Thursday, 5 September 2013

ഉമ്മുല് ഖുറാ.



മനുഷ്യ സമൂഹം നിലക്കൊള്ളുന്ന പ്രദേശത്തെ  'ഗ്രാമങ്ങളുടെ മാതാവ്' (ഉമ്മുല് ഖുറാ) എന്നാണ് പരിശുദ്ധ ഖുര്ആന് വിശേഷിപ്പിച്ചത്. ശാന്തിയും സമാധാനവും എല്ലാ അര്‍ഥത്തിലും നിറഞ്ഞുനില്‍ക്കുന്ന കേന്ദ്രം. അവിടെ ശാന്തിയുണ്ട്. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാല്‍ പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അനിര്‍വചനീയമായ വിശുദ്ധിയും ശാന്തിയും അവിടം ചൂഴ്ന്നു നില്‍ക്കുന്നു.

മക്കയിലെ കഅ്ബാലയത്തെ 'ചിരപുരാതന ഗേഹം' (അല്‍ബൈത്തുല്‍ അതീഖ്) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. 'മാനവര്‍ക്കാകെ ദൈവാരാധന നിര്‍വഹിക്കാനായി പണിതുയര്‍ത്തപ്പെട്ട, ഭൂമുഖത്തെ പ്രഥമ ദേവാലയം, കഅ്ബാലയത്തെ പരിചയപ്പെടുത്തുമ്പോള്‍ ഖുര്‍ആന്‍ ദീക്ഷിച്ച മാനവികമായ വിശാല വിഭാവന (ലിന്നാസ്) (ഉമ്മുല് ഖുറാ) ചിന്തനീയമാണ്.

ഖുര്‍ആന്‍ 'മാനവതക്കാകെ മാര്‍ഗദര്‍ശനമാണ്' (ഹുദന്‍ ലിന്നാസ്); മുസ്‌ലിംകള്‍ ജനങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായവുമാണ്. ഇതിനോടു തികച്ചും ചേര്‍ന്നു നില്‍ക്കുന്ന വിശേഷണമാണ് അല്ലാഹു കഅ്ബാലയത്തിന്ന് നല്‍കിയത്.

മനുഷ്യശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തില്‍ ഭൂമിയിലെ കഅ്ബാലയത്തിനുള്ളത്. ഹൃദയം രക്തചംക്രമണ വ്യവസ്ഥയുടെ സിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചു പോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതില്‍ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തില്‍ നിര്‍വഹിക്കുന്നത്. അതിനാലാണ് ''നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്ലയാണ്. നാം അതുമായുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിക്കേണ്ടതാണ് , അത് നമ്മെയും (നമ്മുടെ ഒരുമയെയും) കാത്തുസൂക്ഷിക്കുന്നു.


ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് ആത്മാവുണ്ട്. അത് ആവാഹിക്കാതെ അനുഷ്ഠിച്ചാല്‍ ഹജ്ജിലൂടെ കരഗതമാവേണ്ട ബഹുമുഖ നന്മകള്‍ ലഭിക്കാതെ പോകും.

ആത്മീയമായും ഭൗതികമായും ഹജ്ജിന് വേണ്ടി ശരിക്ക് ഒരുങ്ങണം. ഏറ്റവും വലിയ ഒരുക്കം-പാഥേയം- തഖ്‌വയാണ്.

ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂര്വം ഹജ്ജു അനുഷ്ഠിച്ചാലേ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാന് സാധിക്കുകയുള്ളൂ.

ഉദ്ദേശ്യശുദ്ധി ഉറപ്പുവരുത്തലാണ് നിയ്യത്ത്.

ഇഹ്റാമില് പ്രവേശിക്കുന്നത് വരെ അനുവദനീയവും അഭിലഷണീയവും ഒരുവേള പുണ്യകരവുമായ ഒട്ടേറെ സംഗതികള് പാടെ നിഷിദ്ധമാകുന്നുവെന്നതാണ് ഇഹ്റാമിന്റെ മര്മം. ഇതിന്റെ പൊരുളറിയാത്ത ഒരന്വേഷകന് ഒരുവേള ഇവ്വിധം ചോദിക്കാവുന്നതാണ്: ''ഇത്രയും നാള് അനുവദനീയവും അഭിലഷണീയവുമായ കാര്യങ്ങള് ഇത്രപെട്ടെന്ന് പാടെ നിഷിദ്ധമാവുകയോ? ഇതെന്താണിങ്ങനെ? .....'' ഇതിന്റെ മറുപടിയിലാണ് ഇഹ്റാമിന്റെ മര്മം. നമ്മുടെ ജീവിതത്തില് എന്തൊക്കെയാവാം, എന്തൊക്കെ പാടില്ല, എപ്പോള് പറ്റും, എപ്പോള് പറ്റില്ല ഇതൊക്കെ നാമോ നമ്മെ പോലുള്ള സൃഷ്ടികളോ, സൃഷ്ട്ടികൾ തെരെഞ്ഞെടുക്കുന്നവരോ  തീരുമാനിക്കേണ്ടതല്ല. മറിച്ച് സൃഷ്ടികര്ത്താവും ഉടയോനും നിയന്താവുമായ ഏകമഹാശക്തിക്കാണ് അതെല്ലാം നിര്ണയിക്കാനുള്ള സമ്പൂര്ണാധികാരം. അവന് അനുവദിച്ചാല് പറ്റും. ഇല്ലെങ്കില് പറ്റില്ല. ഇതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്. അതെ, അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ച് ഹൃദയത്തില് ഉള്ക്കൊണ്ടുകൊണ്ടുള്ള സമ്പൂര്ണ സമര്പ്പണമാണ് ഇഹ്റാമിലൂടെ പുലരേണ്ടത്. നാം പലപ്പോഴും വിസ്മരിക്കുന്ന ഈ യാഥാര്ഥ്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാമെന്ന പ്രതിജ്ഞയും പ്രാര്ഥനയും കൂടിയാവണം ഇഹ്റാം.

ഇഹ്റാമിന്റെ പൊരുള് ഉള്ക്കൊള്ളാതെ നാടകത്തിന് വേഷമിടുന്നതുപോലെ ഒരുവന്റെ ജീവിതവും സർവ്വ കര്മങ്ങളും   പാഴായിപ്പോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്.

ഇഹ്റാമില് യാതൊരുവിധ ഹിംസയോ ധ്വംസനമോ പാടില്ല; തികഞ്ഞ സമാധാനചിത്തരും വിനയാന്വിതരുമായിരിക്കണം. അതായത് ഖുർആൻമാര്ഗദർശനമായി തെരെഞ്ഞെടുത്തുകൊണ്ടുള്ള ഒരു ജീവിത സംഹിതയിൽ അടിയുറച്ചു നില്ക്കുന്നു എന്ന് തീരുമാനിക്കൽ ഇഹ്റാം ചെയ്യലാണ് .

യഥാര്ഥ മേല്വിലാസവും ഉത്തമവിലാസവും അതാണ്- മനുഷ്യനെ  'അബ്ദ്' (അടിമ) എന്ന് അല്ലാഹു സ്നേഹാദരപൂര്വം വിശേഷിപ്പിച്ചത്. തന്റെ ഇഷ്ടദാസന്മാരെ 'ഇബാദുര്റഹ്മാന്' എന്നാണല്ലോ അല്ലാഹു വിളിച്ചത്. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേല്വിലാസങ്ങളും വെടിഞ്ഞ് പ്രാര്ഥനാപൂര്വം ജീവിത യാധാര്ത്യങ്ങളിലേക്ക്ലേക്ക് കടന്നുവരുന്ന വ്യക്തിയുടെ ഉള്ളില് വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്; ഉണ്ടാവേണ്ടതും.

നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്ണമായ അനുസരണയുടെയും പ്രാര്ഥനാനിര്ഭരമായ ഓരോ ചലനങ്ങളുമാണ് ഒരുവന്റെ പ്രഥമ കര്മം. അതാണ്‌ ഒരുവന്റെ ജീവിതം എന്നത് തന്നെ , നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്‍ണമായ അനുസരണയുടെയും പ്രാര്‍ഥനാനിര്‍ഭരമായ പ്രകടനമാണത്. അതല്ലാതെ  കേവലം ഉപജീവനം ലക്ഷ്യമാക്കി എവിടെയൊക്കെയോ ചുറ്റിക്കറങ്ങുന്ന തോഴിലെടുക്കുകയോ തോഴിലെടുപ്പിക്കുകയോ മറ്റു നടപടികളോ അല്ല.

ആര്, എപ്പോള്, എവിടെനിന്ന് വന്നാലും ജീവിതം ഖുർആനിൽനിന്ന്  തുടങ്ങണം. രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവില് നിന്നാണ് തുടങ്ങുന്നത്.

കഅ്ബാലയത്തിലെന്നപോലെ ഈ ഖുർആനിലും  ലോകജനത ഒന്നിക്കുന്നു. ''തീര്ച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാന് നിങ്ങളുടെ റബ്ബും. ആകയാല് എനിക്ക് വിധേയപ്പെടുവീന്'' എന്ന ഖുര്ആനിക പ്രസ്താവനയുടെ സുന്ദരരൂപമാണ് ഹജ്ജിലൂടെ നാം ദര്ശിക്കേണ്ടത് .

തൗഹീദ് എന്നാല് ഉദ്ഗ്രഥനവും ഏകീകരണവും കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കുന്ന ഒരു വ്യക്തി മനസാ വാചാ കര്മണായുള്ള തന്റെ ജീവിതമാണ് പ്രാര്ഥനയായി വെക്കുന്നത് . ശാരീരികവും മാനസികവുമായ വിശുദ്ധിയോടുകൂടി നടത്തേണ്ട പ്രാര്ഥന സ്വജീവിതമായതിനല്ൽ അതിനെ മ്ലെച്ഛമാക്കാൻ വിശ്വാസികൾ തയാറാകുകയില്ല .

ഹജ്ജിലെ ഒരു ത്വവാഫ് ഏഴ് വട്ടമാണ്. ഈ എണ്ണവും (ഏഴ്) ചിന്തോദ്ദീപകമാണ്. ത്വവാഫ് മാത്രമല്ല സഅ്യും പിന്നീട് ജംറകളില് എറിയുന്ന കല്ലും ഏഴാണ്. ആകാശവും ഏഴാണ്. ഒരാഴ്ച എന്നാല് സപ്തദിനങ്ങളാണെന്നതിലും മനുഷ്യകുലം ഏക നിലപാട് പുലര്ത്തുന്നു. ഇങ്ങനെ പല സംഗതികളും ഏഴാണ്. ഇടത്തോട്ട് ചുറ്റിക്കറങ്ങുന്ന രീതി പ്രപഞ്ചത്തില് നടക്കുന്ന ഭ്രമണങ്ങളോട് സദൃശമാണ്. സൗരയൂഥത്തിലും ഗാലക്സികളിലും ഇങ്ങേയറ്റം അണുവില് വരെ ചലനം - ഭ്രമണം-ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അര്ശിന് ചുറ്റും മലക്കുകള് നിരന്തരം നിര്വഹിക്കുന്ന ത്വവാഫും ഇതേ ക്രമത്തില് തന്നെ. അങ്ങനെ അങ്ങോളമിങ്ങോളം സൃഷ്ടികര്ത്താവിന്റെ കണിശമായ വ്യവസ്ഥയാണ് പുലരുന്നത്. വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം പടച്ചതമ്പുരാന്റെ പൊരുത്തത്തിന്ന് മുമ്പില് അടിയറവെച്ച് ''റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ മതി. ഞാന് നിന്റെ വ്യവസ്ഥയോട് ചേര്ന്നു നില്ക്കാന് സദാ സന്നദ്ധനാണ്'' എന്ന് ഏറ്റു പറയുന്ന പ്രതിജ്ഞയും പ്രാര്ഥനയുമാണ് ത്വവാഫ്. ഇത് തന്നെയായിരിക്കണം ഒരുവന്റെ ജീവിതത്തിലും ഉണ്ടായിരിക്കേണ്ടത് , ഈ പാഠം ഹജ്ജിൽ നിന്ന് ഉള്കൊല്ലാൻ കഴിഞ്ഞില്ലങ്കിൽ ഒരിക്കലുമൊരു ശിശുവിന്റെ നൈര്മാല്ല്യത്തോടെ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയില്ല .

''റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ ( ഖുർആൻ )  മതി. ഞാന് നിന്റെ വ്യവസ്ഥയോട് ചേര്ന്നു നില്ക്കാന് സദാ സന്നദ്ധനാണ്'' എന്ന് ഏറ്റു പറയുന്ന പ്രതിജ്ഞയും പ്രാര്ഥനയുമാണ് യഥാർത്ഥ ജീവിതം  . അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവര് പ്രപഞ്ച താളത്തോട് പൊരുത്തപ്പെടാത്ത - താളപ്പൊരുത്തമില്ലാത്ത - അനര്ഥത്തിലേക്കാണ് അധഃപതിക്കുന്നതെന്ന അറിവ് സ്വജീവിതത്തിലൂടെ നമുക്കേകുന്നുണ്ട്. ഇതെല്ലം നിങ്ങൾ അറിയുന്നില്ല എങ്കിൽ നിങ്ങൾ ഖുർആൻ കൊണ്ട് സ്വയം വിചാരണ നടത്തിയിട്ടില്ലാ എന്നതാണ് വസ്തുത .

ഹജ്ജിൽ അല്ലാഹുവിന്റെ ചിഹ്നം എന്ന് ഖുര്ആന് വിശേഷിപ്പിച്ച രണ്ട് കുന്നുകളാണ് സ്വഫയും മര്വയും എന്നത് പോലെ അല്ലാഹുവിന്റെ ചിഹ്ന്നങ്ങലാണ് ( ഇഹവും പരവും ) (ശരീരവും ആത്മാവും ) ( ജനനവും മരണവും ). ഇതിനിടയിലുള്ള നടത്തമാണ് സഅ്യ്. സഅ്യ് എന്നതിന്റെ അര്ഥം പ്രയത്നം എന്നാണ്. ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന്ന് ദാഹജലം തേടി നെട്ടോട്ടം ഓടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട്, പ്രതീക്ഷയറ്റ് ഒന്നും ചെയ്യാതെ ആത്മഹത്യാപരമായ നിഷ്‌കര്‍മ നിലപാട് സ്വീകരിക്കരുത്. ഏത് ചുറ്റുപാടിലും നമ്മളാലാവുന്ന പ്രയത്‌നം ജീവിതത്തോടൊപ്പം പ്രാർത്ഥനാപൂരവ്വം  നാം നടത്തണം. അത്തരം പ്രയത്‌നങ്ങളെല്ലാം തന്നെയാണ് ദൈവാരാധനയുടെ ഭാഗം.

ദുല്ഹജ്ജ് 8 മുതല് 13 വരെ ആറുനാള് മിന-അറഫ-മുസ്ദലിഫ-മിന എന്നിവിടങ്ങളില് മൂന്ന് മൈതാനങ്ങളിലായി നടത്തിയും കിടത്തിയും ഉരുട്ടിയും നമ്മെ, ശരാശരി മനുഷ്യൻ എന്ന കേവല അവസ്ഥയില് നിന്ന് തന്മയീഭാവം (Empathy) എന്ന വലിയ അവസ്ഥയിലേക്ക് വളര്ത്തിക്കൊണ്ട് വരികയാണ്. തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാര്ത്ഥിയുടെ കഷ്ടജീവിതം അനുഭവിച്ചറിയുകയാണിവിടെ. അതായത് ,ഒരൂ ശിശു വായിരിക്കുന്നത് മുതൽ ബാല്യവും , യവ്വനവും , വാര്ധ്ക്യവും എല്ലാം ഈ ആറു നാളുകളിൽ നമുക്ക് കാണാം .

ഹജ്ജിൽ അറഫാദിനം പകലുകളില് വെച്ചേറ്റവും ശ്രേഷ്ഠമായ പകലാണ്. എന്നത് പോലെ ജീവിതത്തിൽ ഒരുവൻസ്വബോധം തിരിച്ചറിയുന്നത് അവന്റെ പുനര്ജീവിതമാണ് .

തിരിച്ചറിവിനു  ശേഷം സ്വകര്മം സ്വയം വിചാരണയും പശ്ചാത്താപവുമാണ്. സ്വയം വിചാരണയിലൂടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തില് തിരുത്തിന്നും പരിഹാരക്രിയകള്ക്കും സന്നദ്ധനാവണം, പ്രതിജ്ഞയെടുക്കണം. എന്നിട്ട്, മനസ്സുരുകി പാപമോചനത്തിനര്ഥിക്കണം. അറഫ നാളില് പിശാച് വിറളി പിടിച്ചോടുമെന്ന് നബി(സ) അറിയിച്ചിട്ടുള്ളത് ഒരുവൻ തന്റെ ജീവിതത്തിലെ ഈ തിരിച്ചറിവാണ്.

'അറഫ' എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകള്‍ ആണ് നമുക്ക് അറഫയില്‍ നിന്ന് കിട്ടുക. തിരുത്താനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷെ ഒരു ദുഃഖസത്യമുണ്ട്, തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല എന്നതാണത്. പലപ്പോഴും തിരിച്ചറിവുകള്‍ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുര്‍ആന്‍ പ്രയോഗിച്ച പദം 'മശ്അറുല്‍ ഹറാം' എന്നാണ്. പവിത്രബോധം അങ്കുരിക്കുന്ന ഇടം എന്നര്‍ത്ഥം.

ദുല്‍ഹജ്ജ് ഒമ്പതിന്റെ (അറഫ) പകലിലെ വിലപ്പെട്ട തിരിച്ചറിവുകള്‍ നമ്മുടെ അകതാരില്‍ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം ഹാജിയിലുണ്ടാക്കുന്ന മനോഗതമിതാണ്. ''എന്നെ വഞ്ചിച്ച ദുശ്ശക്തി ഇനി ആരെയും വഴി പിഴപ്പിക്കരുത്. എന്നെയും മറ്റു പലരെയും പിഴപ്പിച്ച സകല ദുശ്ശക്തികള്‍ക്കെതിരെയും ഇനി നിരന്തര പോരാട്ടം നടത്തും. ഞാന്‍ സ്വയം പിഴച്ചതിനും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള, എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുശ്ശക്തികള്‍ക്കുമെതിരെയുള്ള നിരന്തര പോരാട്ടമാണ്...'' ഈ ദൃഢ തീരുമാനം വേഗം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രതീകാത്മക ആയുധമായി ഏഴ് ചെറുകല്ലുകള്‍ ശേഖരിച്ച് ദുല്‍ഹജ്ജ് 10-ന് രാവിലെ പ്രാര്‍ഥനാപൂര്‍വം ആവേശഭരിതനായി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മിനയിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുശ്ശക്തികള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ് പൂര്‍ത്തിയാക്കുന്നു. തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌പോയ ഹാജിമാര്‍ വിജയശ്രീലാളിതരായി സാഹ്ലാദം തക്ബീര്‍ ചൊല്ലിയാണ് മടങ്ങുന്നത്.

ബലികര്‍മം കേവല ബലികര്‍മ്മമല്ല. ഇബ്‌റാഹീം(അ) ദൈവാജ്ഞ പ്രകാരം പ്രിയപുത്രന്‍ ഇസ്മാഈല്‍ (അ)നെ ബലികൊടുക്കാന്‍ സന്നദ്ധനായതിന്റെ ഉജ്ജ്വല മാതൃകയെ പിന്‍പറ്റിക്കൊണ്ടുള്ള ത്യാഗസന്നദ്ധതയുടെ പ്രതിജ്ഞാപൂര്‍വമുള്ള ഒരു കര്‍മമാണത്. ഇബ്‌റാഹീം (അ) തനിക്കേറ്റവും പ്രിയപ്പെട്ടത്- വാര്‍ധക്യകാലത്ത് ആറ്റുനോറ്റുകിട്ടിയ പൊന്നോമന പുത്രനെ - റബ്ബിന്റെ കല്‍പന പ്രകാരം ബലികൊടുക്കാന്‍ തയാറായി. നാമും നമ്മുടെ വിലപ്പെട്ടതും പ്രിയപ്പെട്ടതും (അതെ, നമ്മുടെ ഇസ്മാഈലിനെ, ആഗ്രഹങ്ങൾ , വികാരങ്ങൾ, പ്രതീക്ഷകൾഇവയെല്ലാം ഉള്കൊണ്ട എന്താണോ അത്) ത്യജിക്കാന്‍, ബലി കൊടുക്കാന്‍ തയാറാവേണ്ടതുണ്ട്. എങ്കിലേ നമ്മുടെ ബലിക്ക് അര്‍ഥമുള്ളൂ. ''ബലി മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ തഖ്‌വയാണ് അല്ലാഹുവിലേക്കെത്തുക''. ''നിങ്ങള്‍ക്കേറ്റവും പ്രിയങ്കരമായത് വ്യയം ചെയ്യാതെ (ത്യജിക്കാതെ ) നിങ്ങള്‍ പുണ്യം പ്രാപിക്കുകയേ ഇല്ല'' .


ഹാജീ, നീ വിദൂര ദിക്കില് നിന്ന് വന്ന് കുറെ നാളുകളിലായി കര്മ്മനിരതനാണ്; പരിക്ഷീണിതനാണ്; തല്ക്കാലം ഏറ് നിര്ത്താം. പക്ഷെ, ഒന്നുണ്ട്, ജീവിതത്തിലേക്ക്  തിരിച്ചെത്തിയാല് നീ ഇവിടെ തല്ക്കാലം നിറുത്തിവെച്ച പോരാട്ടം നിന്റെ ജീവിതാന്ത്യംവരെ അക്ഷീണം, അനവരതം തുടരണം...'' അങ്ങനെ ആ വ്യക്തി ഒരു സജീവ പോരാളിയായിക്കൊണ്ട് നവജാത ശിശുവിന്റെ നൈര്മല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് യാത്ര തുടരേണ്ടതുണ്ട് . തിരിച്ചറിവും തീവ്രമായ അവബോധവും, തിന്മക്കെതിരായ പോരാട്ട വീര്യവുമായിട്ടാണ് മുന്നോട്ടുള്ള യാത്ര . വര്ഷാ വര്ഷം ഇങ്ങനെ ദശലക്ഷ കണക്കിന് വിശുദ്ധ പോരാളികള് ലോകത്തിന്റെ സകല മുക്കു മൂലകളിലേക്കും വന്നെത്തുമ്പോള് ഉണ്ടാവേണ്ട, ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്.

No comments:

Post a Comment