ചത്ത വിശ്വാസത്തിന്റെ ജഡം ചുമക്കുന്ന വിശ്വാസികളെയല്ല, പ്രവര്‍ത്തിക്കുന്ന
വിശ്വാസത്തെയാണു അല്ലാഹു മുഹ്സിന്‍ എന്നു വിശേഷിപ്പിക്കുന്നത്.
എല്ലാവരേയും സ്‌നേഹിക്കുക എന്നാല്‍ എല്ലാവരോടും 'നല്ല' വാക്കു പറയുക
എന്നല്ല. ദരിദ്രരുടെ (ഏതു വിഷയത്തിലും )പക്ഷം പിടിക്കുകയും അവരുടെ ജീവിതം ദുസ്സഹമാക്കുന്ന
സമ്പന്നരെ ശാസിക്കുകയും ചെയ്യുന്നതാണു യഥാര്‍ത്ഥ സാഹോദര്യം.
നീതി സ്‌നേഹത്തിന്റെ മറുപുറമാണ്.
എല്ലാവര്‍ക്കും സ്വസ്ഥമായും സുഖമായും ജീവിക്കാനുള്ള എല്ലാ സാഹചര്യവും
ഉണ്ടാവുക എന്നതാണു നീതിയുടെ സാരാംശം.
സമൃദ്ധിയില്‍ നിന്നു ദരിദ്രര്‍ക്കു ദാനം നല്‍കുകയല്ല നീതി. നീതി എല്ലാ
മനുഷ്യരുടെയും മനുഷ്യത്വത്തെ അംഗീകരിക്കുന്ന അവസ്ഥ ഉണ്ടാവുകയാണ്.
മനുഷ്യത്വത്തെ നിരന്തരം അംഗീകരിച്ചുനീങ്ങുന്ന ഒരു രീതിയാണ് ഖുര്‍ആന്‍
ബോധ്യപ്പെടുത്തുന്നത് .
ഖുര്‍ആനിലെ ചില വാക്യങ്ങള്‍ ഉദ്ധരിച്ചു സംവാദം ഉയര്‍ത്തുന്ന രീതി തീര്‍ത്തും
അശാസ്ത്രീയമാണ്. ഇവിടെ വേണ്ടത് സമഗ്ര വീക്ഷണമാണ്.
മനുഷ്യനെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയും വ്യക്തികള്‍ സ്വീകരിക്കേണ്ട
കല്പനകള്‍, നിര്‍ദ്ദേശങ്ങള്‍, മൂല്യങ്ങള്‍,
കര്‍മ്മപരിപാടികള്‍. അല്ലാഹു ഖുര്‍ആനിലൂടെ എന്ത് പറയുന്നു എന്ന് മനസ്സിലാക്കല്‍ സമഗ്രവീക്ഷണത്തിന്റെ
ഘടകങ്ങളാണു.
ജാതി-മത-വംശ-ലിംഗ-ദേശ-വര്‍ണ്ണ വിവേചനമില്ലാത്ത, എല്ലാം ഉള്‍ക്കൊള്ളുന്ന
ആദര്‍ശ മാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്.
ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന മാനുഷിക മൂല്യങ്ങളെ ചുരുക്കി ഇങ്ങനെ
വ്യക്തമാക്കാം. സത്യം: യഥാര്‍ത്ഥ സത്യം നിങ്ങളെ
സ്വതന്ത്രരാക്കും. അധികാരം സത്യത്തിന്റെ മാനദണ്ഡമാകണമെന്നില്ല. സത്യത്തെ സത്യത്തില്‍
സ്‌നേഹിക്കുക. അധികാരം, വിശ്വാസം ഒന്നും തന്നെ സത്യത്തെ സംരക്ഷിക്കേണ്ടതില്ല. സത്യം
അതില് തന്നെ നിലനില്ക്കും, സ്‌നേഹത്തിന്റെ ധാരാളിത്തം നിറഞ്ഞു നില്ക്കുന്ന നീതി, സമത്വദര്‍ശനം:
ജാതിമതലിംഗവംശവര്‍ണ്ണദേശ ഭേദമില്ലാതെ, മനുഷ്യനെ മനുഷ്യനായി കാണുന്ന അവസ്ഥ. എന്നിവ ചിലതുമാത്രമാണ്.
ചുരുക്കത്തില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ നിന്നുദിക്കുന്ന മൂല്യമാണു
വേണ്ടത്.
ആധുനീക മനുഷ്യ നിര്‍മിത മതം മനുഷ്യനെ അടിച്ചമര്‍ത്തുന്ന ഒരു ഘടനയായി
മാറിയിരിക്കുന്നു. ദൈവത്തിന്റെ പേരിലുള്ള അടിമത്തം. മതം ഇന്നത്തെ സമ്പദ്ഘടനയുടെ സംരക്ഷകരായും
ദൈവം ഈ അനീതിനിറഞ്ഞ വ്യവസ്ഥിതിയുടെ കാവല്‍ക്കാരനായും കാണുന്ന അവസ്ഥ. ബലി, പ്രാര്‍ത്ഥന,
ഉപവാസം, ആരാധന, ഭക്തകൃത്യങ്ങള്‍ എല്ലാം മനുഷ്യനെ ആശ്രിതനാക്കുന്ന, അടിമപ്പെടുത്തുന്ന
ഉപാധികളായി മാറിയിരിക്കുന്നു.
No comments:
Post a Comment