Thursday, 25 July 2013

കുറവിനെ കുറവായി കണ്ടാലേ പരിഹരിക്കാനാകൂ.



ആത്മപരിശോധന ഓരോ വ്യക്തിയും സ്വയം ചെയ്യേണ്ടതും അനിവാര്യവുമാണ്‌.

സ്വയം ആത്മപരിശോധന നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണതെന്ന് വിചാരിക്കേണ്ട. സ്വയം ശുദ്ധീകരിക്കുക ഒരു സാഹസിക സംരംഭം തന്നെയാണ്. സ്വന്തം കുറ്റങ്ങളും കുറവുകളും സ്വയം ബോധ്യപ്പെടുകയാണതിന്റെ പ്രഥമ ഘട്ടം.

അന്യരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനും വിമര്‍ശിക്കാനും നാം എപ്പോഴും തല്‍പരരാണ്. സ്വന്തം കുറ്റങ്ങള്‍ കാണാനുള്ള കണ്ണ് അധികം പേര്‍ക്കുമില്ല. ഇനി കണ്ടാല്‍ത്തന്നെ അതിനെ എങ്ങനെയെങ്കിലും ന്യായീകരിക്കാനാണ് ഉത്സാഹിക്കുക.

കുറവിനെ കുറവായി കണ്ടാലേ പരിഹരിക്കാനാകൂ. കുറവിനെ മികവായി കണ്ടാല്‍ വളര്‍ത്തുകയാണ് ചെയ്യുക.

ദൗര്‍ബല്യങ്ങളും ദുശ്ശീലങ്ങളും കണ്ടെത്തുന്നതിനെക്കാള്‍ പ്രയാസകരമാണ് അവ വര്‍ജിക്കാന്‍ തീരുമാനിക്കുക.

അല്ലാഹുവിന്റെ കാരുണ്യം മാത്രമാണവന്റെ പിടിവള്ളി. അതിനുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയാണ് ആത്മപരിശോധകര്‍ ആത്മാര്തമായി ചെയ്യേണ്ടത്.


സ്വന്തം കുറ്റങ്ങള്‍ മനസ്സിലാക്കിയാലും മറ്റുള്ളവരുടെ മുമ്പില്‍ അതിനെ ന്യായീകരിക്കുന്നു. അല്ലങ്കിൽ മറ്റുള്ളവരോട് സമ്മതിക്കുന്ന കുറ്റവും വര്‍ജിക്കാന്‍ തയാറാകുന്നില്ല. ഇതൊക്കെ ആത്മവഞ്ചനയാണ്.

ആത്മപരിശോധനയെ ആത്മവഞ്ചന അതിജയിക്കുബോൾ കാപട്യത്തെ മറികടക്കാനാവുകയില്ല.

സ്വയം വിചാരണ അനായാസകരമായ ഒരു കൂട്ടരുണ്ട്. ഇഹപര  ജീവിതത്തെ കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യമെന്നോണം മനസ്സിലുറപ്പിക്കുകയും അതിന് ഇഹലോകത്തെകാളും പരലോകത്തെകാളും പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നവര്‍.

പ്രഥമവും പ്രധാനവുമായ ജീവിത ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയാണ്.

ലക്ഷ്യം എത്ര കണ്ട് അവ്യക്തവും വിദൂരവുമാണോ, അത്ര കണ്ട് അതിലേക്കുള്ള മാര്‍ഗം അവ്യക്തവും സങ്കീര്‍ണവുമാകുന്നു.


രോഗ നിര്‍ണയം കൊണ്ട് മാത്രം ആരോഗ്യം വീണ്ടുകിട്ടുന്നില്ല. ആവശ്യമായ ചികിത്സയും ഔഷധവും അവലംബിച്ചാലേ അതു കിട്ടൂ.

വ്യക്തിത്വത്തിന്റെ ന്യൂനതകള്‍ ബോധ്യപ്പെട്ടത് കൊണ്ട് മാത്രം സ്വ ജീവിതം ശുദ്ധീകരിക്കപ്പെടുന്നില്ല. അതിന്, കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാനും മികവുകള്‍ വളര്‍ത്താനും പര്യാപ്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

തൗബ ജീവിതത്തില്‍ സ്വയം നടത്തുന്ന ഒരു മഹാവിപ്ലവമാണ്.

വിശ്വാസികളിൽ അധികവും പതിവായി തൗബ ചെയ്യുന്നുണ്ട്. പലപ്പോഴും അറിയാതെ ഉരുവിടുന്ന ഒരു പതിവ് പ്രാര്‍ഥനാ വാക്യം മാത്രമാണത്. അല്ലാഹുമ്മ ഇന്നീ അതൂബു ഇലൈക്ക- 'അല്ലാഹുവേ ഞാന്‍ നിന്റെ മുമ്പില്‍ എന്റെ കുറ്റങ്ങളേറ്റു പറഞ്ഞു പശ്ചാത്തപിക്കുന്നു', അല്ലെങ്കില്‍ അല്ലാഹുമ്മതുബ് അലൈനാ-'അല്ലാഹുവേ ഞങ്ങളുടെ പശ്ചാത്താപം കൈക്കൊള്ളേണമേ' എന്നു പ്രാര്‍ഥിക്കുന്ന പലര്‍ക്കും തൗബ ചെയ്യുകയാണെന്ന ബോധമേ ഉണ്ടാകാറില്ല. തന്റെ ഏതൊക്കെ പാപങ്ങളാണ് അല്ലാഹുവിനോട് ഏറ്റുപറയുന്നത് എന്നോര്‍ക്കാറുമില്ല. രോഗമറിയാതെ ചികിത്സിക്കുന്നതുപോലെയാണിത്.

അര്‍ഥമറിയാത്ത മാമൂല്‍ മന്ത്രമല്ല യഥാര്‍ഥ തൗബ; സ്വയം മാറുന്നതിനുള്ള പ്രതിജ്ഞയും അതിലേക്കുള്ള ക്രിയാത്മകമായ ചുവടുവെപ്പുമാണ്.

കുറ്റബോധം, പാപമോചനത്തിനുള്ള അദമ്യമായ ആഗ്രഹം, പുണ്യങ്ങളോടുള്ള ആത്മാര്‍ഥമായ ആഭിമുഖ്യം ,  ദൈവകാരുണ്യത്തിനു വേണ്ടിയുള്ള നിഷ്‌കളങ്കമായ പ്രാര്‍ഥന ഇവയെല്ലാം സ്വയം വിപ്ലവത്തിന്റെ ആയുധങ്ങളാകുന്നു. ഈ ചേരുവകളുടെ, ആയുധങ്ങളുടെ വീര്യത്തെ ആശ്രയിച്ചിരിക്കുന്നു തൗബയുടെ വീര്യവും ഫലപ്രാപ്തിയും.

No comments:

Post a Comment