Tuesday, 25 September 2012

മനുഷ്യന്റെ കടന്നാക്രമണം.



തന്റെമാത്രം പ്രശ്‌നങ്ങള്‍ കാണാന്‍ താല്‍പര്യമുള്ള ഓരോരുത്തരും അവ ഒന്നുചേരുന്ന വലിയൊരു പ്രശ്‌നപരിസരത്തെക്കുറിച്ച് അവബോധമില്ലാതിരിക്കയോ അതിനോടു സഹിഷ്ണുത കാട്ടാതിരിക്കുകയോ ചെയ്യുന്നു.

ഇന്ന് കാണുന്ന വിപത്തുകള്‍ അനുമാനിക്കാന്‍ പൊതുജനങ്ങളോടാണ് ആവശ്യപ്പെടുന്നത്. ഇന്നത്തെ പാതയിലൂടെ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് പൊതുജനം തീരുമാനിക്കണം. അതാകട്ടെ  ഈ പ്രകൃതിയിലെ മുഴുവന്‍വസ്തുതകളുടെയും സഹകരണമുണ്ടെങ്കിലേ സാധ്യമാകൂ.

ഇന്നത്തെ ഈ സാര്‍വ്വലൗകിക പരിസ്ഥിതി മലിനീകരണത്തില്‍ ലോകത്തിന്റെതന്നെ സ്വഭാവംമാറ്റുന്ന—പോരാ, ജീവന്റെതന്നെ സ്വഭാവം മാറുന്ന വികിരണത്തിന്റെ കുടിലവും തിരിച്ചറിയപ്പെടാതെ പോകുന്നതുമായ പങ്കാളികള്‍ രാസവസ്തുക്കളാണ്.

പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണം ഏറ്റവും ഭീതിജനകമായ രീതിയില്‍ പ്രത്യക്ഷപ്പെടുന്നത് വായു, ഭൂമി, പുഴകള്‍, കടല്‍ എന്നിവയെ അപകടകാരികളും മാരകങ്ങളുമായ വസ്തുക്കള്‍കൊണ്ടു മലിനപ്പെടുത്തി ക്കൊണ്ടാണ് , ഈ മലിനീകരണത്തിന്റെ ഭൂരിഭാഗവും വീണ്ടെടുക്കാവുന്ന രീതിയിലല്ല; അത് തുടക്കമിടുന്ന വിനാശത്തിന്റെ ശൃംഖല ജീവനെ പിന്താങ്ങുന്ന ലോകത്തുമാത്രമല്ല സജീവമായ കോശങ്ങളില്‍കൂടിയാണ്.

വിളനിലങ്ങളിലും കാടുകളിലും തോട്ടങ്ങളിലും തളിക്കുന്ന രാസവസ്തുക്കള്‍ മണ്ണില്‍ ദീര്‍ഘനാള്‍തങ്ങി സചേതനജീവികളില്‍ കടന്ന് ഒന്നില്‍നിന്നു മറ്റൊന്നിലേക്കു പകര്‍ന്നു വിഷപ്പെടുത്തലിന്റെയും മരണത്തിന്റെയും ഒരു ചങ്ങലയായി മാറുന്നു.

അണുവിസ്‌ഫോടനത്തിലൂടെ വായുവിലേക്കു പുറന്തള്ളപ്പെടുന്ന അണുവികിരണം കാറ്റിന്റെയും സൂര്യപ്രകാശത്തിന്റെയും രാസവിദ്യയിലൂടെ പുതിയരൂപം കൈക്കൊണ്ട് സസ്യവര്‍ഗ്ഗങ്ങളെ കൊല്ലുകയും കന്നുകാലികളെ ക്ഷയപ്പെടുത്തുകയും ഒരുകാലത്ത് നിര്‍മ്മലമായിരുന്ന കിണറുകളിലെ വെള്ളം കുടിക്കുന്നവരെ ഹാനികരമാംവണ്ണം ബാധിക്കുകയും ചെയ്യുന്നു.

വൈവിധ്യപൂര്‍ണ്ണവും വികസിതവും പ്രയോജന വിധേയവുമായ ഈ ജീവിത സാഹചര്യങ്ങള്‍   അതിന്റെ ചുറ്റുപാടുകളുമായി ചേര്‍ന്ന് ക്രമപ്പെടുത്തലിന്റെയും സന്തുലനത്തിന്റെയുമായ ഒരവസ്ഥയിലെത്തിച്ചേര്‍ന്നത് ദീര്‍ഘകാലംകൊണ്ടാണ്.

ഇപ്പോള്‍ ലോകവ്യാപകമായി കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, കാടുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന യുക്തിപൂര്‍വ്വം തിരഞ്ഞെടുക്കാത്ത രാസവസ്തുക്കള്‍ക്ക് ‘നല്ലത്’, ‘ചീത്ത’ എന്നു വേര്‍തിരിവില്ലാതെ എല്ലാത്തരം ഷഡ്പദങ്ങളെയും കൊല്ലാന്‍ കഴിയും. പക്ഷികളുടെ സംഗീതവും അരുവിയിലെ മീനിന്റെ കുതിച്ചുചാട്ടവും നിശ്ചലമാക്കാന്‍ കഴിയും. ഇലകളില്‍ മാരകമായ ഒരുതരം പാട ഉണ്ടാക്കാനും  മണ്ണില്‍ ഏറെക്കാലം തങ്ങിനില്‍ക്കാനുംകഴിയും. വിഷത്തിന്റെ കൂമ്പാരങ്ങള്‍ ഭൂമുഖത്തു കുന്നുകൂടുന്നത് ജീവിതത്തിന് ഹാനികരമല്ലാത്തവിധമായിരിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അവയെ ‘കീടനാശിനി’കളെന്നല്ല ‘ജീവനാശിനി’കളെന്നാണു വിളിക്കേണ്ടത്.

പ്രകൃതിയില്‍ പ്രയോഗിക്കുന്ന രാസയുദ്ധം ഒരിക്കലും വിജയിക്കുന്നില്ലെന്നു മാത്രമല്ല എല്ലാ ജീവിതങ്ങളും അതിന്റെ പ്രക്ഷുബ്ധമായ ആക്രമണത്തിന് ഇരയാകുകയും ചെയ്യുന്നു.

No comments:

Post a Comment