അധ്വാനിച്ചു ജീവിക്കുന്നത്
സാമര്‍ഥ്യമല്ല എന്ന് വിചാരിക്കുന്ന പുതുതലമുറയ്‌ക്ക് നല്‍കാനുള്ള സന്ദേശം.
സമൂഹത്തിന്റെ പുരോഗതിയും പ്രബോധനവും ലക്ഷ്യമാക്കി
കളത്തിലിറങ്ങുന്നവര്‍ക്ക് എന്നും പ്രചോദനമേകേണ്ടത് ഇസ്ലാമിന്റെ മൌലീക അടിത്തറയായ ഖുര്‍ആനും പ്രവാചക
ചര്യയും തന്നെയായിരിക്കണം.
ധര്‍മചിന്തയും മൂല്യബോധവും
കൈമുതലാക്കി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുനീങ്ങുക എന്നത് മാത്രമാണ് ഇന്നത്തെ ദുരവസ്ഥയില്‍
നിന്ന് രക്ഷപ്പെടാനുള്ള പോംവഴി.
`നാടോടുമ്പോള്‍ നടുവേ'
എന്നത് സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല.
അധ്വാനത്തിന്റെ മഹത്വം
മനസ്സിലാക്കുക, അപരന്റെ അവകാശം ഹനിക്കാതിരിക്കുക, തന്റെ അവകാശം നേടിയെടുക്കുക, സമൂഹത്തിന്റെ
ആത്യന്തിക നന്മ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുക -ഇതാണ് വിശ്വാസിയുടെ ബാധ്യത.
തന്റെ ഉപജീവനത്തിന് വേണ്ടത്
സ്വപ്രയത്‌നത്താല്‍ കണ്ടെത്തുക
ചില തെറ്റായ മനസ്ഥിതിയും
നിലപാടുകളും സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അധ്വാനിക്കാന്‍ താല്‌പര്യമില്ല;
പണം വാരിക്കൂട്ടുകയും വേണം. `അധ്വാനിച്ച് ജീവിക്കുന്നത് സാമര്‍ഥ്യമല്ല' എന്ന ഒരു
തത്വശാസ്‌ത്രം തന്നെ ആധുനിക തലമുറയില്‍ വേരൂന്നിയ പോലെയുണ്ട്. സമകാലിക പ്രവര്‍ത്തന
സംഭവവികാസങ്ങളില്‍ നിന്ന് ഇത് വായിച്ചെടുക്കാവുന്നതാണ്.
ഉയര്‍ന്ന ശമ്പളം നല്‍കി
യുവതയുടെ കര്‍മ ചൈതന്യം പരമാവധി ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന അവസ്ഥയിലേക്കാണ്
`വിവരസാങ്കേതിക' മുതലാളിമാരുടെ പോക്ക്. കുറഞ്ഞ ജോലിയും കൂടുതല്‍ ആനുകൂല്യങ്ങളും ആജീവനാന്തം
പെന്‍ഷനും ലഭിക്കുന്ന സംവിധാനമായിട്ടാണ് സര്‍ക്കാര്‍ ജോലിയെ എക്കാലവും വിലയിരുത്തപ്പെട്ടിട്ടുള്ളത്.
കാര്യമായി ഒന്നും അധ്വാനിക്കാതെ
മറ്റുള്ളവരുടെ അധ്വാനഫലത്തിന്റെ പങ്കുപറ്റി ജീവിക്കുന്ന പരാന്നഭോജികളും (പാരസൈറ്റ്)
മറ്റുള്ളവരുടെ സമ്പാദ്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ദുഷ്‌ടന്മാരും എക്കാലത്തും സമൂഹത്തിലുണ്ടായിട്ടുണ്ട്.
ഇത്തിക്കണ്ണി പോലെ സ്വയം തഴച്ചുവളര്‍ന്ന് താഴ്‌തടിയെ നിര്‍ജീവമാക്കിക്കളയുന്ന ചെടികളും
ചില ജന്തുക്കളും പ്രകൃതിയില്‍ ഉണ്ടെങ്കിലും ചിന്താശേഷിയും ബുദ്ധിശക്തിയും ഉപയോഗിച്ച്
ജീവിതം നയിക്കുന്ന മനുഷ്യരിലാണ് ഇത്തരം പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. അധ്വാനത്തിന്റെ
മഹത്വം തിരിച്ചറിഞ്ഞ ഏതൊരു സമൂഹവും ഈ കാര്യങ്ങള്‍ പാപമായി കാണുന്നു.
സാധാരണക്കാര്‍ക്കും ദുര്‍ബലര്‍ക്കും
പ്രതിസന്ധിഘട്ടത്തില്‍ അത്താണിയാകേണ്ടത് ഗവണ്‍മെന്റാണ്. എന്നാല്‍ ഗവണ്‍മെന്റ് തലത്തിലാണ്
അഴിമതി നടമാടുന്നത്. സര്‍ക്കാര്‍ ഉദ്യോഗം എന്നത് ജീവനക്കാരന് കൂലി കിട്ടുന്ന തൊഴിലാണെങ്കിലും
രാജ്യം ഭരിക്കുന്ന എക്‌സിക്യുട്ടീവിന്റെ ഭാഗമാണ് താനെന്ന ബോധം നാലാംക്ലാസ് ജീവനക്കാരന്‍
മുതല്‍ ഐ എ എസ്, ഐ പി എസ് തലം വരെ ഇല്ലാതെ പോകുന്ന കാഴ്‌ചയാണ് കാണുന്നത്.
ജീവിതാവശ്യങ്ങള്‍ക്കു വേണ്ടി അധ്വാനിക്കാനുള്ള ശേഷിയും തൃഷ്‌ണയും താല്‌പര്യവും വ്യത്യസ്‌തമായതുപോലെ തന്നെ അധ്വാനഫലവും വ്യത്യസ്‌തമായി നിലകൊള്ളുന്നു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സമൃദ്ധിയും ദാരിദ്ര്യവും ഇടകലര്‍ന്നുവരുന്നു. ഇത് അല്ലാഹു നിശ്ചയിച്ച ലോകവ്യവസ്ഥയുടെ ഭാഗമാണ്. ആര്‍ക്കും അതില്‍ മാറ്റും വരുത്താന്‍ കഴിയില്ല. ആയതിനാല്‍ `ഉള്ളവനും ഇല്ലാത്തവനും' എങ്ങനെ വര്‍ത്തിക്കണമെന്നും ഇരുവിഭാഗത്തിനും സമൂഹനിര്‍മിതിയിലുള്ള ഭാഗധേയമെന്തെന്നും അല്ലാഹുവിന്റെ ഖുര്‍ആന്‍ വ്യക്തമായി വരച്ചുകാണിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ ഈ സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്നാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രവാചക ചര്യയില്‍ പ്രവര്തീകമാക്കിയിട്ടുള്ളതുമാണ്.
No comments:
Post a Comment