Sunday, 30 September 2012

ലക്ഷ്യമില്ലാത്ത പോക്ക്.



ലക്ഷ്യബോധമാണ് നമ്മുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്. ലക്ഷ്യമില്ലാത്ത പോക്ക് അത് അല്ലാഹു പറഞ്ഞിട്ടുണ്ട്, ആകാശത്ത് നിന്ന് വീണവനെ പോലെ.. എവിടെയും എത്തിപ്പെടാം.. ആർക്കും റാഞ്ചികൊണ്ട് പോകാം, ഏത് ഗർത്തത്തിലും വീണടയാം.

ഒരു വ്യക്തിയെ  സംബന്ധിച്ച് അവൻ ശരിയായ ലക്ഷ്യബോധമുള്ളവനാവണം. എന്തിന് ജനിച്ചു, ആർക്ക് വേണ്ടി ജീവിക്കണം, നാളെ എങ്ങോട്ട് പോകും എന്നൊക്കെ ശരിയാം വണ്ണം ഒരാൾ മനസ്സിലാക്കിയാൽ അവന് ജീവിതത്തിൽ ലക്ഷ്യബോധമുള്ളവനായി തീരും.

ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങുക എന്നത് പ്രകൃതി പഠിപ്പിച്ചതാണ്. പ്രകൃതി നിയമം ദൈവത്തിന്റെതും. നമ്മോട് ഒരാൾ അയാൾ ഉദ്ദേശിച്ച ജോലി നിശ്ചയിച്ച സമയത്ത് തീർത്താൽ നമുക്ക് വേതനം നേടാം. എന്നാൽ നമ്മോട് കൽ‌പ്പിക്കപെട്ട ജോലി നിർവഹിക്കാതെ നമുക്ക് തോന്നിയത് ചെയ്താൽ കൂലികിട്ടുമൊ? കൂലികിട്ടില്ലെന്ന് മാത്രമല്ല, നഷ്ടപരിഹാരവും കൊടുക്കേണ്ടിവന്നേക്കാം.

നമുക്ക് ജീവൻ നൽകി നമ്മെ ഈ ഭൂമിയിലേക്കയച്ചവൻ ചില ജോലികളൊക്കെ പ്രത്യേക സമയത്ത് ചെയ്യാൻ ആവശ്യപെട്ടിട്ടുണ്ട്, ചിലത് ദിവസവും പ്രത്യേക സമയത്ത്, പല കാറ്റഗറിയിലുള്ള ജോലികൾ അത് നമുടെ ശരീരം കൊണ്ട് ചെയ്യാൻ കഴിയുന്നതേ നിർദ്ദേശിച്ചിട്ടുള്ളു. ഈ ജോലിയിൽ ആത്മാർത്ഥതക്കാണ് കൂടുതൽ പ്രതിഫലം. എത്ര ചെയ്യുന്നു എന്നതല്ല പ്രധാനം, ഉദ്ദേശ ശുദ്ധിയാണ് പ്രധാനം. നല്ല ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ, ജോലി എങ്ങിനെ ഏത് രീതിയിൽ ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. കൂടാതെ എന്തിനാണ് ജോലി ചെയ്യുന്നതെന്നും. വിശ്വാസി ലക്ഷ്യബോധത്തോടെ ശരിയായ രീതിയിൽ പരലോകത്തിൽ വിശ്വസിക്കണം.

ഇഹലോകത്തുള്ള എല്ലാ ജീവജാലങ്ങളും അല്ലാഹുവിന്റെ നിയമങ്ങൾക്കനുസരിച്ചാണ് നീങ്ങികൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ജീവനില്ലെന്ന് കരുതുന്ന വസ്തുക്കളും. വൃക്ഷത്തിന്റെ വേരുകൾ ഭൂമിയിലേക്കിറങ്ങി അതിന് വേണ്ട വെള്ളവും ഭക്ഷണവും സ്വയം കണ്ടെത്തുന്നു. ഓരോന്നും അതിന്റെതായ സ്വഭാവഗുണങ്ങളിൽ ജീവിക്കുന്നു. എല്ലാതരം ജീവജാ‍ലങ്ങളും അങ്ങിനെതന്നെ. അവയുടെ സ്വഭാവം അതിനെ സൃഷ്‌ടിച്ച രക്ഷിതാവ് അവയിൽ തന്നെ ഉൾകൊള്ളിച്ചു.

സൃഷ്ടികളിൽ തന്നെ വിശേഷ ബുദ്ധി ഒഴികെയുള്ളതെല്ലാം ദൈവിക നിയമമെന്ന പ്രകൃതിനിയമമനുസരിച്ചാണ് കഴിയുന്നത്. മനുഷ്യ ശരീരത്തിലെ ഓരോ അവയവവും അതിന്റെതായ പ്രവർത്തനം നടത്തുന്നു. ഹൃദയമിടിപ്പ്, ശ്വാസോഛോസം, രക്തപ്രവാഹം തുടങ്ങിയവ നമുക്ക് മനപൂര്‍വം നിയന്ത്രിക്കാൻ കഴിയുന്നവയല്ല.

നേർമാർഗ്ഗമാണ് (ഹിദായത്ത്) അതാണ്‌ മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ള അപാര അനുഗ്രഹം.

ദൈവിക നിയമമനുസരിച്ച് ജീവിക്കുക എന്നാൽ അത് പ്രകൃതിനിയമമായിട്ടാണ് പഠനങ്ങളിലൂടെ മനസ്സിലാകുന്നത്. ഒരു ശക്തിയുമില്ലാത്തതിനോട് ചോദിക്കുക എന്നതിൽ ബുദ്ധിയില്ല, തത്വവുമില്ല. ബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ച് ചില വിഷയങ്ങൾ അവനറിഞ്ഞ് കൂട. അടുത്ത നിമിഷത്തെ കുറിച്ചറിച്ചു അറിഞ്ഞു കൂടാ. അതിനാൽ തന്നെ മനുഷ്യനെ സൃഷ്‌ടിച്ച അവനെകുറിച്ച് ശരിക്കറിയുന്ന ശക്തിയോട് ചോദിക്കുക എന്നതല്ലെ ശരിയായത്? അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്നവൻ തീർച്ചയായും പ്രകൃതിനിയമത്തിനെതിരിൽ പ്രവർത്തിക്കുന്നവനാകുന്നു.

അല്ലാഹു  നിഷിദ്ധമാക്കിയ ഏതൊരു വിഷയവും മനസ്സിലാക്കിയാൽ ഖുര്‍ആന്‍ മനുഷ്യ പ്രകൃതിക്കനുസരിച്ചുള്ള ജീവിത വ്യവസ്ഥയാണെന്ന് മനസ്സിലാക്കാം.

ദൈവത്തിൽ വിശ്വസിക്കുന്നവരാണ് ലോകത്ത് അധികപേരും. അധികപേരും പലരീതിയിലും പലതിനേയും ദൈവമായി കാണുന്നു. ഈ ലോകം തനിയെ ഉണ്ടായതാണെന്ന് വളരെ കുറച്ച് ആളുകളെ കരുതുന്നുള്ളു. നടന്ന് പോകുന്നവഴിയിൽ കുറച്ച് ചാണകം കണ്ടാൽ നമുക്ക് അറിയാം അത് ഏത് മൃഗത്തിന്റെതാണെന്ന്. അത്പോലെ തന്നെ ഏത് വസ്തുക്കളെ വിലയിരുത്തിയാലും അത് എങ്ങിനെ രൂപപെട്ടതാണെന്നും ആരാണ് അതിന് കാരണക്കാരനെന്നും നാം പഠിച്ചു അറിഞ്ഞു മനസ്സിലാകിയിട്ടുണ്ടെങ്കില്‍  നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല. അപ്പോൾ ഈ കാണുന്ന പ്രപഞ്ചം അത് എങ്ങിനെ രൂപപെട്ടു, അതിനുള്ള കാരണക്കാരനാര് എന്നോക്കെ മനസ്സിലാക്കിയാൽ യഥാർത്ഥ സൃഷ്ടാവിനെ കണ്ടെത്താൻ കഴിയും.

പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹു  നമ്മോട് പറയുന്നു. ഒരു സൃഷ്ടി കർത്താവിനല്ലാതെ അടിസ്ഥാനമായി ഒരു സത്യം വെളിപ്പെടുത്താൻ കഴിയില്ല. നമ്മൾ വസിക്കുന്ന ഭൂമിയും അതിലെ മനുഷ്യന്റെ ബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്ത പല വസ്തുക്കളെ കുറിച്ചും ദൈവം ഖുര്‍ആനി ലൂടെ നമ്മോട് പറയുന്നു. ഭൂമിയുടെ രൂപവും മലകളുടെ നിർമ്മിതിയും ശുദ്ധ ജലവും ഉപ്പ് ജലവും കലരാതെ ഒഴുകുന്നതിനെ കുറിച്ചും അങ്ങിനെ ഈ ഭൂമുഖത്തുള്ള പല രഹസ്യ സ്വഭാവങ്ങളും അതിന്റെ സൃഷ്‌ടാവിനല്ലാതെ പറഞ്ഞുതരിക സാധ്യമല്ല. അങ്ങിനെ നാം ഈ പ്രപഞ്ചത്തെയും അതിന്റെ ഉത്ഭവവും നിർമ്മിതിയും കണ്ടെത്തുമ്പോൾ പ്രപഞ്ചത്തിലെ സൃഷ്ടി ചരാചരങ്ങളുടെ നാഥനേയും നാം കണ്ടെത്തുന്നു.

No comments:

Post a Comment