Friday, 19 October 2012

ശിപാര്ഷകര്



യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച ബോധമില്ലായ്‌മയും ദൈവകാരുണ്യത്തിലുള്ള നിരാശയും കാരണമായിട്ടാണ് അല്ലാഹുവിന്റെ അസ്തിത്വത്തില്‍ ( അധികാരാവകാശങ്ങളില്‍ )പങ്കുകാരായി കല്‌പിക്കുന്ന ആരാധ്യരെല്ലാം ( ആചാരങ്ങള്‍ , നാണയങ്ങള്‍ , അനുഷ്ടാനങ്ങള്‍ ) ഭക്തന്മാര്‍ക്കു വേണ്ടി ദൈവത്തിന്റെയടുക്കല്‍ ശിപാര്‍ശ ചെയ്യുമെന്നാണ്‌ കേവല വിശ്വാസികളായ  ദൈവാരാധകര്‍ വിശ്വസിക്കുന്നത്‌. എക്കാലത്തും തങ്ങള്‍ ദൈവത്തിനു വേണ്ടി ചെയ്ത കൂറെ ഭാവ പ്രകടനങ്ങളും , സങ്കല്പങ്ങളും , ഭാവനകളും തുടങ്ങിയ  വിശ്വാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ബഹുദൈവ വിശ്വാസികള്‍ ( മറ്റു പല വസ്തുക്കളിലും  ദൈവാസ്തിത്വം ആരോപിക്കുന്നവര്‍ ) കഴിഞ്ഞുപോരുന്നത്‌.

അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (മേല്‍ സൂചിപ്പിച്ച  ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശകരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു'' ( ഖുര്‍ആന്‍)
പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' ( ഖുര്‍ആന്‍)

കപടമായ കേവല ദൈവവിശ്വാസം  സൃഷ്‌ടിക്കുന്ന ഏറ്റവും വലിയ അപചയങ്ങളില്‍ ഒന്നാണ്‌ ശുപാര്‍ശകരിലുള്ള അബദ്ധവിശ്വാസം.

മനുഷ്യന്റെ വിചാരണ നാളില്‍ അല്ലാഹുവി ന്റെയടുക്കല്‍ രക്ഷകിട്ടാത്ത പല കാര്യങ്ങളും ഇഹത്തിലും പരത്തിലും ഈ ശുപാര്‍ശകര്‍ ഭക്തര്‍ക്കു വേണ്ടി നേടിക്കൊടുക്കുമെന്നാണ്‌ ഈ വിശ്വാസത്തിന്റെ താല്‌പര്യം. ഇത്‌, മനുഷ്യജീവിതത്തില്‍ നിന്ന്‌ തിന്മകള്‍ തടയുന്നതിന്‌ തടസ്സമായി നില്‍ക്കുന്നു. ദൈവത്തിന്‌ ഇഷ്‌ടപ്പെടാത്ത ഏത്‌ തിന്മകളും ശുപാര്‍ശകരില്‍ ( കുറെ ആചാരങ്ങളും , ഭിക്ഷ കൊടുത്ത നാണയതുട്ടുകളും ) പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്‌ ഭക്തന്മാര്‍ ചെയ്‌തുകൂട്ടുന്നു.

പ്രപഞ്ചനാഥനായ അല്ലാഹുവിനെ സ്വാധീനങ്ങള്‍ക്ക്‌ വശംവദനാകുന്ന ദുനിയാവിലെ രാജാവിനോട്‌ സാദൃശ്യപ്പെടുത്തുന്ന കപട  വിശ്വാസം മറ്റു  പല തെറ്റായ സങ്കല്‌പങ്ങളിലേക്കും മനുഷ്യനെ എത്തിക്കുന്നു.

പാപങ്ങള്‍ എത്ര ചെയ്‌താലും ഇഹത്തിലും പരത്തിലും ശിപാര്‍ഷകര്‍ തുണയായി വരുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

ദൈവത്തെ പൂര്‍ണമായും വിസ്‌മരിച്ച്‌ ശിപാര്‍ശകരെ മാത്രം ആരാധനയും പ്രാര്‍ഥനയും നേര്‍ച്ചയും കാണിക്കകളും വഴി സ്വാധീനിക്കാന്‍ ഭക്തന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവയ്‌ക്ക്‌ സമര്‍പ്പിക്കുന്ന നേര്‍ച്ച കാഴ്‌ചകളും ദ്രവ്യങ്ങളുമെല്ലാം ഒരര്‍ഥത്തില്‍ ദൈവത്തിനുള്ള കോഴയായി മാറുന്നു. ഇത്‌ ദൈവത്തിന്റെ എല്ലാ മഹത്വവും ഇടിച്ചുതാഴ്‌ത്തുന്നതിനാല്‍ മാനുഷീക മൂല്യം അധപ്പതിക്കുന്നു .

ശുപാര്‍ശാവിശ്വാസം ജീവിതത്തില്‍ എന്തുതരം പ്രതികരണമാണുണ്ടാക്കുകയെന്ന്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന്‌ അല്ലാഹു ജനങ്ങളോട്‌ ആവശ്യപ്പെടുമ്പോള്‍, അതിനു കാരണമായി, ജീവിതത്തില്‍ ഭക്തിയും ധര്‍മനിഷ്‌ഠയുമുണ്ടാകാന്‍ വേണ്ടി എന്ന്‌ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്‌.

ഇഹലോകത്ത്‌ മാത്രമല്ല പരലോകജീവിതത്തിലും ശുപാര്‍ശകര്‍ ഒരു ഉപകാരവും ചെയ്യില്ല. അത്തരമൊരു വിശ്വാസത്തിന്‌ മാത്രമേ ജീവിതത്തെ വിമലീകരിക്കാനാവുകയുള്ളൂ.

തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം തനിക്കു തന്നെയാണെന്ന വിശ്വാസത്തിനു മാത്രമേ മനുഷ്യനെ നന്നാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

ശുപാര്‍ശകരും രക്ഷകരുമായി മറ്റുപലരെയും കണ്ടുവെക്കുന്നവര്‍ക്ക്‌ അവിഹിതമായത്‌ ചെയ്യാന്‍ പ്രയാസമുണ്ടാവുകയില്ല.

സ്വന്തം ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്‌ അവനവന്റെ കര്‍മങ്ങളാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു.

ഒരണുത്തൂക്കം നന്മ ചെയ്‌താല്‍ അതിന്റെ പ്രതിഫലവും ഒരണുത്തൂക്കം തിന്മയാണ്‌ ചെയ്‌തതെങ്കില്‍ അതിന്റെ ശിക്ഷയും ഓരോരുത്തരും അനുഭവിക്കേണ്ടിവരുമെന്നു ഖുര്‍ആന്‍ അടിവരയിട്ടു പറയുന്നു .

അല്ലാഹുവിനു പുറമെ രക്ഷകരെയും ശുപാര്‍ശകരെയും സ്വീകരിച്ച്‌ വണങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ ജീവിതരംഗത്ത്‌ ദൈവഭയത്താല്‍ സൂക്ഷ്‌മത പുലര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നില്ല. പ്രത്യുത, ദൈവത്തോട്‌ ധിക്കാരം കാണിച്ചാലും ശുപാര്‍ശകര്‍ രക്ഷപ്പെടുത്തുമെന്ന്‌ വിശ്വസിച്ച്‌ സമാധാനമടയുന്നു.

No comments:

Post a Comment