Tuesday, 18 June 2013

നെല്ലും പതിരും.



ദൈവ വിശ്വാസത്തില്‍ മനുഷ്യനിൽ അല്ലാഹുവിനുള്ള യഥാര്‍ത്ഥ സ്ഥാനം  ഹൃദയമാണ്.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളി ആചാരാനുഷ്ടാനങ്ങളെ  പൂജാവിഗ്രഹമായി പ്രതിഷ്ഠിച്ചു ആരാധന നടത്തികൊണ്ടിരിക്കുന്നു എന്നുള്ളതാണ്.

പക, പിണക്കം, വിദ്വേഷം, ക്രോധം, ഈര്‍ഷ്യ, അസൂയ, പരിഹാസം, ഇവയെല്ലാം പുറപ്പെടുന്ന ഹൃദയത്തിൽ ദൈവീക സാന്യധ്യം ഉണ്ടെന്നു കരുതുക വിഡ്ഢിത്തമാണ് .

പക, പിണക്കം, വിദ്വേഷം, ക്രോധം, ഈര്‍ഷ്യ, അസൂയ, പരിഹാസം, ഇവയെല്ലാം സംഭവിക്കുന്നുവെങ്കില്‍ ദൈവീക സാന്യധ്യം ഇല്ല എന്നുള്ളതാണ് വാസ്തവം.

ഹിദായത്ത് കൊണ്ട് അനുഗ്രഹീതമായ മനുഷ്യഹൃദയത്തില്‍ നിന്നും പക, പിണക്കം, വിദ്വേഷം, ക്രോധം, ഈര്‍ഷ്യ, അസൂയ, പരിഹാസം, തുടങ്ങിയ  വികാര പ്രകടനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ബലഹീനനായ മനുഷ്യന്‍ ചുറ്റുപാടുകൾക്കും സാഹചര്യങ്ങല്ക്കും  അടിമപ്പെടുമെന്നും, അതില്‍ നിന്നും മനുഷ്യ മനസ്സുകൾ  മോചനം ലഭിക്കേണ്ടത് ആവശ്യമാണെന്നും അറിഞ്ഞു കൊണ്ടു തന്നെയാണ് ഖുർആൻ ലോകത്തില്‍ പ്രവാചകൻ മുഖേന പ്രായോഗീകവല്കരിച്ചത്.

മറ്റു ജീവികളിൽ നിന്നും വസ്തുക്കളിൽ നിന്നും മനുഷ്യരെ വേര്‍തിരിക്കുന്നതും തൌഹീദിലുള്ള അടിയുറച്ച വിശ്വാസം തന്നെയാണ്.

മനുഷ്യ ലോകത്തിന്നു പ്രബലമായ വിഭാഗം. ദൈവ വിശ്വാസികളെന്നു അവകാശപ്പെടുന്നവരാണ് എന്നതിൽ തര്‍ക്കമില്ല. ഇവരുടെ സംഖ്യ ആദ്യത്തേതില്‍ നിന്നും പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. ജാതി-മത-വിഭാഗീയ തലത്തിൽ നിന്നുകൊണ്ടുള്ള ചില ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് ദൈവ വിശ്വാസികലെന്നഭിമാനിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് സ്വന്തമായി ഓരോ വിഭാഗവും , ജാതിയും , മതവും ദേവാലയങ്ങള്‍ പടുത്തുയര്‍ത്തി അവരവരുടേതായ വിശ്വാസ-ആചാരങ്ങള്‍ക്കനുസൃതമായി ആരാധനകള്‍ ദൈവീകാരാധന എന്നവകാശ്പ്പെട്ടുകൊണ്ടിരിക്കുന്നു . ഇവര്‍ക്ക് നേതൃത്വം നല്‍കുന്നതിനും, സഭകളുടെയും സംഘടനകളുടെയും  വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും പുരോഹിതരും, പൗരോഹിത്യ ശ്രേഷ്ഠരും ഇവിടേക്കു കുടിയേറുകയോ, അയയ്ക്കപ്പെടുകയോ ചെയ്യുന്നു.

അനീതിയും, അക്രമണങ്ങളും, അന്യായവും, ചതിയും മതവിശ്വാസികളെന്നു വാദിക്കുന്ന ഒരു വിഭാഗം കൊടികുത്തിവാഴുന്ന ധനവാന്മാര്‍ക്കും, ഉന്നത സ്ഥാനമാനങ്ങള്‍ ഉള്ളവര്‍ക്കും അമിത പ്രാധാന്യം നല്‍കുന്നതിന് ഒരു പോലെ മത്സരിക്കുന്നു.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള തത്രപാടില്‍ സാധാരണക്കാരുടേയും, ദരിദ്രരുടേയും നീതി നിഷേധിക്കപ്പെടുന്നു.

മനുഷ്യ ഹൃദയങ്ങളില്‍ നിന്നും ദൈവത്തിന്റെ  സ്ഥാനം സാവകാശം അകന്നുപോയി കൊണ്ടിരിക്കുന്നു എന്നുള്ളത് കൊണ്ട് മാത്രമാണ് ചടങ്ങുകള്‍ക്കും, പെരുന്നാളുകള്‍ക്കും, "വിശ്വാസ സമൂഹം" കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇത് അപകടകരമായ ജീവിത വസ്തുതകളിലെക്കാണ് വിരല്‍ചൂണ്ടുന്നത്.

പ്രവാചകൻ ഉപേക്ഷിച്ച അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ഇന്നത്തെ തലമുറയിലേക്ക് വീണ്ടും കടന്നു വന്നിരിക്കുന്നു. ജനം നാശത്തിലേക്കു നിലം പതിക്കുന്നത് കണ്ടു നിര്‍ജ്ജീവരായി ഇരിക്കുന്നതിനല്ല മറിച്ചു കര്‍മ്മനിരതരായി കൈപിടിച്ചു ഉയര്‍ത്തേണ്ട ഉത്തരവാദി ത്വം ഏറ്റെടുക്കുന്നവരാ കുമ്പോഴാണ് വിശ്വാസം യാധാര്ത്യമാകുന്നത്.

കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയും, മൗനം ദീക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മനുഷ്യൻ അധഃപതിച്ചിരിക്കുന്നു എന്ന നഗ്ന സത്യം നിഷേധിക്കുവാൻ ആര്ക്കും നിര്‍വ്വാഹമില്ല. ഒരിക്കല്‍ ഉപേക്ഷിച്ച അനാചാരങ്ങളും, അനാരോഗ്യകരമായ പാരമ്പര്യങ്ങളും വീണ്ടും സമൂഹത്തിലേക്കു  കടന്നു വരുന്നതു ദൂരവ്യാപകമായ ദോഷഫലങ്ങള്‍ സൃഷ്ടിക്കുമെന്നതു നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.

തെറ്റായ പ്രവണതകള്‍, അതു ആരുടെ ഭാഗത്തു നിന്നായാലും കണ്ടില്ലെന്ന് നടിക്കുന്നത് സത്യവിശ്വാസത്തിന്റെ  തായ് വേരു അറക്കുന്നതിന് സമമാണ്.

തിരിച്ചറിവ് ഉണ്ടാകുന്നതിലൂടെ നെല്ലും പതിരും വേര്‍തിരിക്കുന്നതിനുള്ള സമയവും സമാഗതമായിരിക്കുന്നു.

No comments:

Post a Comment