Tuesday 9 October 2012

ആത്മാവും ചേതനയും.



വിജയം സുനിശ്ചിതമാണെന്ന തിരിച്ചറിവ് ഒരുവന്റെ പരിശ്രമത്തെ വളരെയേറെ ഉദ്ദീപിപ്പിക്കും.

മനസ്സും ശരീരവും ആത്മാവും പരസ്പരപൂരകമായാണ്‌ വര്‍ത്തിക്കുന്നത്‌. ഭൗതികമായി നാം കാണുന്നത്‌ മാത്രമല്ല ഭൗതികേതരമായി ഓരോവസ്തുവിനും അസ്തിത്വം ഉണ്ടെന്ന തിരിച്ചറിവ്‌ ഉണ്ടാകുമ്പോള്‍ മാത്രമേ ശരീരം, മനസ്സ്‌, ആത്മാവ്‌ ഇവ തമ്മിലുള്ള ബന്ധം എന്തെന്ന്‌ നമുക്ക്‌ മനസ്സിലാകൂ.

വിരിഞ്ഞുനില്‍ക്കുന്ന ഒരു പുഷ്പത്തെ ശാസ്ത്രീയമായ വിശ്ലേഷണത്തിനും അപഗ്രഥനത്തിനും വിധേയമാക്കുമ്പോള്‍ ഒട്ടേറെ നിര്‍വചനങ്ങളില്‍ നമുക്ക്‌ എത്തിച്ചേരാനാകും. അതിന്റെ ദലങ്ങളെക്കുറിച്ച്‌, കേസരങ്ങളെക്കുറിച്ച്‌, നിറങ്ങള്‍ക്കാധാരമായ കണങ്ങളെക്കുറിച്ച്‌. എന്നാല്‍ എവിടെയാണ്‌ ആ പൂവിന്റെ സൗന്ദര്യം അടങ്ങിയിരിക്കുന്നത്‌? എങ്ങനെയാണ്‌ അതിനെ വിശ്ലേഷണം ചെയ്യാനാവുക, എന്താണ്‌ ആ സൗന്ദര്യത്തിനാധാരമായ ഘടകം എന്ന്‌ ചോദിച്ചാല്‍ ഒരു ശാസ്ത്ര യുക്തിക്കും മറുപടി നല്‍കാനാവില്ല. അതൊരു അനിര്‍വചനീയതയാണ്‌. ആന്തരികമായ അനുഭവമാണ്‌.

ആത്മാവുമായി താദാത്മ്യം പ്രാപിക്കുമ്പോഴാണ്‌ അതിന്റെ സൗന്ദര്യത്തെ-സത്തയെ അനുഭവിച്ചു എന്നു പറയുന്നത്‌.

എല്ലാ മനുഷ്യരിലും ഈ അനുഭവം സംജാതമാകുന്നില്ല. പലരും വസ്തുക്കളെ (വിഷയങ്ങളെ) ബാഹ്യമായി മാത്രം അല്ലെങ്കില്‍ ആന്തരികമായി മാത്രം വിലയിരുത്താന്‍ ശ്രമിക്കുന്നു.

ഒരു മരക്കച്ചവടക്കാരനെ നിരീക്ഷിക്കൂ. ഒരു വൃക്ഷത്തെ സംബന്ധിച്ച്‌ അയാള്‍ക്ക്‌ അത്‌ ഒരു ഉരുപ്പടി മാത്രമാണ്‌. അതില്‍ നിന്നും ലഭിക്കുന്ന തടിയുടെ അളവിനെക്കുറിച്ചും, അതിന്റെ പ്രായത്തെക്കുറിച്ചും അതി ന്റെ ഗുണമേന്മയെക്കുറിച്ചുമൊക്കെയാവും അയാളുടെ ചിന്ത. ഇനി ഒരു കവിയുടെയോ ചിത്രകാരന്റെയോ വൃക്ഷക്കാഴ്ചയിലേക്ക്‌ പോകൂ. ആഴത്തില്‍ വളരുന്ന അതിന്റെ വേരുകളില്‍ നിന്നും ഉയരത്തില്‍ വളരുന്ന ചില്ലകളിലേക്ക്‌ അയാള്‍ സഞ്ചരിക്കുന്നു. തണല്‍ പരത്തുന്ന അതിന്റെ നന്മയെക്കുറിച്ചും സുഗന്ധം പ്രസരിക്കുന്ന അതിന്റെ പൂക്കളെക്കുറിച്ചും ചരിത്രമുറങ്ങുന്ന അതിന്റെ പഴമയെക്കുറിച്ചും അയാള്‍ ചിന്തിക്കുന്നു. ഇവിടെ ആദ്യത്തെ ആള്‍ തികച്ചും ഭൗതികമായും രണ്ടാമത്തെ ആള്‍ ആത്മീയമായും ഈ വൃക്ഷത്തെ അറിയുമ്പോള്‍ ഈ അറിവുകള്‍ വൃക്ഷത്തിന്റെ ഓരോ വശം മാത്രമായി ചുരുങ്ങുന്നു.


ഒരു ധൃടവിശ്വാസി ഈ രണ്ടവസ്ഥകളും ചേര്‍ന്ന അതിന്റെ സമഗ്ര സത്തയിലേക്കും അതിനപ്പുറത്തേക്കുമാണ്‌ സഞ്ചരിക്കുന്നത്‌. അവിടെ ശരീരവും മനസ്സും ആത്മാവും തമ്മിലുള്ള അടുപ്പമാണ്  സംഭവിക്കുന്നത്‌. ശരീരത്തില്‍ നിന്നു മനസ്സിലേക്കും മനസ്സില്‍ നിന്ന്‌ ആത്മാവിലേക്കും നാം എത്തിച്ചേരണം.
ശരീരത്തെ മാത്രം മോടിപിടിപ്പിക്കുവാനും ശുദ്ധീകരിക്കുവാനും ആണ്‌ ബഹുഭൂരിപക്ഷം പേരും ശ്രമിക്കുന്നത്‌. സൗന്ദര്യപരമായും ആരോഗ്യപരമായുമുള്ള പരിരക്ഷകള്‍ ഇതിന്റെ ഭാഗമായി അവര്‍ പുലര്‍ത്തുന്നു.എന്നാല്‍ ആത്മാവിന്റെ പോഷണത്തിനായി അതിന്റെ ശുദ്ധീകരണത്തി നായി നാമെന്തൊക്കെ ചെയ്യുന്നു എന്ന്‌ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്‌.

സ്‌നേഹം ഒരു ചുമതലയായി കരുതപ്പെടുന്നിടത്തോളം അതിന് ആത്മാവും ചേതനയും നഷ്‌ടമാകുന്നു.

No comments:

Post a Comment