്യം വ്യക്തിയില്‍ തുടങ്ങി സമൂഹത്തിലെത്തി നില്‍ക്കേണ്ട സംസ്‌കരണപ്രവര്‍ത്തനങ്ങളുടെ
മൗലികാടിത്തറ ഖുര്‍ആനും നബിച്ചര്യയുമാണ്.
സ്രഷ്‌ടാവും രക്ഷകനും
നിയന്താവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് ദൃഡവിശ്വാസത്തിന്റെ കാതലായ വശം.
സമൂഹത്തിലെ വ്യക്തികളെ
ഒരു ചരടില്‍ കോര്‍ത്തിടുവാന്‍ അവരുടെ മനസ്സില്‍ വേരൂന്നിയിട്ടുള്ള വ്യക്തവും ദൃടവുമായ
വിശ്വാസത്തിന് മാത്രമേ കഴിയുകയുള്ളൂ.
തന്റെ എല്ലാ
ആവശ്യങ്ങളും കേള്‍ക്കുന്നവന്‍, എല്ലാ കാര്യങ്ങള്‍ക്കും തനിക്ക് ആശ്രയമാകുന്നു എന്ന
തവക്കുല്‍ ചിന്തയില്‍ നിന്നാണ് വ്യക്തിയുടെ മനസ്സില്‍ സുരക്ഷിതത്വബോധം
ഉടലെടുക്കുന്നത്.
വിശ്വാസത്തിലൂടെ
വ്യക്തികള്‍ കൈവരിക്കേണ്ട അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മാനസികാവസ്ഥ സമൂഹ സംസ്‌കരണത്തിനുള്ള
പാത എളുപ്പമാക്കുന്നു.
മനുഷ്യന്റെ
മനസ്സിലേക്ക് ബന്ധിപ്പിച്ചാണ് ഖുര്‍ആന്‍, സംസ്‌കരണം എന്ന പ്രയോഗം നടത്തുന്നത്.
``തീര്‍ച്ചയായും മനസ്സിനെ സംസ്‌കരിച്ച് ശുദ്ധീകരിച്ചവന്‍ വിജയിച്ചു കഴിഞ്ഞു. അത്
മലീമസമാക്കിയവന്‍ പരാജയപ്പെടുകയും ചെയ്‌തു''
വ്യക്തിജീവിതത്തില്‍
കാണുന്ന സ്വഭാവഗുണങ്ങളത്രയും കറകളഞ്ഞ വിശ്വാസം മനസ്സില്‍
നിന്ന് പുറത്തുവരുന്നതല്ലെങ്കില്‍, അത്തരം വ്യക്തികള്‍ എങ്ങനെ സംഘടിച്ചാലും അതൊരു
ആള്‍ക്കൂട്ടം മാത്രമായിരിക്കും; സമൂഹമാവില്ല.
വിശ്വാസം വളരുകയും
ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അത് തഖ്‌വ (ഭയഭക്തി)യായി മാറുന്നു.
തഖ്‌വ മാറ്റുരയ്‌ക്കപ്പെടുന്നത്
ചില
ആചാരാനുഷ്ടാനങ്ങളിലോ , വിശ്വാസം അവകാശപ്പെട്ടത് കൊണ്ടോ മാത്രമല്ല. തിന്മകളോടും ദുഷ്‌ചിന്തകളോടുമുള്ള സമീപനത്തിലാണ് അത്
പ്രകടമാകുക. ആരാധനാമുറകളിലുള്ള ഭക്തി അല്ലാഹു മാത്രമേ അറിയുകയുള്ളൂ. എന്നാല്‍
പെരുമാറ്റ സ്വഭാവശീലങ്ങളിലുള്ള ഭക്തി മറ്റു മനുഷ്യര്‍ക്കും മനസ്സിലാക്കാന്‍
കഴിയും.
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍
ആവശ്യമായതിനെക്കാള്‍ ഭക്തി, വിലക്കുകളില്‍ നിന്നകന്ന് ജീവിക്കാനാണ് വേണ്ടത്. എല്ലാ
സൗകര്യങ്ങളും ഒത്തുചേര്‍ന്ന ഒരു സന്ദര്‍ഭത്തില്‍ ദുര്‍വൃത്തിയില്‍ നിന്നകന്ന്
നില്‍ക്കാന്‍ ആര്‍ക്കും കഴിയും,
ദുര്‍വൃത്തികളില്‍ നിന്നും, തെറ്റായതും അന്ധമായതുമായ ധാരണകളും സങ്കല്പ്പങ്ങളില്‍നിന്നും,
മോചനം നേടുമ്പോള്‍ മാത്രമേ മാനസീകവും ശാരീരികവുമായ
സംസ്‌കരണം നടക്കുകയുള്ളൂ.
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മനസ്സിലാകുന്നതിനും പ്രാവര്‍ത്തീകമാക്കുന്നതിന്നും
തടസ്സമായി നില്‍ക്കുന്ന തഖ്‌വ,
അവിവേകങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ വിവേകം, ജനങ്ങളുമൊത്ത് ജീവിക്കാനാവശ്യമായ
സ്വഭാവശീലങ്ങള്‍ ഇവയിലേതെങ്കിലുമൊന്ന് ഒരാള്‍ക്കില്ലെങ്കില്‍ അയാളുടെ ബാക്കി
പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല.
വ്യക്തിയിലെ സ്വഭാവശീലങ്ങളിലെ
വീഴ്‌ചകള്‍ക്ക് കേവലമായ ആരാധനകള്‍
പകരമാകുകയില്ല.
വിശ്വാസപരമായ
കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ മുസ്‌ലിമില്‍ നിന്നുണ്ടാകുന്ന ഉദാരതയാണ് ക്ഷമ,
സഹനശീലം, സ്‌നേഹം, വാത്സല്യം, സത്യസന്ധത തുടങ്ങിയവ.
പൂര്‍ണഭക്തന്‍,
പരമഭക്തന്‍ എന്നീ ആശയങ്ങള്‍ക്ക് അത്‌ഖാ എന്നാണ് ഭാഷാ പ്രയോഗം. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന
സ്ഥലങ്ങളിലെ ആശയപശ്ചാത്തലം
വിലയിരുത്തിയാല്‍ അത്‌ഖായുടെ അര്‍ഥം വ്യക്തമാണ്. പകയും പകരംവീട്ടലുമില്ലാതെ,
ഏഷണിയും പരദൂഷണവും നടത്താതെ, പരിഹാസവും പ്രതികാരചിന്തയുമില്ലാതെ പരസ്‌പരം സ്‌നേഹവും
സൗഹാര്‍ദവും പങ്കിട്ടുകൊണ്ട് എല്ലാവരെയും സഹോദരന്മാരായി കാണുന്ന വിശാലമനസ്സിന്റെ
ഉടമ എന്നായിരിക്കും അവിടെ പ്രയോഗിച്ച അത്‌ഖായുടെ ഏറ്റവും നല്ല അര്‍ഥം.
മനസ്സിന്റെ ഉദാരത.
ക്ഷമ, സഹനശീലം, സ്‌നേഹം, വാത്സല്യം, സത്യസന്ധത തുടങ്ങിയ ഉല്‍കൃഷ്‌ട ഗുണങ്ങള്‍
പ്രകടിപ്പിക്കാനും തന്റെ സമ്പത്ത് അതായത് ( വ്യക്തികളുടെ ആരോഗ്യം , ബുദ്ധിവൈഭവം
, സര്‍ഗശേഷികള്‍ , മറ്റു കഴിവുകള്‍ ) യഥേഷ്‌ടം
നല്ല കാര്യങ്ങള്‍ക്ക് നീക്കിവെക്കാനും ഉദാരമനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ
സാധിക്കുകയുള്ളൂ.
സാമ്പത്തിക
ഉദാരതയെക്കാള്‍ പ്രധാനം അതായത് ( കുറെ നാണയത്തുട്ടുകള്‍ , അല്ലങ്കില്‍ കുറച്ചു
ഭക്ഷണം , അല്ലങ്കില്‍ വസ്ത്രം മുതലായവ
അല്ല ) സ്വഭാവരംഗത്തെ
ഉദാരതയാണ്. ദാനം ചോദിച്ച് നമ്മെ സമീപിക്കുന്നവര്‍ക്ക് നാമൊന്നും
കൊടുക്കുന്നില്ല എന്നിരിക്കട്ടെ. നാമല്ലാത്ത മറ്റൊരാളെ സമീപിച്ചാല്‍ അയാളുടെ
ആവശ്യം നിര്‍വഹിക്കാവുന്നതേയുള്ളൂ.
നമ്മില്‍ നിന്ന് ഒരാള്‍
പ്രതീക്ഷിക്കുന്ന സ്‌നേഹബഹുമാനങ്ങള്‍, കാരുണ്യം, വാത്സല്യം, സൗഹൃദം തുടങ്ങിയവ
നാമയാള്‍ക്ക് നിഷേധിക്കുകയാണെങ്കില്‍, അത് പകരം നല്‍കാന്‍ ആര്‍ക്കും കഴിയില്ല.
നമ്മില്‍ നിന്ന് ലഭിക്കേണ്ട ഈ ഗുണങ്ങള്‍ മറ്റൊരാള്‍ നല്‍കിയാലും നാം നല്‍കുന്നതുപോലെയാവില്ല
അത്. അത്‌ഖാ (പരമഭക്തന്‍) എന്ന പ്രയോഗം ഏറെ ബന്ധപ്പെട്ടിരിക്കുന്നത് ഉല്‍കൃഷ്‌ട
സ്വഭാവഗുണങ്ങളോടാണെന്ന് സാരം.
അത്‌ഖാ എന്ന
പ്രയോഗത്തിന് ഖുര്‍ആന്‍ നല്‍കിയ അര്‍ഥവ്യാപ്‌തി ഉള്‍ക്കൊള്ളുന്ന വ്യക്തികളുടെ
കൂട്ടായ്‌മയാണ് ഇസ്‌ലാം കാണുന്ന ഉത്തമസമൂഹം (ഖൈറുഉമ്മഃ).
ഭക്തിക്ക് എന്തെല്ലാം
മാനങ്ങളുണ്ടോ അവ കണ്ടെത്തുകയും പാലിക്കുകയും ചെയ്‌ത് ജീവിക്കാനാണ് ഖുര്‍ആനിലെ സൂക്തങ്ങളിലെ ആഹ്വാനം. `സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക' എന്ന പരാമര്‍ശം,
മുസ്‌ലിമായിക്കൊണ്ടല്ലാതെ
മരിക്കരുത് എന്നതിന്റെ അര്‍ഥം മുസ്‌ലിമായിക്കൊണ്ടല്ലാതെ ജീവിക്കരുത് എന്നുകൂടിയാണ്.
തഖ്‌വയുടെ പൂര്‍ണരൂപങ്ങളായി
മനസ്സും ശരീരവും പവിത്രമാക്കിയവര്‍ മാത്രമേ തൌഹീദിന്റെ ഐക്യാഹ്വാനം
സ്വീകരിക്കുകയുള്ളൂ. ഭക്തന്മാര്‍ തൌഹീദില്‍ ഒന്നിക്കുമ്പോള്‍ രൂപപ്പെടുന്ന സാമൂഹികത, പുണ്യവും നന്മ
നിറഞ്ഞതുമായ എല്ലാ കാര്യങ്ങളും വളര്‍ന്നുവികസിക്കാന്‍ വഴിയൊരുക്കുന്നു.
മറ്റുള്ളവരെ
ക്ഷണിക്കുന്നത് നന്മ പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലേക്കാ യിരിക്കണം .
ദഅ്‌വത്തിന്റെ _ പ്രബോധന പ്രവര്‍ത്തനങ്ങളുടെ - പ്രധാനഘടകങ്ങളായി പറയുന്നത് നന്മയിലേക്ക് ക്ഷണിക്കുക,
പുണ്യം കല്‌പിക്കുക, തിന്മ വിരോധിക്കുക എന്നീ കാര്യങ്ങളാണ്.
തൌഹീദിന്റെ സാക്ഷാല്കാരത്തെ ഉപമിക്കുന്നത്
ഒരു വൃക്ഷത്തോടാണ്. അതിന്റെ ആഴത്തിലേക്കിറങ്ങിയ വേരും അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന
കാണ്ഡഭാഗവും പടര്‍ന്നുപന്തലിച്ച കൊമ്പുകളും ഇലകളും കായ്‌കനികളും മേല്‍പറഞ്ഞ
സാമൂഹികത പ്രതിഫലിപ്പിക്കുന്നു.
``നല്ല നാട്ടില്‍ അതിലെ
സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളച്ചുവളരുന്നു. എന്നാല്‍
മോശമായ നാട്ടില്‍ ശുഷ്‌കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ചുവരികയില്ല.''
ആദര്‍ശവും ആദര്‍ശജീവിതവും രണ്ടായി നില്‍ക്കുന്നത് സമൂഹസംസ്‌കരണ ശ്രമങ്ങളെ
പ്രതികൂലമായി ബാധിക്കും.
അസൂയ, പക, വിദ്വേഷം,
കോപം, അസഹിഷ്‌ണുത, വക്രബുദ്ധി, അഹങ്കാരം തുടങ്ങിയവയാണ് ഒരാളുടെ ചിന്തയിലും വാക്കിലും
പ്രവൃത്തിയിലുമുള്ളത് എങ്കില്‍ അയാളുടേത് ആദര്‍ശജീവിതമല്ല. അതിനാല്‍ തന്നെ
തൗഹീദിന്റെ പ്രശോഭിതാന്തരീക്ഷം അയാള്‍ക്ക്
നഷ്‌ടമാകുന്നു.
ദുസ്സ്വഭാവങ്ങളത്രയും മനസ്സിന് ആധിയാണ്. മനസ്സിന്റെ ആധിയാകട്ടെ ശരീരത്തിന്
വ്യാധിയുമായിരിക്കും.
സംസ്‌കൃത സമൂഹത്തിന്
ഖുര്‍ആന്‍ നല്‍കുന്ന പേര് ഹിസ്‌ബുല്ലാഹ് എന്നാണ്.
ഈമാന്‍ കൊത്തിവെച്ച
മനസ്സിന് ദുസ്സ്വഭാവങ്ങള്‍ തീര്‍ത്തും ദുസ്സഹമായിരിക്കും.
ഒരിക്കലും
വിട്ടുപിരിയാത്ത ആത്മസുഹൃത്തുമാണ് ഈമാന്‍.
ഐഹികവും പാരത്രികവുമായ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി, അജീര്‍ണവും
ആഡംബരജീവിതവും അതിക്രമവും മുഖേന രോഗാതുരമായ ദേഹിയുടെ മോചനത്തിന് വേണ്ടി, ക്ഷമ, സഹനം,
മിതത്വം മുതലായ മഹത് ഗുണങ്ങളിലൂടെ മാത്രം കീഴ്‌പ്പെടുത്താന്‍ കഴിയുന്ന-ഖിലാഫത്ത്-
എന്ന പ്രത്യേകമായ ദൗത്യ നിര്‍വഹണത്തിന് വേണ്ടി അല്ലാഹു മനുഷ്യര്‍ക്ക് ഖുര്‍ആന്‍ നിര്‍ബന്ധമാക്കി.
ആത്മാവിന്റെ അന്നമാണ് വായന.
No comments:
Post a Comment