Monday 1 October 2012

ഉദ്ദേശ്യലക്ഷ്യങ്ങള്.



അറിവ് ആര്‍ജിക്കുന്ന പ്രക്രിയക്കാണ് നാം വിദ്യാഭ്യാസം എന്ന് പറയുന്നത്. വിദ്യാഭ്യാസം മനുഷ്യനെ മനുഷ്യനാക്കുന്നുവെന്നും മനുഷ്യനെ പൂര്‍ണനാക്കുന്നുവെന്നുമെല്ലാം നാം പറയാറുണ്ട്. എന്താണിതിന്റെയര്‍ഥം? മനുഷ്യനില്‍ ജന്തുസഹജവും മനുഷ്യസഹജവുമായ ഗുണങ്ങളുണ്ട്. മനുഷ്യസഹജമായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ദൌത്യം. ബാഹ്യവും സാമൂഹികവുമായ കാരണങ്ങളാല്‍ ശുദ്ധ പ്രകൃതിയില്‍ നിന്നകന്നുപോയവരെ തിരിച്ചുകൊണ്ടുവരലും വിദ്യാഭ്യാസത്തിന്റെ ദൌത്യമാണ്.


മനുഷ്യന്‍ ആര്‍ജിച്ചിരിക്കേണ്ടുന്ന പ്രഥമമായ അറിവ് ഏതാണ്? താന്‍ തന്നെത്തന്നെ അറിയുക എന്നതാണത്. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയല്‍. താന്‍ ആരാണ്? എവിടെ നിന്ന് വന്നു? എങ്ങോട്ടു പോകുന്നു? ഈ ഭൂമിയില്‍ തന്റെ ദൌത്യമെന്താണ്? ഈ കാര്യങ്ങള്‍ അറിയാത്തവന്‍ അജ്ഞാനിയാണ്.

മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാന്‍ ആവശ്യമായ വിദ്യാഭ്യാസം അവര്‍ക്ക് പകര്‍ന്നുനല്‍കലാണ് ഇസ്ലാമിക മദ്രസാവിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്‌ഷ്യം . എല്ലാമറിഞ്ഞിട്ടും താന്‍ ആരാണെന്നറിയാതെ പോയാല്‍ അറിവുകൊണ്ടെന്തു ഫലം?.
മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയും പ്രതിനിധിയുമാണെന്നും അവന്‍ സ്വജീവിതത്തില്‍ പൂര്‍ണമായും ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ആത്യന്തികമായി ദൈവത്തിലേക്ക് തിരിച്ചു പോകേണ്ടവനാണെന്നും ഉള്ള ബോധം മനുഷ്യനില്‍ ഊട്ടിയുറപ്പിക്കുകയാണ് മദ്രസാ  വിദ്യാഭ്യാസവ്യവസ്ഥയുടെ പ്രാഥമിക ലക്ഷ്യം.

പ്രപഞ്ചത്തെയും അതിലെ സകലചരാചരങ്ങളെയും ദൈവികവെളിപാടുകളുടെ വെളിച്ചത്തില്‍ പഠിച്ച് ഗ്രഹിക്കാനും അവയുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനും അധിപനുമായ ഏകനായ ദൈവത്തെ അറിയാനും ആ ദൈവത്തിന് സ്വയം സമ്പൂര്‍ണ സമര്‍പ്പണം നടത്താനും മനുഷ്യനെ സജ്ജമാക്കുകയാണ് മദ്രസാ  വിദ്യാഭ്യാസ പണ്ഡിതന്മാര്‍ ചെയ്യേണ്ടത് .
ഒരു പ്രത്യേക കാലയളവ് കഴിഞ്ഞ് സാക്ഷ്യപത്രം നല്‍കി പുറത്തയക്കുന്ന ഏര്‍പ്പാടായി ഇന്നു മദ്രസാ വിദ്യാഭ്യാസം മാറിയിരിക്കുന്നു. വ്യക്തിയില്‍ രൂപപ്പെടേണ്ടുന്ന മാനുഷിക ധാര്‍മിക ഗുണങ്ങളൊന്നും ഈ രംഗത്തുള്ളവര്‍ക്ക് പ്രശ്നമാകുന്നില്ല.

സാമ്പത്തിക സമൃദ്ധിയിലും സുഖലോലുപതയിലും അഭിരമിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം സമ്പന്നരെ സൃഷ്ടിക്കുന്ന ഏര്‍പ്പാട് മുന്കഴിഞ്ഞ പണ്ഡിത സ്രെഷ്ടന്മാര്‍ വിഭാവനം ചെയ്ത മദ്രസാ ദീനീ വിദ്യാഭ്യാസ ദര്‍ശനത്തിന് അന്യമാണ്.
ഖുര്‍ആനിന്റെ വിധിവിലക്കുകള്‍ അനുസരിച്ചുള്ള ജീവിതദര്‍ശനം സമര്‍പ്പിക്കുന്നതിലൂടെ ദൈവഭക്തിയും ധാര്‍മിക ബോധവും സദാചാര നിഷ്ഠയുമുള്ള വ്യക്തിത്വങ്ങളുടെ രൂപവത്കരണമാണ് അല്ലാഹു  ഉന്നം വെക്കുന്നത്.

യഥാര്‍ത്ഥ ദീനീ മദ്രസാ വിദ്യാഭ്യാസ വ്യവസ്ഥ രോഗിയുടെ കിഡ്നി മോഷ്ടിച്ചുവില്‍ക്കുന്ന ഭിഷഗ്വരനെയോ പാലം വിഴുങ്ങികളായ എഞ്ചിനീയര്‍മാരെയോ ശതകോടികള്‍ മുക്കുന്ന ഭരണാധികാരികളെയോ സൃഷ്ടിക്കുകയില്ല. മറിച്ച് ആതുരശുശ്രൂഷയും ഉദ്യോഗസ്ഥ ജീവിതവും രാജ്യഭരണവും ദൈവത്തിന്റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വങ്ങളായി അവര്‍ കാണും.
ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. ഒന്നിനെ അവഗണിച്ച് മറ്റൊന്നിനെ പോഷിപ്പിക്കുന്നരീതി ഖുര്‍ആനിലില്ല.
കേവലം വിശ്വാസപരമായ ചില കാര്യങ്ങളില്‍ പരിമിതമല്ല, ഖുര്‍ആനിലൂടെ അലാഹു  മനുഷ്യര്‍ക്ക്‌ നല്‍കുന്ന നിയമ വ്യവസ്ഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. വ്യക്തിയിലെ സകലമാന സവിശേഷതകളുടെയും കഴിവുകളുടെയും സന്തുലിതമായ വളര്‍ച്ച കൂടി അതിലുള്‍പ്പെടുന്നു. ആത്മാവും മനസ്സും ശരീരവും നൈസര്‍ഗികശേഷികളും സമജ്ഞസമായി വളരാനുതകുന്ന വിധം ക്രിയാത്മകമാണ് അതിന്റെ രീതി.

അടിയുറച്ച ദൈവവിശ്വാസവും മരണാന്തര ജീവിത ചിന്തയുമാണ് പ്രഥമവും മൌലികവും. സത്യസന്ധത, വിശ്വസ്തത, സമസൃഷ്ടിസ്നേഹം, കാരുണ്യം, ദയ, സഹിഷ്ണുത, സഹാനുഭൂതി, പരക്ഷേമതല്‍പരത, ആത്മാര്‍ഥത തുടങ്ങിയ ഉത്തമ മാനുഷിക ഗുണങ്ങള്‍ സ്വാംശീകരിക്കലാണ് രണ്ടാമത്തേത്. മൂന്നാമതായി വൈകാരികമായ പക്വത, മാന്യമായ പെരുമാറ്റം, ആത്മവിശ്വാസം, ഉയര്‍ന്ന ഇഛാശക്തി തുടങ്ങിയ സുപ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരാളുടെ വ്യക്തിത്വം.

സ്രഷ്ടാവുമായുള്ള ബന്ധം, പ്രപഞ്ചവും അതിലെ അസംഖ്യം ചരാചരങ്ങളുമായുള്ള ബന്ധം, തന്നെപ്പോലുള്ള ഇതരമനുഷ്യരുമായുള്ള ബന്ധം, ജീവിതത്തിലെ ഇത്തരം ബന്ധങ്ങളെകുറിച്ചുള്ള ചിന്ത മനുഷ്യരെ ഉല്‍ബുദ്ധരാക്കുന്നു.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഖുര്‍ആന്‍ഊന്നല്‍ നല്‍കിയിട്ടുള്ള വളരെ പ്രധാനപ്പെട്ട വശങ്ങളിലൊന്ന് .

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം സഹിഷ്ണുതയിലും നീതിയിലും കാരുണ്യത്തിലും അധിഷ്ഠിതമാകണമെന്നും ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുന്നതല്ല മനുഷ്യ ബന്ധങ്ങളുടെ സ്വഭാവമെന്നും ഖുര്‍ആന്‍  പഠിപ്പിക്കുന്നു.

മനുഷ്യന്റെ ജീവനും രക്തവും സമ്പത്തും അഭിമാനവും എല്ലാ അതിക്രമങ്ങളില്‍നിന്നും കടന്നുകയറ്റങ്ങളില്‍നിന്നും സുരക്ഷിതമായിരിക്കണം എന്നാണ് ഖുര്‍ആന്‍ യഥാവിധി മനസ്സിലാകുന്നതിലൂടെ ഏതൊരാളും പഠിപ്പിക്കപ്പെടുന്നത്.

സ്വയം തൊഴിലെടുത്ത് ജീവിക്കുന്നതിന്റെ മാഹാത്മ്യം അംഗീകരിച്ചു കൊണ്ട്  വൈദഗ്ധ്യം ആവശ്യമായി വരുന്ന തൊഴിലുകളാണെങ്കില്‍ പഠനവും പരിശീലനവും കൂടിയേ തീരൂ.

ആധുനിക കാലഘട്ടത്തില്‍ ലോകം മുഴുക്കെ സ്വീകരിക്കപ്പെട്ടത് പാശ്ചാത്യ മൂല്യങ്ങളില്‍ വികസിപ്പിച്ചെടുത്ത വിദ്യാഭ്യാസ രീതിയാണ്. തീര്‍ത്തും ദൈവവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ആശയങ്ങളില്‍ അധിഷ്ഠിതമായ ഒന്നത്രെ അത്.

ആധുനിക സമൂഹം അകപ്പെട്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളുടെ മൂലകാരണം ഏതു മാര്‍ഗമവലംബിച്ചും ധനം കുന്നുകൂട്ടുന്നവരാണ് സമൂഹത്തിലെ ഏറ്റവും മഹത്വമുള്ള വിഭാഗമെന്നും അതില്‍ പരാജയപ്പെടുന്ന ദരിദ്രവിഭാഗം നികൃഷ്ടരാണെന്നും സമ്പന്നരാണ് നാഗരികതയുടെ സ്രഷ്ടാക്കളെന്നും മറ്റുമുള്ള തെറ്റായ വിദ്യാഭ്യാസ വ്യവസ്ഥയാണ്. ഒരു പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ ആധുനിക വിദ്യാഭ്യാസം പരാജയപ്പെട്ടിരിക്കുന്നു എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment