ഐക്യപ്പെടുക അല്ലെങ്കില്‍
നശിക്കുക. അനൈക്യത്തിന്റെ വിത്തുവിതക്കുന്നവര്‍ അവനവനെ തന്നെ നശിപ്പിക്കുന്ന വിഷവിത്താണ്
പാകുന്നത്.
അഭിപ്രായ ഭിന്നത മനുഷ്യ
സഹജമാണ്. മനുഷ്യ പ്രകൃതിയില്‍ സ്രഷ്ടാവ് കനിഞ്ഞേകിയ നന്മയാണ് വൈവിധ്യം. വര്‍ണത്തിലും
ഭാഷയിലും വേഷത്തിലും എന്നപോലെ അറിവിലും ചിന്തയിലും അതുണ്ടാവുക സ്വാഭാവികമാണ്. അവയത്രയും
വിശാല മനസ്സോടെ ഉള്‍ക്കൊള്ളാനും നന്മക്കുവേണ്ടി പ്രയോജനപ്പെടുത്താനും, മനസ്സുവെച്ചാല്‍
ഇന്നത്തെ ദുരന്തം നാളത്തെ പുരോഗതിയുടെയും വളര്‍ച്ചയുടെയും പടവുകളാക്കി മാറ്റാനും കഴിയും.
ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധികള്‍
തങ്ങള്‍ മാത്രമാണ്, തങ്ങള്‍ പറയുന്നതു മാത്രമാണ് ശരി എന്നു എല്ലാവരും ശഠിക്കുന്നു.
ഇസ്‌ലാം വിശാലമാണെന്നും അതു ചിന്താവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രവാചകന്റെയും
സ്വഹാബാക്കളുടെയും കാലം മുതലേ എക്കാലത്തും അതുണ്ടായിരുന്നുവെന്നും, തങ്ങള്‍ക്ക് തെറ്റുപറ്റാമെന്നും,
മറ്റുള്ളവര്‍ പറയുന്നതില്‍ ശരിയുണ്ടാകാമെന്നും കാണാന്‍ മാത്രം കണ്ണിനു തെളിച്ചമുണ്ടായാല്‍
ഭിന്നതകളെ ലഘൂകരിക്കാനും വിയോജിപ്പുകളുടേതിലേറെ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താനും
കഴിയും.
ഇസ്‌ലാമിക പാരമ്പര്യത്തിലും
വൈജ്ഞാനിക രംഗത്തും ദീനീ പ്രവര്‍ത്തനമേഖലകളിലും സാമ്രാജ്യത്വത്തിനെതിരിലുള്ള പോരാട്ടത്തിലും
മായാത്ത മുദ്രകള്‍ പതിപ്പിച്ച മലയാളി മുസ്‌ലിംകള്‍ ലോക ഇസ്‌ലാമിക സമൂഹത്തില്‍ ഒട്ടേറെ
സവിശേഷതകളുള്ളവരാണ്.
ഇസ്‌ലാം ഇവിടെ കടന്നുവന്ന
സാമൂഹിക സാഹചര്യവും അക്കാലത്തെ ഇസ്‌ലാമിക പ്രബോധകര്‍ നിര്‍വഹിച്ച മഹത്തായ സേവനങ്ങളുമാണ്
ഗണ്യമായ മുസ്‌ലിം സാന്നിധ്യത്തിന്റെ പ്രധാന കാരണം.
വൈജ്ഞാനിക രംഗത്താകട്ടെ,
പുരാതന കാലം മുതല്‍ക്കേ ലോകത്തിലങ്ങോളമിങ്ങോളം
പ്രഫുല്ലമായി നിലനിന്ന അനേകം ദര്‍സുകള്‍, അതിലൂടെ വളര്‍ന്നുവന്ന് ആഗോള തലത്തില്‍ തന്നെ
ശോഭിച്ച പണ്ഡിതന്മാര്‍, അവരുടെ വൈജ്ഞാനിക സംഭാവനകള്‍ എന്നിവ വേറിട്ടു നില്‍ക്കുന്നു.
ദീനീപ്രബോധനരംഗത്ത് ആഫ്രിക്കയിലും
യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തും നിസ്തുല സേവനങ്ങള്‍
അര്‍പ്പിച്ചു പോന്നവരും, ഇപ്പോഴും സേവനമര്‍പ്പിക്കുന്നവരുമായി അനേകം പേരുണ്ട്. സാമ്രാജ്യത്വത്തിനെതിരിലുള്ള
പോരാട്ടത്തില്‍ ലോകത്തിലെ
മുസ്‌ലിം പണ്ഡിതന്മാരും സമുദായവും വഹിച്ച പങ്ക് ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്.
ഊര്‍ജസ്വലമായി ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു
വിഭാഗവും ലോകത്ത് ഇല്ല എന്നാണ്. അതിനുമാത്രം സജീവവും ചലനാത്മകവുമാണ് നമ്മുടെ ദീനീരംഗം.
ശാസ്ത്രത്തിന്റെ പേരില്‍ ദൈവാസ്തിത്വത്തെ നിഷേധിക്കാനും പദാര്‍ഥവാദത്തെ
അരക്കിട്ടുറപ്പിക്കാനും ആഗോളതലത്തില്‍ വമ്പിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഏറെ നന്മയും മഹത്വവും പൈതൃകമായുള്ള,
ഊര്‍ജസ്വലരും കര്‍മോത്സുകരുമായ മുസ്‌ലിംകള്‍ക്ക് സമുദായത്തിന്റെയും സംസ്ഥാനത്തിന്റെയും
ഭാവി കെട്ടിപ്പടുക്കുന്നതില്‍ മറ്റാരേക്കാളുമേറെ പങ്കുവഹിക്കാന്‍ കഴിയും.
പുറത്തു നിന്നുള്ള ശത്രുക്കളേക്കാള്‍
ഏറെ ഇസ്‌ലാമിക സമൂഹത്തിന്റെ നാശത്തിനു നിമിത്തമായത് സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യമാണ്.
ലോകത്തിലെ വന്‍ സാമ്രാജ്യങ്ങളുടെയും ചരിത്രത്തില്‍ വമ്പിച്ച മുന്നേറ്റങ്ങള്‍ നടത്തിയ
ജനപഥങ്ങളുടെയും ചരിത്രം അതാണ് നമ്മോടു പറയുന്നത്. 'ഐകമത്യം മഹാബലം' എന്ന ചൊല്ല് ഓര്‍ക്കുക.
എക്കാലത്തെയും അനിഷേധ്യ യാഥാര്‍ഥ്യമാണത്.
അണികളില്‍ തീവ്രതയുടെ വിത്തു വിതച്ചവര്‍ക്ക് ഒടുവില്‍ സ്വന്തം സംഘടനക്കകത്ത്
അതു തന്നെ കൊയ്യേണ്ടി വരുന്നു. അല്ലെങ്കില്‍ ഒരേ ആദര്‍ശവും ഒരേ ലക്ഷ്യവും മുന്നില്‍
വെക്കുന്നവര്‍ എന്തുകൊണ്ട് തുണ്ടംതുണ്ടമാവുന്നു.
ശത്രുക്കള്‍ കൈകോര്‍ത്തിരിക്കുന്നു.
സാമ്രാജ്യത്വമെന്നപോലെ വര്‍ഗീയ ഫാഷിസവും. പുറമെ അനേകം സംഘങ്ങളാണെങ്കിലും അകമേ ഒറ്റപ്പരിവാറായി
കൈകോര്‍ത്തു നില്‍ക്കുന്നു. ഒരൊറ്റ അജണ്ടയേ അവര്‍ക്കുള്ളൂ, ധനസംബാധനവും
സുഖലോലുപതയും.
ഇസ്‌ലാമിക സമൂഹവും അതിന്റെ നേതൃത്വവും ഈ രാജ്യത്ത് നമുക്ക് നിര്‍വഹിക്കാനുള്ള
റോള്‍ എന്ത് എന്ന് ആലോചിക്കേണ്ടതുണ്ട്. ചായക്കോപ്പയിലെ കൊടുങ്കാറ്റില്‍ മുങ്ങിച്ചാവാനുള്ള
ഈച്ചകള്‍ മാത്രമാവണമോ അതോ, നമ്മുടെ ദിശാബോധത്തെപ്പറ്റി ഒരുനിമിഷം ആലോചിക്കേണ്ടതില്ലേ?
ഈ പോക്ക് എവിടം വരെയാണ്?
സ്വന്തം നിലനില്‍പ്പിനെ
ഓര്‍ത്തെങ്കിലും നമുക്ക് ഐക്യപ്പെടാന്‍ സാധിക്കേണ്ടേ. സ്വന്തം നിലനില്‍പ്പ് സ്വയമേവ
ലക്ഷ്യമേ അല്ല. എങ്കില്‍കൂടി നമ്മെക്കുറിച്ച് സൃഷ്ടാവ് വിശേഷിപ്പിച്ചതും നാം അഭിമാനപൂര്‍വം
അവകാശപ്പെടുന്നതും മാനവരാശിക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹം
എന്നാണ്.
തര്‍ബിയത്തും തസ്‌കിയത്തും
കൊടുത്ത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പടയണിയുണ്ടാക്കണം. ഭിന്നിപ്പിനും ശൈഥില്യത്തിനും
ഇരയായി തകര്‍ന്നു കൊണ്ടിരിക്കുന്ന സമുദായത്തെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും സല്‍പന്ഥാവിലേക്ക്
വഴി നടത്തണം. രാജ്യത്തെ ഭിന്നമത സമൂഹങ്ങളുടെ തെറ്റുധാരണകള്‍ നീക്കി അവരോടൊപ്പം സഹോദരന്മാരെന്ന
നിലക്ക് പെരുമാറാനും, ദീനുല്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം അവര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കാനും
കഴിയണം. ഇസ്‌ലാമിക പഠനഗവേഷണ രംഗത്ത്, കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി മുന്നേറാന്‍
നമ്മുടെ യുവതലമുറയെ സഹായിക്കുന്ന സര്‍വവിധ സന്നാഹങ്ങളോടു കൂടിയ പഠനഗവേഷണ കേന്ദ്രങ്ങള്‍
ഉണ്ടാവണം. എന്നുള്ളത് മാറ്റത്തിനുള്ള മുന്നുപാതികളാണ് .
ദീനിനെയും പ്രവാചകനെയും
അവമതിക്കാനും, പഴഞ്ചനും പ്രാകൃതനുമാക്കി ചിത്രീകരിക്കാനും കൊണ്ടുപിടിച്ച നീക്കങ്ങള്‍
നടന്നുവരുന്നു. പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളില്‍ കൃത്യമായ ഉത്തരം കിട്ടാതെ സമുദായം,
വിശിഷ്യാ പുതിയ തലമുറ ഇരുട്ടില്‍ തപ്പുന്നു.
പണ്ഡിതന്മാരും സംഘടനകളും പഴകിപ്പുളിച്ച പല്ലവികള്‍ ആവര്‍ത്തിക്കുമ്പോള്‍ ആരും
ആരെയും വകവെക്കാതെ സമുദായം അതിന്റെ വഴിക്കു നീങ്ങുന്നു.
ലോകത്തെമ്പാടും അസൂയാര്‍ഹമാം
വിധം പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ യുവതലമുറക്ക് ഇസ്‌ലാമിക പഠനഗവേഷണ
രംഗത്തേക്ക് വഴി കാണിക്കാനാരുമില്ല എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഈ
സ്ഥിതി വിശേഷത്തിന് മാറ്റമുണ്ടാക്കാന്‍ നമ്മുടെ ഒരു സ്ഥാപനമെങ്കിലും ലോക നിലവാരത്തിലേക്ക്
ഉയരണം. ഒറ്റക്ക് ഒരു വിഭാഗത്തിനാവില്ലെങ്കില്‍ കേരളത്തിലെ മുസ്‌ലിം ഉമ്മത്തിന് കൂട്ടായെങ്കിലും
അങ്ങനെയൊന്നു ഉണ്ടാവണം. അത്തരം പ്രശ്‌നങ്ങളെ കുറിച്ച് ആലോചിക്കാനും വേദികളൊരുക്കാനും
ഒരു പണ്ഡിതസഭയും വേണം. ലോകത്തെമ്പാടും ഇസ്‌ലാമിന്റെ മക്കളും അതിന്റെ എതിരാളികളും ഇതൊക്കെ
ചെയ്യുമ്പോള്‍ നമുക്ക് മാത്രം ഇതെന്തു കൊണ്ട് സാധ്യമല്ല. നാശത്തിന്റെ നാള്‍വഴികളില്‍നിന്ന്
തിരിഞ്ഞു നടക്കാന്‍ നമുക്കാവില്ലേ? ആവുമെന്നാണ് വര്‍ത്തമാനകാല സൂചനകള്‍ തെളിയിക്കുന്നത്.
വേദികളില്‍ ഒന്നിച്ചിരിക്കാനും
ആശയങ്ങള്‍ പങ്കുവെക്കാനും വിശാലത കാണിക്കുന്ന നമുക്ക് ഒരടികൂടി മുന്നോട്ടു കടന്ന് പൊതു
പ്രശ്‌നങ്ങളില്‍ രചനാത്മകമായ കൂട്ടായ്മയെക്കുറിച്ചാലോചിക്കാനും, കാലവും ലോകവും, വിശിഷ്യാ
നമ്മുടെ സംസ്ഥാനവും ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാത്മകമായി നേരിടാനും സാധിക്കേണ്ടതുണ്ട്.
അത് സാധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന അനേകം പേരുണ്ട്. അവര്‍ ഉറക്കെ ചിന്തിക്കാനും,
ക്രിയാത്മകമായി ചുവടുവെക്കുവാനും തയാറായാല്‍ നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.
Thanks! Very Helpful!!!
ReplyDelete