Thursday, 30 August 2012

അസൂയ


മനസ്സിനെ ബാധിക്കുന്ന അതി ഗുരുതരവും അപകടകരവുമായ രോഗമാണ് അസൂയ. അസൂയാലുവിന്റെ അകം കലുഷ വികാരങ്ങളാല്‍ അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടിരിക്കും. അവിടെ ശാന്തി നിലനില്‍ക്കുന്ന ഒരു നിമിഷം പോലുമുണ്ടാവില്ല.

അസൂയാലു അര്‍ബുദ ബാധിതനെപ്പോലെയാണ്. അതിന്റെ തുടക്കം എത്ര നേരിയ തോതിലാണെങ്കിലും വളരെ വേഗം വളര്‍ന്ന് വലുതാവുന്നു.

അസൂയാലു ഇടുങ്ങിയ മനസ്സിന്റെ ഉടമയാണ്.

അസൂയ മനസ്സിന്റെ കുടുസ്സിനെ പ്രതിനിധീകരിക്കുന്നു.

മനഃപ്രയാസവും ദുഃഖവും അനുഭവിക്കുന്നരാണ് അസൂയാലുക്കള്‍.

അസൂയക്ക് അടിപ്പെട്ട മനസ്സില്‍ സദ്‌വികാരങ്ങള്‍ സ്ഥലം പിടിക്കുകയില്ല.

ജീവിതത്തില്‍ വിജയം വരിച്ചവരുടെ വഴി പഠിച്ചറിഞ്ഞ് പിന്തുടരുന്നതിനുപകരം അന്യരുടെ പതനം സ്വപ്നം കണ്ട് അസൂയാലുവിന്റെ മനം ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കും.

അന്യരുടെ നാശം ആശിക്കുന്നവര്‍ ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നില്ല.

അന്യരുടെ നാശം ആശിക്കുന്നവര്‍ സ്വന്തം വിജയത്തിന്റെ വഴി തേടാന്‍ അവസരം ലഭിക്കുകയില്ല. അവരുടെ മനസ്സുകള്‍ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയില്ല.

മനുഷ്യന്റെ വശമുള്ളതെല്ലാം ദൈവദത്തമാണ്. അതില്‍ അസൂയപ്പെടുകയെന്നത് കടുത്ത ദൈവധിക്കാരമാണ്.

അസൂയയില്‍നിന്ന് പൂര്‍ണമായും മോചനം നേടാനും തികഞ്ഞ ഗുണകാംക്ഷ പുലര്‍ത്താനും ഖുര്‍ആന്‍  ശക്തമായി ആവശ്യപ്പെടുന്നു.

മനസ്സിനെ ബോധപൂര്‍വം നിരന്തരം പാകപ്പെടുത്തിയെടുത്താലേ അസൂയക്ക് അറുതി വരുത്താന്‍ സാധ്യമാവുകയുള്ളൂ.

“നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു, നീ അവനെ അല്ലാതെ ആരാധിക്കരുത്‌”. എന്ന വാചകം ഓര്‍ക്കുക. സൃഷ്ടാവായ ദൈവത്തോടാവണം മനുഷ്യന്‍റെ പ്രാഥമികമായ കടപ്പാട്‌. 

തിന്മകളില്‍ നിന്ന്‌ സ്വയം അകന്നു നില്‍ക്കാനുള്ള മനസാന്നിധ്യമാണ്‌ അല്ലാഹുവിനോട്‌ നിങ്ങള്‍ക്കുള്ള കടപ്പാട്‌ വ്യക്തമാക്കുക.

ഖുര്‍ആന്‍ യഥാ വിധി മനസ്സിലാക്കിയവന്‍ അഗാധമായ ദൈവ ബോധമുള്ളവനായിത്തീരുന്നു. ഈ ദൈവ ബോധമാണ് ഒരു മുസ് ലിമിന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ആധാരം.

ആത്മാവിനെ ശുദ്ധീകരിക്കല്‍ തന്നെയാണ് ഖുര്‍ആന്‍ പഠനത്തിലൂടെ ഒരു  വിശ്വാസി ചെയ്യുന്നത്.

No comments:

Post a Comment