Sunday, 30 September 2012

ലക്ഷ്യമില്ലാത്ത പോക്ക്.



ലക്ഷ്യബോധമാണ് നമ്മുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്. ലക്ഷ്യമില്ലാത്ത പോക്ക് അത് അല്ലാഹു പറഞ്ഞിട്ടുണ്ട്, ആകാശത്ത് നിന്ന് വീണവനെ പോലെ.. എവിടെയും എത്തിപ്പെടാം.. ആർക്കും റാഞ്ചികൊണ്ട് പോകാം, ഏത് ഗർത്തത്തിലും വീണടയാം.

ഒരു വ്യക്തിയെ  സംബന്ധിച്ച് അവൻ ശരിയായ ലക്ഷ്യബോധമുള്ളവനാവണം. എന്തിന് ജനിച്ചു, ആർക്ക് വേണ്ടി ജീവിക്കണം, നാളെ എങ്ങോട്ട് പോകും എന്നൊക്കെ ശരിയാം വണ്ണം ഒരാൾ മനസ്സിലാക്കിയാൽ അവന് ജീവിതത്തിൽ ലക്ഷ്യബോധമുള്ളവനായി തീരും.

ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങുക എന്നത് പ്രകൃതി പഠിപ്പിച്ചതാണ്. പ്രകൃതി നിയമം ദൈവത്തിന്റെതും. നമ്മോട് ഒരാൾ അയാൾ ഉദ്ദേശിച്ച ജോലി നിശ്ചയിച്ച സമയത്ത് തീർത്താൽ നമുക്ക് വേതനം നേടാം. എന്നാൽ നമ്മോട് കൽ‌പ്പിക്കപെട്ട ജോലി നിർവഹിക്കാതെ നമുക്ക് തോന്നിയത് ചെയ്താൽ കൂലികിട്ടുമൊ? കൂലികിട്ടില്ലെന്ന് മാത്രമല്ല, നഷ്ടപരിഹാരവും കൊടുക്കേണ്ടിവന്നേക്കാം.

നമുക്ക് ജീവൻ നൽകി നമ്മെ ഈ ഭൂമിയിലേക്കയച്ചവൻ ചില ജോലികളൊക്കെ പ്രത്യേക സമയത്ത് ചെയ്യാൻ ആവശ്യപെട്ടിട്ടുണ്ട്, ചിലത് ദിവസവും പ്രത്യേക സമയത്ത്, പല കാറ്റഗറിയിലുള്ള ജോലികൾ അത് നമുടെ ശരീരം കൊണ്ട് ചെയ്യാൻ കഴിയുന്നതേ നിർദ്ദേശിച്ചിട്ടുള്ളു. ഈ ജോലിയിൽ ആത്മാർത്ഥതക്കാണ് കൂടുതൽ പ്രതിഫലം. എത്ര ചെയ്യുന്നു എന്നതല്ല പ്രധാനം, ഉദ്ദേശ ശുദ്ധിയാണ് പ്രധാനം. നല്ല ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ, ജോലി എങ്ങിനെ ഏത് രീതിയിൽ ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. കൂടാതെ എന്തിനാണ് ജോലി ചെയ്യുന്നതെന്നും. വിശ്വാസി ലക്ഷ്യബോധത്തോടെ ശരിയായ രീതിയിൽ പരലോകത്തിൽ വിശ്വസിക്കണം.

ഇഹലോകത്തുള്ള എല്ലാ ജീവജാലങ്ങളും അല്ലാഹുവിന്റെ നിയമങ്ങൾക്കനുസരിച്ചാണ് നീങ്ങികൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ജീവനില്ലെന്ന് കരുതുന്ന വസ്തുക്കളും. വൃക്ഷത്തിന്റെ വേരുകൾ ഭൂമിയിലേക്കിറങ്ങി അതിന് വേണ്ട വെള്ളവും ഭക്ഷണവും സ്വയം കണ്ടെത്തുന്നു. ഓരോന്നും അതിന്റെതായ സ്വഭാവഗുണങ്ങളിൽ ജീവിക്കുന്നു. എല്ലാതരം ജീവജാ‍ലങ്ങളും അങ്ങിനെതന്നെ. അവയുടെ സ്വഭാവം അതിനെ സൃഷ്‌ടിച്ച രക്ഷിതാവ് അവയിൽ തന്നെ ഉൾകൊള്ളിച്ചു.

സൃഷ്ടികളിൽ തന്നെ വിശേഷ ബുദ്ധി ഒഴികെയുള്ളതെല്ലാം ദൈവിക നിയമമെന്ന പ്രകൃതിനിയമമനുസരിച്ചാണ് കഴിയുന്നത്. മനുഷ്യ ശരീരത്തിലെ ഓരോ അവയവവും അതിന്റെതായ പ്രവർത്തനം നടത്തുന്നു. ഹൃദയമിടിപ്പ്, ശ്വാസോഛോസം, രക്തപ്രവാഹം തുടങ്ങിയവ നമുക്ക് മനപൂര്‍വം നിയന്ത്രിക്കാൻ കഴിയുന്നവയല്ല.

നേർമാർഗ്ഗമാണ് (ഹിദായത്ത്) അതാണ്‌ മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ള അപാര അനുഗ്രഹം.

ദൈവിക നിയമമനുസരിച്ച് ജീവിക്കുക എന്നാൽ അത് പ്രകൃതിനിയമമായിട്ടാണ് പഠനങ്ങളിലൂടെ മനസ്സിലാകുന്നത്. ഒരു ശക്തിയുമില്ലാത്തതിനോട് ചോദിക്കുക എന്നതിൽ ബുദ്ധിയില്ല, തത്വവുമില്ല. ബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ച് ചില വിഷയങ്ങൾ അവനറിഞ്ഞ് കൂട. അടുത്ത നിമിഷത്തെ കുറിച്ചറിച്ചു അറിഞ്ഞു കൂടാ. അതിനാൽ തന്നെ മനുഷ്യനെ സൃഷ്‌ടിച്ച അവനെകുറിച്ച് ശരിക്കറിയുന്ന ശക്തിയോട് ചോദിക്കുക എന്നതല്ലെ ശരിയായത്? അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്നവൻ തീർച്ചയായും പ്രകൃതിനിയമത്തിനെതിരിൽ പ്രവർത്തിക്കുന്നവനാകുന്നു.

അല്ലാഹു  നിഷിദ്ധമാക്കിയ ഏതൊരു വിഷയവും മനസ്സിലാക്കിയാൽ ഖുര്‍ആന്‍ മനുഷ്യ പ്രകൃതിക്കനുസരിച്ചുള്ള ജീവിത വ്യവസ്ഥയാണെന്ന് മനസ്സിലാക്കാം.

ദൈവത്തിൽ വിശ്വസിക്കുന്നവരാണ് ലോകത്ത് അധികപേരും. അധികപേരും പലരീതിയിലും പലതിനേയും ദൈവമായി കാണുന്നു. ഈ ലോകം തനിയെ ഉണ്ടായതാണെന്ന് വളരെ കുറച്ച് ആളുകളെ കരുതുന്നുള്ളു. നടന്ന് പോകുന്നവഴിയിൽ കുറച്ച് ചാണകം കണ്ടാൽ നമുക്ക് അറിയാം അത് ഏത് മൃഗത്തിന്റെതാണെന്ന്. അത്പോലെ തന്നെ ഏത് വസ്തുക്കളെ വിലയിരുത്തിയാലും അത് എങ്ങിനെ രൂപപെട്ടതാണെന്നും ആരാണ് അതിന് കാരണക്കാരനെന്നും നാം പഠിച്ചു അറിഞ്ഞു മനസ്സിലാകിയിട്ടുണ്ടെങ്കില്‍  നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല. അപ്പോൾ ഈ കാണുന്ന പ്രപഞ്ചം അത് എങ്ങിനെ രൂപപെട്ടു, അതിനുള്ള കാരണക്കാരനാര് എന്നോക്കെ മനസ്സിലാക്കിയാൽ യഥാർത്ഥ സൃഷ്ടാവിനെ കണ്ടെത്താൻ കഴിയും.

പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹു  നമ്മോട് പറയുന്നു. ഒരു സൃഷ്ടി കർത്താവിനല്ലാതെ അടിസ്ഥാനമായി ഒരു സത്യം വെളിപ്പെടുത്താൻ കഴിയില്ല. നമ്മൾ വസിക്കുന്ന ഭൂമിയും അതിലെ മനുഷ്യന്റെ ബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്ത പല വസ്തുക്കളെ കുറിച്ചും ദൈവം ഖുര്‍ആനി ലൂടെ നമ്മോട് പറയുന്നു. ഭൂമിയുടെ രൂപവും മലകളുടെ നിർമ്മിതിയും ശുദ്ധ ജലവും ഉപ്പ് ജലവും കലരാതെ ഒഴുകുന്നതിനെ കുറിച്ചും അങ്ങിനെ ഈ ഭൂമുഖത്തുള്ള പല രഹസ്യ സ്വഭാവങ്ങളും അതിന്റെ സൃഷ്‌ടാവിനല്ലാതെ പറഞ്ഞുതരിക സാധ്യമല്ല. അങ്ങിനെ നാം ഈ പ്രപഞ്ചത്തെയും അതിന്റെ ഉത്ഭവവും നിർമ്മിതിയും കണ്ടെത്തുമ്പോൾ പ്രപഞ്ചത്തിലെ സൃഷ്ടി ചരാചരങ്ങളുടെ നാഥനേയും നാം കണ്ടെത്തുന്നു.

പ്രവർത്തിക്കാത്തത് പറയരുത്.



നമുക്ക് ചെയ്യാൻ കഴിയുന്നവ മാത്രമാണ്  അല്ലാഹു  നമ്മോട് ചെയ്യാനാവശ്യപ്പെടുന്നുള്ളു. ആയതിനാൽ നാം നമ്മുടെ കർമ്മങ്ങൾ ശരിയാം വണ്ണം നിർവഹിച്ചതിന്   ശേഷം മറ്റുള്ളവരിലേക്ക് ദഅവത്ത് എത്തിക്കണം. ചെയ്യാൻ കഴിയാത്ത വിശ്വാസ കർമ്മങ്ങൾ നിർവഹിക്കാനാണോ ഞങ്ങളെ ക്ഷണിക്കുന്നതെന്ന് ആരും ചോദിക്കാതിരിക്കണമെങ്കിൽ നാം നമ്മൾ വിശ്വസിച്ചത് ജീവിതത്തിൽ പ്രാവര്‍ത്തീകമാക്കി കാണിച്ച് കൊടുക്കണം.

പ്രവർത്തിക്കാത്തത് പറയരുത് എന്ന് അല്ലാഹു  നമ്മോട് ഖുര്‍ആനിലൂടെ പറയുന്നു.

ആരെങ്കിലും നമ്മളടങ്ങിയ ഒരു ഗ്രൂപ്പ് ഫോട്ടൊ എടുത്താൽ, അതിൽ നാം ആദ്യം നോക്കുക നമ്മുടെ ഫോട്ടോയിലേക്കാണ്. നമ്മുടെ ഫോട്ടോ നാം ഉദ്ദേശിച്ചരീതിയിലല്ല വന്നതെങ്കിൽ ഫോട്ടൊ നന്നായില്ലെന്ന് മാത്രമല്ല ഫോട്ടൊ എടുക്കാനറിയില്ലെന്ന് ഫോട്ടൊ എടുത്ത ആളെ പറ്റിയും പറയും. ഇനി നമ്മുടെ ഫോട്ടൊ നന്നായിവന്നാൽ മറ്റുള്ളവരുടെത് നന്നായിട്ടിലെങ്കിലും അത്ര സീരിയസായി നാം കാണില്ല. അപ്പോൾ നാം നമ്മുടെ മുഖത്തെ വല്ലാതെ ഇഷ്ടപെടുന്നു. അത് നന്നായി വൃത്തിയിൽ കൊണ്ട് നടക്കുക. മറ്റുള്ളവർ നമ്മുടെ മുഖം കണ്ട് കുറ്റം പറയരുത്. നമ്മുടെ മുഖം അത് കാണേണ്ട സ്ഥലങ്ങളിലെ കാണാൻ പാടുള്ളു. അതായത് മുഖം എന്നത് ഒരു ഐഡന്റിറ്റിയാണ്. അതിനാൽ നാം നമ്മുടെ മുഖത്തെ വേണ്ടരീതിയിൽ സൂക്ഷിച്ച് കറകളും വൃത്തികേടുകളും പറ്റാതെ മതമെന്ന ഫ്രെയിമിൽ സൂക്ഷികേണ്ടതുണ്ട്.

നമ്മുടെ മാതൃക പ്രവാചകന്‍ പ്രായോഗീകമാകിയ വിശുദ്ധ ഖുര്‍ആന്‍ ആണ് . ഖുര്‍ആന്‍ ശരിയാം വിധം പഠിച്ച് നാം അതിന്റെ സ്രോതസ്സുകളാവണം.

ഒരു വാട്ടര്‍ ടാങ്കില്‍ നിന്നെന്നപോലെ ആർക്കും വെള്ളം എപ്പോഴും കൊണ്ട് പോകാൻ കഴിയും വിധം നാം നമ്മുടെ ഖുര്‍ആനിലുള്ള അറിവ് വളർത്തിയെടുക്കണം. കുറച്ച് പേർവന്ന് കൊണ്ട് പോയാൽ തീരുന്നതാവരുത് നമ്മുടെ അറിവ്. കൂടുതൽ ആളുകൾ വന്നാലും സ്രോതസ്സ് കുറയരുത്. അങ്ങിനെ ആയാൽ നമ്മുടെ ദഅവത്ത് ഫലപ്രദമാവും. നാലല്ല നാല്പതാളുകൾ വന്ന് ചോദിച്ചാലും തന്റേടത്തോടെ ധൈര്യത്തോടെ പറയണമെങ്കിൽ നമ്മുടെ അടുക്കൽ അറിവെന്ന ആയുധം വേണം. ഉപകാര പ്രദമായ അറിവ് നേടുക എന്നത് ഒരോ വ്യക്തിയുടെയും  കടമയാണ്. അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക എന്നത് ബാധ്യതയും.

ആത്മാവിന് മരണമില്ല.



ആത്മാവിന് ശാന്തത ലഭിക്കണമെങ്കിൽ സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക.

വിശ്വസിച്ചു ബോധ്യപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക എന്നതാണ് ഏതൊരു വിശ്വാസിയുടെയും അതിപ്രധാനമായ ജോലി. നിങ്ങൾ പ്രവർത്തിക്കാത്തത് പറയരുത് എന്ന് അള്ളാഹു  നമ്മോട് പറയുന്നു.

ഒരിക്കൽ അള്ളാഹു  ആത്മാവിനെ സൃഷ്‌ടിച്ചു കഴിഞ്ഞാൽ പിന്നെ ആത്മാവിന് മരണമില്ല. ആത്മാവിന് ശാസ്ത്രീയമായ ഒരു നിർവചനവും നൽകാൻ മൻഷ്യന് ഇത് വരെ കഴിഞ്ഞിട്ടില്ല.

മരണത്തോടെ എന്താണ് ശരീരത്തിൽ നിന്നും പോകുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ആത്മാവ് എന്നാൽ ജീവനാണോ? ഒരു മനുഷ്യൻ മരിക്കുന്നത് ഭൗതിക ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പോകുന്നതോടെയാണ്. മരിച്ച് കഴിഞ്ഞ വ്യെക്തിയുടെ ശരീര അവയവങ്ങളിൽ നിന്ന് ജീവൻ പോകാൻ കുറച്ച് സമയമെടുക്കും അതുകൊണ്ടാണ് മരിച്ച വ്യെക്തിയുടെ അവയവങ്ങൾ നശിക്കുന്നതിന് മുമ്പ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്. ബ്രെയിൻ ഡെത്ത് സംഭവിച്ചാലും ഒരു ശരീരത്തെ കൃത്വിമ ശ്വാസം നൽകി വെന്റിലേറ്ററിൽ ശരീരത്തിന്റെ ജീവൻ നശിക്കാതെ ദിവസങ്ങളോളം സൂക്ഷിക്കാം. എന്നാൽ വെന്റിലേഷൻ മാറ്റുന്നതോടെ ശരീരത്തിന്റെ ജീവനും പോകുന്നു. ബ്രെയിൻ ഡെത്ത് സംഭവിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നതെന്ന് വേണം കരുതാൻ.

എവിടെയാണ് ആത്മാവ് നിലകൊള്ളുന്നതെന്ന് മനുഷ്യ ബുദ്ധികൊണ്ട് വിശകലനം ചെയ്യുക പ്രയാസമാണ്. പൊതുവായി മനുഷ്യൻ ഹൃദയത്തെ മനസ്സുമായി കൂട്ടിചേർക്കുന്നുണ്ട്. അത് കൊണ്ടാണ് കഠിന ഹൃദയം, ഹൃദയമില്ലാത്തവൻ തുടങ്ങിയ പ്രയോഗങ്ങൾ ചില മനുഷ്യരുടെ മാനസ്സിക നിലപാടിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കുന്നത് ആത്മാവാണ്. ഹൃദയം മാറ്റിവെച്ചവർ മാനസ്സികമായി മാറുന്നില്ല. ഇന്നലെ പഠിച്ചതും മനസ്സിലാക്കിയതും വിട്ട് പോകുന്നില്ല.

ജീവനല്ല ആത്മാവ് എന്ന് മനസ്സിലാക്കേണ്ടതാണ് . ആത്മാവിന് മനുഷ്യന്റെ ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളിൽ നിയന്ത്രണമില്ലെന്നുമാണ് ഈ വിഷയവുമായുള്ള പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഈ പ്രകൃതി നിയമങ്ങളെ പോലെ അല്ലാഹു പ്രോഗ്രാം ചെയ്ത രീതിയിൽ പ്രവർത്തിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസോഛോസത്തിന്റെയും പ്രവർത്തനത്തിൽ ഒരാൾക്കും പങ്കില്ല. അവയെ മനുഷ്യന് നിയന്ത്രണങ്ങൾക്കപ്പുറമാണ്. ശരീരത്തിലെ എല്ലാ ഓർഗൻസും അതിന്റെ ജോലി പ്രോഗ്രാം ചെയ്ത രൂപത്തിൽ പണിമുടക്കാതെ നിർവഹിക്കുന്നു. എന്നാൽ മനുഷ്യന്റെ പ്രവൃർത്തി ആത്മാവുമായാണ് ബന്ധപെട്ട് കിടക്കുന്നത്. അത് കൊണ്ടാണ് മരിച്ചുകഴിഞ്ഞാൽ നമ്മുടെ ചെയ്തികൾ ചോദ്യപെടുമെന്നും അതിൽ വിശേഷ ബുദ്ധിയില്ലാത്തവർ ഒഴിവാകുമെന്നും പറയുന്നത്.

തലച്ചോറിലെ പല ലോബുകൾ പല ശാരീരായവങ്ങളെ നിയന്ത്രിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ മറ്റു ജീവികളിലും അതിന്റെതായ രീതിയിൽ നടക്കുന്നു.

മനുഷ്യ തൽച്ചോറിലെ നെർവ് സിസ്റ്റത്തിലെ പ്രധാന ഭാഗം ഉപയോഗപെടുത്തുന്നത് വിശേഷ ബുദ്ധിയും ഈ വിശേഷ ബുദ്ധിയെ കൺട്രോൾ ചെയ്യുന്നത് ആത്മാവുമാണെന്ന് അനുമാനിക്കാം. ജന്തുജാലങ്ങൾക്ക് നിയമ നിർദ്ദേശങ്ങളില്ല. അവയെ നിയന്ത്രിക്കുന്നത് ആത്മാവല്ല. മറിച്ച് സൃഷ്ടിപ്പിൽ തന്നെ അല്ലാഹു ചെയ്തു വെച്ച ജെനെറ്റിക് ഇൻഫർമേഷനുകളിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പരിമിതമായ ബുദ്ധിയുപയോഗിച്ച് അവ ജീവിക്കുന്നു.

ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം തലച്ചോറിനാൽ ബന്ധപെട്ടുകിടക്കുന്നു. ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുന്നവനും ശാരീരികമായി ജോലി ചെയ്യുന്നവനും ക്ഷീണം വരുന്നു. ക്ഷീണം ഇല്ലാതാക്കാനാണ് ഉറക്കം. ഉറക്കത്തിൽ ശരീരം നിശ്ചലമാകുന്നില്ല. ശരീരത്തിന് ജീവനുണ്ട്, അതുകൊണ്ട് തന്നെ അത് പ്രോഗ്രാം ചെയ്തത് പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഉറക്കത്തിൽ ആത്മാവിനെ അല്ലാഹു ശരീരത്തിൽ നിന്നും ഉയർത്തുന്നു, അത് തിരിച്ച് നൽകുന്നതോടെ മനുഷ്യൻ ഉണരുന്നു. ഉണരാതെ മരിച്ച് പോകുന്ന ആളുകളുണ്ട്,.

വേദനയും സുഖവുമെല്ലാം ശരീരത്തിന്റെ ഗുണങ്ങളാണ്. ശാരീരികമായ സുഖവും അസ്വസ്ഥതയും ബുദ്ധിയെ അറിയിക്കുന്നത് ചർമ്മാണ്.

വിശേഷ ബുദ്ധിയില്ലാത്തവർക്കും ജന്തുജാ‍ലങ്ങൾക്കും വേദന സുഖം വികാരങ്ങൾ എന്നിവയൊക്കെയുണ്ട്. അപ്പോൾ വേദന, സുഖം വികാരം എന്നിവ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് കിടക്കുന്നു.

തലച്ചോറിന്റെ എല്ലാ പ്രവർത്തനവും ആത്മാവിന്റെ നിയന്ത്രണത്തിലല്ല. മറിച്ച് വിശേഷ ബുദ്ധി എന്ന് പറയുന്നത് മാത്രമെ ആത്മാവിന്റെ നിയന്ത്രണത്തിലുള്ളു. ഈ വിശേഷ ബുദ്ധിയെയാണ് മനുഷ്യന് ഉപയോഗപെടുത്താൻ കഴിയുന്നത്.

വിശേഷ ബുദ്ധിയെ നിയന്ത്രിക്കുന്നത് ആത്മാവാണ്. മനുഷ്യന് അവന്റെ ചുറ്റുപാടുകളെ മനസ്സിലാക്കുന്നതും അതിനനുസരിച്ച് ജീവിക്കുന്നതിനും സഹായിക്കുന്നത് ഈ വിശേഷ ബുദ്ധിയാണ്.

ജെനെറ്റിക് കോഡിങ് ആഗ്രഹ വിചാരങ്ങല്‍ക്കനുസരിച്ചു മാറ്റങ്ങൾക്ക് വിധേയമല്ലാത്തതാണ്. ഇനി ബാഹ്യമായ മാറ്റങ്ങൾ സംഭവിച്ചാൽ രോഗമായോ വൈകല്ല്യമായോ ശരീരത്തിൽ പ്രത്യക്ഷപെടുന്നു. ഈ ജെനെറ്റിക് മാറ്റങ്ങളെ തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കാൻ ഡി.എൻ.എ റിപയർ എൻസൈമുകൾ ഉപയോഗപെടുത്തുന്നു. എന്നാൽ വിശേഷ ബുദ്ധിയിലുള്ള കോഡിങ് ഇങ്ങിനെയല്ല. അത് ആത്മാവിന്റെ നിയന്ത്രണത്തിലാണ്. ആത്മാവ് എങ്ങിനെയാണ് വിഷയം മനസ്സിലാകുന്നതും കൈകാര്യം ചെയ്യുന്നതും അതിനനുസരിച്ചുള്ള പ്രവർത്തനമാണ് വിശേഷ ബുദ്ധി നടത്തുന്നത്. വിശേഷ ബുദ്ധിക്ക് ഏതെങ്കിലും രീതിയിൽ തകരാറു സംഭവിച്ചാൽ ആത്മാവിന്റെ പ്രവർത്തനം തകരാറിലാകും.

ബാഹ്യമായ അപകടങ്ങൾ പോലുള്ളവ കാരണം തകരാറ് സംഭവിക്കുന്നത് ആത്മാവിനല്ല, ആത്മാവിനാൽ പ്രവർത്തിക്കപെടുന്ന വിശേഷ ബുദ്ധിയെയാണ്. അതിനാൽ തന്നെ വിശേഷ ബുദ്ധി തകരാറിലായവരും വിശേഷ ബുദ്ധി വികസിക്കാത്തവരും (കുട്ടികൾ) മരണാന്തരം ചോദ്യംചെയ്യപെടുകയില്ല എന്ന് പറയുന്നത്.

ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവിന് ഇൻഫർമേഷൻസ് സ്വീകരിക്കാനുള്ള മീഡിയ കാതുകളും കണ്ണുകളും മാത്രമാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ കേൾവിയേയും കാഴ്ച്ചയേയും ഹൃദയവുമായി ബന്ധപെടുത്തി നിരവധി ആയത്തുകളിൽ പ്രസ്താവിച്ചത്

ബുദ്ധി തകരാറിലായത് പോലെ തന്നെയാണ് കേൾവിശക്തിയും കാഴ്ച്ചശക്തിയും ഒന്നിച്ച് നഷ്ടപെട്ടാലുള്ള അവസ്ഥ. ആത്മാവിലേക്ക് ഉദ്ബോധകമായ ഒന്നും പ്രവേശിക്കാൻ മാർഗമില്ല.

കേട്ടതും കണ്ടതും ഹൃദയത്തിലുള്ളത്കൊണ്ട് (ആത്മാവ്) മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കുക എന്നതാണ് നമ്മുടെ ധർമ്മം.

മനുഷ്യ മനസ്സിന് സ്ഥിരതയില്ല. ഏത് തര മാറ്റങ്ങൾക്കും വിധേയമാകാം. നല്ല മുനുഷ്യൻ പെട്ടെന്ന് ചീത്തയാകാം, ചീത്ത മനുഷ്യൻ നല്ലവനുമാകാം. മുൻവിധിയോടെ സ്വന്തം തീരുമാനമോ കൂടാതെ ഇതെല്ലാം സംഭവിക്കാം ചുരുക്കത്തിൽ ആത്മാവിന്റെ പൂർണ്ണ നിയന്ത്രണം അല്ലാഹുവിങ്കലാകുന്നു.

ജീവന്റെ സൃഷ്ടിപ്പും ആത്മാവിന്റെ സൃഷ്ടിപ്പിനെ പോലെ തന്നെ, എങ്ങിനെയാണ് ജീവനുണ്ടാവുന്നതെന്ന് മനുഷ്യ ബുദ്ധിക്ക് ഊഹിക്കാൻപോലും കഴിയാത്ത വിഷയമാണ്.

ഇബ്രാഹീം (അ) ദൃഡമായി വിശ്വസിച്ചതിനെ മനസ്സിൽ കണ്ടുറപ്പിക്കാനായി എങ്ങിനെയാണ് ജീവൻ നൽകുക എന്ന് അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു, നാലു പക്ഷികളെ വശപെടുത്തി കൊണ്ടുവന്ന് കഷ്ണങ്ങളാക്കി ഒരൊ അംശവും ഒരോ മലകളിൽ കൊണ്ട് വെക്കുക എന്നീട്ട് അവയെ വിളിക്കാനും പറഞ്ഞു, അതനുസരിച്ച് കഷ്‌ണങ്ങളായി മാറ്റപെട്ടവ ജീവൻ പൂണ്ട് ഓടിവരുന്നത് നിനക്ക് കാണാം (വി:ഖുർആൻ 1:260). അങ്ങിനെ പക്ഷികളെ ഇബ്രാഹീം(അ) മിലേക്ക് പറന്നടുപ്പിക്കുകയും ചെയ്തു. ഇവിടെ എങ്ങിനെയാണ് കഷ്ണങ്ങളായവ ഒന്നായതെന്നും അതിലേക്ക് ജീവൻ എങ്ങിനെ വന്ന് ചേർന്നുവെന്നു അല്ലാഹു കാണിച്ച് കൊടുക്കുന്നില്ല. എന്നാൽ അവ സംഭവിക്കുമെന്നത് കാണിച്ച് കൊടുത്തു.

ഒരുമിച്ച് കൂട്ടപെടുന്നതും ജീവൻ നൽകുന്നതും പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉൾകൊള്ളുവാൻ സാധിക്കുന്നവയല്ല.

കമ്പ്യൂട്ടറിൽ ഏത് ഓപറേറ്റിങ് സിസ്റ്റമാണ് ഇൻസ്റ്റാൾ ചെയ്തത്, അതിനനുസരിച്ച് ആ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ഈ കമ്പ്യൂട്ടറിനെ വേണ്ട ഏറ്റവും നല്ല ഓപറേറ്റിങ് സിസ്റ്റം ഏതാണെന്ന് മറ്റാരെക്കാളും അതിന്റെ നിർമ്മാതാവിനാണറിയുക.എന്നതുപോലെ മനുഷ്യന്റെ ആതീയവും സാമൂഹീകവുമായ ശരിയായ ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒപെരെടിംഗ് സിസ്ടമാണ് ഈ പ്രപഞ്ചം . ആയതിനാൽ തന്നെ, ആത്മാവ് , ശരീരം , മനസ്സ് , ചിന്ത , ബുദ്ധി , ആഗ്രഹം , വിചാരം , ഇവയെല്ലാമടങ്ങിയ ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌ വെയറാണ്‌ ഖുര്‍ആന്‍ അതായത് അല്ലാഹുവിന്റെ - വചനങ്ങള്‍, സംസാരം , ഉത്ഭോധനം , സുവിസേശം - എന്നെല്ലാം ഇതിനെ നിര്‍വചിക്കാം .അല്ലാഹു പ്രവാചകന്മാർ വഴി ഓരോ കാലഘട്ടത്തിനനുസരിച്ചുള്ള നവീകരിച്ച ഓപറേറ്റിങ് സിസ്റ്റം മനുഷ്യന് നൽകിയിട്ടുണ്ട്. പ്രവാചകന്മാർ ഈ സിസ്റ്റം എങ്ങിനെ ഫലവത്തായി ഉപയോഗിക്കാം എന്ന് ജീവിച്ച് കാണിച്ചുതന്നിട്ടുമുണ്ട് .

നമുക്ക് ലഭിച്ച അനുഗ്രഹമാണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കി അതിനെ നാം കുറ്റമറ്റാതാക്കി നിർത്തിയാൽ നാം വിജയിച്ചു. വൈറസുകൾ ഏത് രീതിയിലും അക്രമിക്കാം. നാം എല്ലാഴ്പ്പോഴും നമ്മുടെ സിസ്റ്റം ശരിപെടുത്തേണ്ടത് ഖുർആനും അത് പ്രാവര്‍ത്തീകമാക്കിയ നബിയുടെ മാതൃക മനസ്സിലാക്കി  ഉപയോഗപെടു ത്തുകയാണ്. എന്നാൽ നമ്മുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാകും, നാം വിജയികളിൽ പെടുകയും ചെയ്യും. ഇന്ഷാഅള്ളാ:

പൈശാചികത പിറവിയെടുക്കില്ല.



പ്രത്യക്ഷത്തില്‍ പിശാച്‌ മനുഷ്യനോടു അക്രമം ചെയ്യുമെന്നല്ല അശ്രദ്ധരായി ജീവിക്കുന്നവരുടെ ചിന്തയെ കീഴ്‌പ്പെടുത്താന്‍ പിശാചിനു കഴിയുമെന്നാണ്‌ നാം മനസ്സിലാക്കേണ്ടത്. മനുഷ്യനെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ പിശാചിനാകില്ലെന്ന സത്യം ഖുര്‍ആനിലെ വചനങ്ങളില്‍ വ്യക്തമാണ്‌: പിശാചിന്റെ അധികാരം മനുഷ്യഹൃദയത്തിലെ ദുര്‍ബോധനത്തിലും വഞ്ചനയിലും പരിമിതമാണെന്നു ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു .

തന്ത്രവും അതിലൂടെ വഞ്ചനയുമാണ്‌ മനുഷ്യനെ വശീകരിക്കാനുള്ള പിശാചിന്റെ ആയുധം. അതിലപ്പുറം ജിന്നുവര്‍ഗത്തില്‍ പെട്ട പിശാചിന്‌ യാതൊരു കഴിവുമില്ല.

പിശാച്‌ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന ചിന്ത വിശ്വാസികളില്‍ മാത്രമല്ല അപകീര്‍ത്തിയുണ്ടാക്കുക. അതിപുരോഗതി കൈവരിച്ച ഇക്കാലത്ത്‌ മനുഷ്യര്‍ക്കുതന്നെ  അവമതിപ്പുണ്ടാക്കാനും സാധാരണക്കാരുടെ  ഈമാന്‍ അപായപ്പെടുത്താനും ഇത്തരം കെട്ടുകഥകള്‍ ഇടവരുത്തും.

നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാറാണ്‌ ബോധക്ഷയത്തിലെത്തിക്കുന്നതെന്ന്‌ വൈദ്യശാസ്‌ത്രം സ്ഥിരപ്പെടുത്തുന്നു. ഔഷധം കൊണ്ടു ചികിത്സിക്കേണ്ട ഈ രോഗത്തെ ഊഹത്തില്‍ പൊതിയുകയാണു ചിലര്‍ ചെയ്യുന്നത്‌.

നിശ്ചയം പിശാച്‌ മനുഷ്യന്റെ രക്തത്തിലൂടെ സഞ്ചരിക്കും. ( രക്തത്തിലെ പിശാചിന്റെ സാന്നിധ്യത്തെ കുറിച്ചു പറയുന്നത്  ഭാഷയിലെ ആലങ്കാരിക പ്രയോഗമാണ്‌. ) നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ മോശമായ ചിന്തയിടുന്നു  അല്ലെങ്കില്‍ എന്തെങ്കിലും തിന്മ.

ജിന്നിനെ ആരെങ്കിലും കണ്ടുവെന്ന്‌ അവകാശപ്പെട്ടാല്‍ അവന്റെ സാക്ഷ്യം സ്വീകരിക്കരുത്. കാരണം അത്തരം അവകാശവാദം ഖുര്‍ആനിനു വിരുദ്ധമാണ്‌.

പിശാച്‌ ദുര്‍ബോധനം നടത്തുന്നുണ്ടെന്ന വസ്‌തുത ഖുര്‍ആന്‍ നിഷേധിക്കുന്നില്ല. ജിന്നിനെ ആരെങ്കിലും കണ്ടുവെന്ന്‌ അവകാശപ്പെട്ടാല്‍ അവന്റെ സാക്ഷ്യം സ്വീകരിക്കരുത്.  തീര്‍ച്ചയായും അത്‌ അധര്‍മമാണ്‌. നിങ്ങളോട്‌ തര്‍ക്കിക്കാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ ദുര്‍ബോധനം നല്‌കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കു ചേര്‍ക്കുന്നവരായിപ്പോകും.

പിശാചിന്റെ ബോധനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അവന്റെ അനുയായികളുടെ ഹൃദയങ്ങളില്‍ മോശമായ വികാരങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ പരിമിതമാണ്.

തീര്‍ച്ചയായും അല്ലാഹു  തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. ദൃഢവിശ്വാസത്തോടെ പിശാചില്‍ നിന്നു അല്ലാഹുവിനോടു രക്ഷതേടുന്നതോടെ മുഴുവന്‍ പൈശാചിക തിന്മകളും നീങ്ങും.

മനുഷ്യന് ജടവസ്തുവായ സൃഷ്ടിയായി പിശാച്‌ ബാധിച്ചതായി അവകാശപ്പെടുന്നവര്‍ ചികിത്സക്കായി ദജ്ജാലുകളെ സമീപിക്കുന്നതിനു പകരം ഭിഷഗ്വരന്മാരെ സന്ദര്‍ശിക്കുകയാണു വേണ്ടതു.

ഒരു യഥാര്‍ത്ത ദൈവവിശ്വാസിയുടെ  ശരീരത്തില്‍ ജിന്നു പ്രവേശിക്കുകയോ അധികാരം ചെലുത്തുകയോ ചെയ്യുന്നില്ല. അവന്റെ അധീശത്വം ദുര്‍മന്ത്രണത്തിലും വഴികേടിലാക്കലിലും മാത്രമാണ്‌.

അല്ലാഹുവിലുള്ള വിശ്വാസം സുദൃഢവും യാഥാര്‍ഥ്യവുമായിരിക്കണം. ചിലര്‍ ഇറക്കുമതി ചെയ്യുന്ന കെട്ടുകഥകള്‍ സ്‌പര്‍ശിക്കാത്ത സ്വതന്ത്രചിന്ത വേണം എന്നുമാത്രം. അല്ലാഹുവിന്റെ ഔദാര്യത്തിലും അപാരമായ അനുഗ്രഹങ്ങളിലും പെട്ടതാണ്‌ ഒരുവന്റെ ജീവിതവും മരണവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ആരാധനയിലും അനുസരണത്തിലും ആത്മാര്‍ഥത പുലര്‍ത്തുക എന്നത്‌.

ഭക്തിയോടും സദാചാരത്തോടും കൂടി ബാധ്യതകള്‍ നിര്‍വഹിക്കുന്നുവെങ്കില്‍ പൈശാചികത പിറവിയെടുക്കില്ല.

പാപങ്ങളെ അലങ്കാരമാക്കി പ്രലോഭിപ്പിച്ചു മനുഷ്യനെ കുടുക്കാനുള്ള പിശാചിന്റെ നിതാന്ത ശ്രമം ആത്മാര്‍ഥതയോടെ ആരാധനകള്‍ നിര്‍വഹിക്കുന്ന വിശ്വാസികളില്‍ വിലപ്പോകില്ല.

പിശാചിനെ പിന്‍പറ്റുന്നവര്‍ക്ക്‌ മാത്രമാണ്‌ വഴികേടും അതിലൂടെ നരകവും ലഭിക്കുക.

മനുഷ്യനില്‍ മാര്‍ഗഭ്രംശം വരുത്താനും ആശയക്കുഴപ്പമുണ്ടാക്കാനും ജിന്നുകളിലും മനുഷ്യരിലും ഉള്‍പ്പെട്ട പിശാചുക്കള്‍ എല്ലാ സ്ഥലങ്ങളിലും വിഹരിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുകയാണു പ്രഥമ പടി. യാതൊരു അടിസ്ഥാനവുമില്ലാത്ത കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും അഭിരമിക്കുന്നതിനു പകരം സുരിക്ഷിതത്വം നല്‌കുന്ന സിറാത്വുല്‍ മുസ്‌തഖീം - ഖുര്‍ആന്‍ -അനുധാവനം ചെയ്യുകയാണ്‌ വേണ്ടത്‌.