Friday, 5 October 2012

ചൂടേല്ക്കാംതെ ഭക്ഷണം പാകമാവില്ല.



കഷ്‌ടനഷ്‌ടങ്ങളുടെ കണ്ണീരില്‍ നിന്നല്ലാതെ ധൃടവിശ്വാസത്തിലേക്ക് കുതിച്ചുപായാനുള്ള കരുത്ത്‌ കൈവരിക്കാനാവില്ല.

സുഖ സമൃദ്ധിയുടെ പുളകങ്ങളില്‍ നിന്ന്‌ മാത്രം മനസ്സുറപ്പുള്ള വ്യക്തിത്വം വിടരില്ല.

ദുര്‍ഘടമായ വഴികളില്‍ വാഹനമോടിച്ചാണല്ലോ ഒരാള്‍ നിപുണനായ ഡ്രൈവറായിത്തീരുന്നത്‌. കുണ്ടും കുഴിയുമില്ലാതെ, മിനുസമുള്ള റോഡില്‍ അപകടങ്ങളും പെരുകിക്കൊണ്ടിരിക്കും.

സുഖ-ദു:ഖ സങ്കലിതമായ ജീവിതാനുഭവങ്ങളില്‍, കൈവിടാത്ത കെല്‌പോടെ നില്‌പുറപ്പിച്ചവര്‍ വാടിപ്പോകാത്ത വീറോടെ കൂടുതല്‍ ശക്തമായ കരുത്ത്‌ കൈവരിക്കും. അഥവാ, വേദനകള്‍ സഹിക്കാന്‍ പഠിക്കുന്നത്‌ വേദനകള്‍ സഹിച്ചുകൊണ്ടാണ്‌. സങ്കടങ്ങളില്‍ ജീവിച്ചുകൊണ്ടു മാത്രമേ സങ്കടങ്ങളെ അതിജീവിക്കാന്‍ കഴിയൂ. പച്ചയായ ജീവിതസത്യങ്ങളെ ഉള്‍ക്കൊണ്ടും തിരിച്ചറിഞ്ഞും സഹിക്കാവുന്നത്ര സഹിച്ചുമാണ്‌ ജീവിതമാകുന്ന വലിയ സത്യത്തെ തിരിച്ചറിയാനാകുകയുള്ളൂ.

ഭൗതിക കൗതുകങ്ങളിലെല്ലാം നഷ്‌ടങ്ങളോ കുറവുകളോ വരുത്തുമെന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. വ്യക്തിയെ തകര്‍ത്തുകളയുന്ന അത്തരം അനുഭവങ്ങളില്‍ എപ്രകാരമാണ്‌ സത്യവിശ്വാസികള്‍ തകരാതെ നില്‌ക്കേണ്ടതെന്നാണ്‌ ഖുര്‍ആന്‍ വിവരിക്കുന്നത്‌. അതിനു മാത്രം കെല്‌പുറ്റ സത്യവിശ്വാസമാണ്‌ അവര്‍ വരിക്കേണ്ടത്‌. `ശജറതുന്‍ ത്വയ്യിബ' (നല്ല മരം) എന്ന ഖുര്‍ആന്‍ ഉപമ സശ്രദ്ധം ഉള്‍ക്കൊണ്ടാല്‍ ഈ ആശയം വ്യക്തമാകും. മൂന്നു ഗുണങ്ങളാല്‍ സമ്പന്നമാണീ മരം. അടിയുറച്ചതാണ്‌ വേരുകള്‍. ആകാശത്ത്‌ വിസ്‌തൃതമായ ശാഖോപശാഖകള്‍, കാലഭേദങ്ങളില്ലാതെ കായ്‌കനികള്‍ നല്‌കുകയും ചെയ്യുന്നു.

സാഹചര്യങ്ങള്‍ക്കൊത്ത്‌ ചാഞ്ചല്യങ്ങളില്ലാത്ത മരം! അഥവാ, എല്ലായ്‌പ്പോഴും ഒരേ വ്യക്തിത്വം പ്രകാശിപ്പിക്കുന്നു. അത്തരമൊരു ഉറപ്പും ഉള്‍ബലവും ലഭിക്കുന്നത്‌ മണ്ണില്‍ പടര്‍ന്നുകിടക്കുന്ന ഉറച്ച വേരില്‍ നിന്നാണ്‌. ചാഞ്ചല്യങ്ങളില്ലാത്ത ഈ വ്യക്തിത്വമായിരിക്കണം വിശ്വാസിയുടേത്‌. അനുകൂലവും പ്രതികൂലവുമായ ജീവിത സാഹചര്യങ്ങളില്‍ ഒരേ അന്തസ്സുയര്‍ത്തി തന്റെ വിശ്വാസത്തിന്റെ സുഖം സ്വയമനുഭവിക്കാനും, ചുറ്റിലും അനുഭവിപ്പിക്കാനും സാധിക്കണം.

ഉയരത്തിലിരുത്തിയ കുട്ടി മാതാവിന്റെ കൈകളിലേക്ക്‌ ധൈര്യസമേതം ചാടുന്നതെന്തുകൊണ്ടാണ്‌? മാതാവ്‌ കൈവിടില്ല എന്ന വിശ്വാസം കൊണ്ട്‌. അപരിചിതനായ ഒരാള്‍ കൈ കാണിച്ചാല്‍ കുട്ടി ചാടില്ല. ഇപ്രകാരം `അല്ലാഹു കൈവിടില്ല' എന്ന വിശ്വാസമാണ്‌ നമ്മെ ധൈര്യവാന്മാരാക്കുന്നത്‌.

എത്ര പ്രതികൂല സാഹചര്യങ്ങളിലും ആശയോടെ മുന്നേറാന്‍ പ്രേരകമായിത്തീരുന്നത്‌ കരുണാവാനായ രക്ഷിതാവിലുള്ള നിലയ്‌ക്കാത്ത പ്രതീക്ഷയായിരിക്കണം.

നമ്മുടെ ജീവിതത്തിലുള്ള അല്ലാഹുവിന്റെ തീരുമാനങ്ങളും കടുത്ത പ്രയാസങ്ങള്‍ നല്‌കി ചിലപ്പോള്‍ നമ്മെ കുഴയ്‌ക്കും. വിട്ടുവീഴ്‌ചയില്ലാത്ത പരീക്ഷണങ്ങളില്‍ തളര്‍ത്തും. കരഞ്ഞും പിടഞ്ഞും ആ പ്രതിസന്ധികളെ അതിജീവിക്കാന്‍ നാം പഠിക്കുന്നത്‌ അല്ലാഹു നിരീക്ഷിക്കുന്നു. ക്ഷമാലുക്കളെ അവന്‍ തിരിച്ചറിയുന്നു.

തുരുമ്പെടുത്ത കത്തി പുതിയ മൂര്‍ഛയും സൗന്ദര്യവും കൈവരിക്കണമെങ്കില്‍ തീയിലിട്ട്‌ ചൂടാക്കി അടിച്ച്‌ പരുവപ്പെടുത്തണമല്ലോ. കിട്ടേണ്ടത്‌ കിട്ടുമ്പോഴാണ്‌ കത്തിക്ക്‌ ശക്തി വര്‍ധിക്കുന്നത്‌. നമ്മുടെ കാര്യവും ഇങ്ങനെ തന്നെ:

നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും സ്വയം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ സ്വയം പരിശോധിക്കുകയും ചെയ്യുന്നതുവരെ- നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.

കൃപാലുവായ രക്ഷിതാവ്‌ നല്‌കുന്ന കടുത്ത പ്രതിസന്ധികളെ സത്യവിശ്വാസം കൊണ്ട്‌ അതിജയിക്കാന്‍ കഴിയുന്നവര്‍ വിജയിച്ചു. പ്രയാസകരമായൊരു കണക്ക്‌ തന്റെ വിദ്യാര്‍ഥികള്‍ക്ക്‌ നല്‌കുന്ന അധ്യാപകന്‍, അതിലേറെ ദുര്‍ഘടമായ കണക്കുകള്‍ പരിഹരിക്കാന്‍ അവരെ പ്രാപ്‌തരാക്കുക എന്നതായിരിക്കും ഒരു യഥാര്‍ത്ത അധ്യാപകന്റെ ലക്‌ഷ്യം .

വൃക്ഷത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വെയിലും മഴയും അത്യാവശ്യമാണ്‌. മഴ അധികമായാല്‍ വേരു ചീഞ്ഞു പോകും. വെയിലേറിയാല്‍ വേരുണങ്ങുകയും ചെയ്യും. സുഖവും ദു:ഖവും നമ്മുടെ വ്യക്തിത്വ വളര്‍ച്ചയ്‌ക്ക്‌ അനിവാര്യമാണ്‌. സമഭാവത്തോടെ രണ്ടിനെയും സ്വീകരിക്കാന്‍ കഴിയണം.

മാറിമാറി വരുന്ന രോഗങ്ങള്‍ക്കോ ദുരന്തങ്ങള്‍ക്കോ കീഴടക്കാനാവാത്ത മനക്കരുത്ത്‌ കൈവരിക്കുന്നത്‌, ഉന്നതമായ ജീവിതവീക്ഷണം രൂപപ്പെടുമ്പോഴാണ്‌. സംഭവങ്ങളെയോ ജീവിതഗതികളെയോ നിയന്ത്രിക്കാന്‍ നമുക്ക്‌ സാധിക്കണമെന്നില്ല. എന്നാല്‍ അവയോടുള്ള നമ്മുടെ പ്രതികരണവും മനോഭാവവും അനുസരിച്ച്‌ പലതും നമുക്ക്‌ അനുകൂലമായിത്തീരും.
കാറ്റും കോളും നിയന്ത്രിക്കാനോ ശമിപ്പിക്കാനോ കപ്പിത്താന്‌ സാധിക്കില്ല. എന്നാല്‍ അവയുടെ ശക്തിക്കനുസരിച്ച്‌ അമരം പിടിച്ച്‌ കപ്പല്‍ നിയന്ത്രിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നു. എത്ര ശക്തമായ കൊടുങ്കാറ്റിലും വീഴാതെ നില്‌ക്കാന്‍ സാധിക്കുന്നത്‌ അങ്ങനെയാണ്‌. ഇതേ വഴിയാണ്‌ നമ്മുടെയും പോംവഴി.

``ഭയാശങ്കകള്‍, ക്ഷാമം, ജീവധനാദികളുടെ നഷ്‌ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ നിശ്ചയമായും പരീക്ഷിക്കും. അപ്പോള്‍ ക്ഷമ അവലംബിക്കുകയും `ഞങ്ങള്‍ ദൈവത്തില്‍ നിന്നാണല്ലോ, അവങ്കലേക്കാണല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും' എന്നു പറയുകയും ചെയ്യുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക. അവര്‍ക്ക്‌ തങ്ങളുടെ നാഥനില്‍ നിന്ന്‌ വലിയ അനുഗ്രഹങ്ങള്‍ ലഭിക്കും. അവന്റെ കാരുണ്യം അവര്‍ക്ക്‌ തണലേകും. അവര്‍ തന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍'' എന്ന് ഖുര്‍ആന്‍.

ധൃടബോധ്യമുള്ള  വിശ്വാസി സ്വസ്ഥനും നിര്‍ഭയനുമായിത്തീരുന്നു. അല്ലാഹുവിന്റെ വിധി- അനുകൂലമായാലും പ്രതികൂലമായാലും- അതില്‍ സംതൃപ്‌തനാകുന്നു. വ്യഥയും വേവലാതിയും വിതുമ്പലും വിഹ്വലതയും വിധിയെ മാറ്റുകയില്ലെന്ന്‌ അവന്‌ അറിയും. നഷ്‌ടസന്ദര്‍ഭങ്ങളെ ഓര്‍ത്ത്‌ വിലപിക്കാതെ കാരുണ്യവാനില്‍ ജീവിതവും പ്രതീക്ഷകളുമര്‍പ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുന്നു.
പ്രതികൂലാനുഭവങ്ങളുടെ പെരുംകാറ്റിലും തകരാതെയും തളരാതെയും യഥാര്‍ഥ വിശ്വാസിയുടെ ജീവിതമാകുന്ന കപ്പല്‍ ഒഴുകിക്കൊണ്ടിരിക്കും.

വികലമായ വിധിവിശ്വാസം ആലസ്യത്തിലേക്കും മടുപ്പിലേക്കും നിരാശയിലേക്കും നയിക്കുമ്പോള്‍ ശരിയായ വിധിവിശ്വാസം മനശ്ശാന്തിയിലേക്കും കര്‍മധന്യതയിലേക്കും നയിക്കുന്നു.

രോഗത്തിന്റെ കാഠിന്യം നിര്‍ണയിക്കുന്നത്‌, രോഗത്തോടുള്ള നമ്മുടെ സമീപനമാണ്‌. അതിമാരകമായ രോഗബാധിതര്‍ പോലും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ പിടിച്ചുനില്‌ക്കുന്നു. ചിലര്‍ ചെറിയ രോഗകാരണത്താല്‍ തന്നെ തകര്‍ന്നുപോകും.

പ്രതീക്ഷാര്‍ഹമായി ജീവിതത്തെ നിലനിര്‍ത്തുകയും കൂടുതല്‍ ശക്തിയിലേക്ക്‌ വഴികാണിക്കുകയും ചെയ്യുന്ന പ്രത്യാശയുടെ പച്ചിലയാണ്‌ സത്യവിശ്വാസം.

യകീന്‍  (ദൃഡബോധ്യം ) അത്ഭുതങ്ങള്‍ നിറയ്‌ക്കുന്നു. പരീക്ഷണങ്ങളുടെ ശിശിരത്തിലും കൊഴിയാത്ത ഒറ്റയിലയായി ആ പ്രത്യാശ ബാക്കിയാകും. പച്ചപ്പടര്‍പ്പുള്ള സൗന്ദര്യമായി, ഒരു വസന്തകാലത്തിന്റെ കുളിരും ഉന്മേഷവും പകര്‍ന്നുതരും. നിഗമനങ്ങള്‍ക്കെല്ലാം അപ്പുറത്തെ ആശ്ചര്യങ്ങളിലേക്ക്‌ ജീവിതത്തെ പരിവര്‍ത്തിപ്പിക്കുന്നു. രോഗങ്ങള്‍ക്കോ ദുരിതങ്ങള്‍ക്കോ തല്ലിക്കൊഴിക്കാനാവാത്ത ഉറച്ച വേരും ഉണങ്ങാത്ത ചില്ലകളും സ്വന്തമുള്ള മഹത്വത്തിന്റെ മാമരമായിത്തീരുന്നു സത്യവിശ്വാസി!

നമ്മുടെ സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കാനും നിലനിര്‍ത്താനുമുള്ള ആന്തരിക ശക്തി നമ്മിലുണ്ട്‌. പക്ഷേ, അജ്ഞതയും അവഗണനയും കാരണം മിക്കവരും വെറുതെ രോഗികളാവുകയാണ്‌.

മാനസികാസ്വസ്ഥത ഇല്ലാതെ നിലനില്‌ക്കാനായാല്‍ ശാരീരികാസ്വസ്ഥതകളെ മറികടക്കാം.

മാനസിക സുഖം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ ക്രമേണ ശാരീരിക രോഗങ്ങളും പെരുകും; ആത്മവിശ്വാസത്തിന്റെ അഭാവത്തില്‍ ശരീരം മെച്ചപ്പെടില്ല.

തന്റെ ഇഷ്‌ടങ്ങള്‍ പോലെയാകണം അല്ലാഹുവിന്റെ ഇഷ്‌ടമെന്നു ശഠിക്കുന്നവര്‍ക്ക്‌ ഈ സുഖം പ്രാപിക്കാനാവില്ല.

അല്ലാഹുവിന്റെ ഇഷ്‌ടങ്ങളെന്തായാലും അതിനെ സ്വന്തമിഷ്‌ടമാക്കാന്‍ സാധിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത മനസ്സുഖം കൈവരുന്നു.

ഒരു കാര്യം നിങ്ങള്‍ വെറുക്കുമെങ്കിലും നിങ്ങള്‍ക്കത്‌ ഗുണകരമായിരിക്കാം. നിങ്ങള്‍ക്കൊരു കാര്യം ഇഷ്‌ടപ്പെടുമെങ്കിലും നിങ്ങള്‍ക്കത്‌ ദോഷകരമാകാം. അല്ലാഹു അറിയുന്നു; നിങ്ങളറിയുന്നില്ല.

നിലം ഇളക്കി മറിച്ചാണല്ലോ വിത്ത്‌ പാകുന്നത്‌. ആ വിത്താണ്‌ പിന്നീട്‌ ചെടിയും മരവുമായി വളരുന്നത്‌. നമ്മുടെ ജീവിതത്തില്‍ വളര്‍ന്നുകാണണമെന്ന്‌ അല്ലാഹു കൊതിക്കുന്ന പ്രതീക്ഷയുടെ വന്‍മരങ്ങളുണ്ട്‌. അതിന്നുള്ള വിത്തു പാകുമ്പോള്‍ ജീവിതമൊന്ന്‌ ഇളക്കി മറിക്കുന്നു; ദുരന്തമെന്നു നാം വിളിക്കുന്നത്‌ ഈ പ്രക്രിയയെയാണ്‌.

കടുത്ത വെല്ലുവിളികളെപ്പോലും ആശ്ചര്യകരമായ ജീവിതപാഠങ്ങളാക്കാനുള്ള പരിശീലനമാണ്‌ വിശ്വാസികള്‍ സ്വയം വരിക്കേണ്ടത്‌.

ഇഹലോകത്തിലെ മനുഷ്യര്‍ ആഗ്രഹിക്കുന്ന  സന്തോഷങ്ങള്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമാണ്‌, അല്ലെങ്കില്‍ നീങ്ങിപ്പോകുന്ന നിഴലുകള്‍ മാത്രമാണത്‌. അത്‌ നിന്നെ അല്‌പമൊന്ന്‌ സുഖുപ്പിച്ചുവെന്നു വരാം. എന്നാല്‍ ധാരാളം കരയിക്കുകയും ചെയ്യും.

സന്തോഷത്തിന്റെ ഒരു ദിനം വന്നെത്തിയിട്ടുണ്ടെങ്കില്‍ പിറകെ ദു:ഖത്തിന്റെ ഒരു ദിനം ഒളിഞ്ഞിരിപ്പുണ്ടാകും.

വിധിവിശ്വാസമാണ്‌ സത്യവിശ്വാസിയുടെ സമാധാനത്തിന്റെ സ്രോതസ്സ്‌; ദു:ഖങ്ങളില്‍ വിശേഷിച്ചും. തനിക്ക്‌ ഭവിച്ചിട്ടുള്ള വിപത്ത്‌ തനിക്കു മാത്രം നിശ്ചയിക്കപ്പെട്ടതാണെന്നും അബദ്ധത്തില്‍ പിണഞ്ഞതല്ല എന്നും നാം നിശ്ചയമായും അറിയേണ്ടതുണ്ട് .

വിധിയെ പഴിക്കാതെ വിപത്തുകളെ ക്ഷമയാല്‍ അതിജയിക്കുകയാണ്‌ വേണ്ടതെന്ന വിശ്വാസം അവന്‌ ഊര്‍ജമായിത്തീര്ക്കെണ്ടതുണ്ട് .

താങ്കളുടെ വിധി നടപ്പിലായിക്കഴിഞ്ഞു. ക്ഷമിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും. ക്ഷമിക്കാതെ പരിഭവിക്കുകയാണെങ്കില്‍ അതിന്റെ ഭാരവും പേറേണ്ടി വരും.

വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടിയുള്ള ക്ഷമയാണ്‌ പ്രയോജനപ്പെടുക. അതല്ലാത്തത്‌ മൃഗങ്ങളുടെ ക്ഷമയാണ്‌.

ചിലതൊന്നും കിട്ടില്ലെന്നും ചിലതൊന്നും കിട്ടാതിരിക്കില്ലെന്നുമുള്ള ദൃഢവിശ്വാസം ഹൃദയത്തില്‍ വേരൂന്നണം.

നഷ്‌ട-നേട്ടങ്ങളെ വിലമതിക്കാതെ ജീവിക്കാന്‍ സാധിക്കുന്നത്‌ അല്ലാഹു തനിക്കു നല്‍കിയ അനുഗ്രഹങ്ങള്‍ എന്താണെന്ന് അറിയുമ്പോഴാണ് .

ചൂടേല്‍ക്കാതെ ഭക്ഷണം പാകമാവില്ല. വ്യക്തിത്വത്തിന്റെ പാകതയ്‌ക്കും കുറെ ചൂടും പുകയുമേല്‍ക്കേണ്ടതുണ്ട്‌.


ഇരുള്‍ മൂടിയ മനസ്സോടെയാണ്‌ നിങ്ങള്‍ ലോകത്തെ കാണുന്നതെങ്കില്‍ കാണുന്നതിലെല്ലാം കറുപ്പ്‌ കലര്‍ന്നിരിക്കും, അസന്തുഷ്‌ടി കലര്‍ന്നിരിക്കും.

തെളിഞ്ഞ മനസ്സോടെയാണ്‌ ഒരാള്‍ നോക്കുന്നതെങ്കില്‍, അയാള്‍ക്കാ കാഴ്‌ച മനോഹരമായ ദൃശ്യാനുഭവമായിരിക്കും. ഒരേ കാഴ്‌ച രണ്ടാള്‍ക്ക്‌ രണ്ടു തരത്തില്‍ അനുഭവപ്പെടുന്നു! ഇവിടെ, മനസ്സാണ്‌ അനുഭവമായി മാറുന്നതെങ്കില്‍ ജീവിതാനുഭവങ്ങളിലും ഇതുതന്നെയാണ്‌ സംഭവിക്കുന്നത്‌.

ആര്‍ മനസ്സിന്റെ സങ്കുചിതത്വത്തില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം വരിച്ചവര്‍. എന്ന് ഖുര്‍ആന്‍.

ആത്മവിശ്വാസത്തിന്റെ അഭാവം നിസ്സാര രോഗങ്ങളെപ്പോലും ഗുരുതരമാക്കുകയും ചെയ്യുന്നു. രോഗം, രോഗാണു, വേദന എന്നിവയെ സംബന്ധിച്ച പക്വമാര്‍ന്ന വീക്ഷണമാണ്‌ മനശ്ശക്തി പകരുന്നത്‌. സമീപനത്തിന്റെ രീതിയാണ്‌ പ്രധാനമെന്നു ചുരുക്കം.

നാം കാണുന്നതിനും അപ്പുറത്താണ്‌ യഥാര്‍ഥ കാഴ്‌ചകള്‍.

സത്യവിശ്വാസിയുടെ കണ്ണോടെയാണ്‌ നാമീ ജീവിതക്കാഴ്‌ചകളെ കാണേണ്ടത്‌. അസാധാരണമായ ആത്മവിശ്വാസം അപ്പോള്‍ കൈവരും.

No comments:

Post a Comment