Wednesday, 31 October 2012

തൊഴിലാളി - മുതലാളി ബന്ധം



ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുര്‍ആന്‍ )

നിസ്തുലമായ നിരവധി അധ്യാപനങ്ങളും മാതൃകാപരമായ തത്ത്വങ്ങളുമായിട്ടാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവ ഉള്‍ക്കൊള്ളുകയും അവയുടെ വിധി വിലക്കുകളനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്താല്‍ ഒരാളുടെ ഇഹപരമായ ജീവിതങ്ങള്‍ ധന്യമായി.

ആഭിജാതമായ ഖുര്‍ആനി കാധ്യാപനങ്ങളില്‍ ഏറ്റവും തിളക്കമേറിയതാണ് നീതിബോധം. ലോകത്തിന്റെ സ്ഥിരതയും സമാധാനവും നിലകൊള്ളുന്നത് നീതിയുടെ ആണിക്കല്ലിലാണ്. നീതി നടപ്പിലാക്കുമ്പോഴാണ് അവകാശങ്ങള്‍ സം‌രക്ഷിക്കപ്പെടുന്നതും ലോകര്‍ക്കിടയില്‍ ശാന്തി കളിയാടുന്നതും പ്രപഞ്ചത്തിന്റെയും ആകാശങ്ങളുടെയുമെല്ലാം നിലനില്‍‌പ്പ് തന്നെ നീതിയിലധിഷ്‌ഠിത‌‌‌മായ വ്യവസ്ഥിതിയിലാണ് കുടികൊള്ളുന്നത്.

പ്രപഞ്ചത്തിന്റെ നിലനില്‍‌പ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ദൈവികയുക്തി മനുഷ്യനെ വിവിധ തട്ടുകളായി സൃഷ്‌ടിച്ചത്. ഒരാള്‍ ധനികനെങ്കില്‍ മറ്റൊരാള്‍ ദരിദ്രന്‍. വേറൊരാള്‍ നേതാവാണെങ്കില്‍ മറ്റൊരാള്‍ അനുയായി. ഇനിയുമൊരാള്‍ പണ്ഡിതനെങ്കില്‍ ഒരാള്‍ പാമരന്‍. ഇവരില്‍ ഓരോരുത്തര്‍ക്കും അപരനെ ആവശ്യമുണ്ട്. ലോകത്തിന്റെ മുമ്പോട്ടുള്ള ഗതി തുടരണമെങ്കില്‍ സഹവര്‍‌ത്തിത്വം കൂടിയേ തീരൂ.

വ്യത്യസ്തമായ തൊഴിലുകളും ഭിന്നമായ കഴിവുകളും നല്‍കി അല്ലാഹു മനുഷ്യരെ പരസ്‌പരം ആവശ്യമുള്ളവരാക്കി മാറ്റിയിരിക്കുന്നു. പരസ്‌പരമുള്ള സഹകരണത്തിന്റെയും ആശ്രിതത്വത്തിന്റെയും പങ്കുവെക്കലിന്റെയും സംസ്കാരമാണ് ലോകത്തെ ജീവസുറ്റതും ചലനാത്മകവുമാക്കിയത്. ആദാനപ്രദാനങ്ങളിലാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍‌പ്പെന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് വളച്ചുകെട്ടില്ലാത്ത ഖുര്‍ആന്‍  എല്ലാ തരം മനുഷ്യരുമായി പെരുമാറേണ്ടതെങ്ങനെയെന്ന് വ്യക്തമായി നിര്‍ദ്ദേശിക്കുന്നത്. വിശിഷ്യ, തൊഴിലാളിയും മുതലാളിയും തമ്മില്‍. എടുക്കലുകളുടെയും കൊടുക്കലുകളുടെയും ലോകത്തിന്റെ ഏറ്റവും നല്ല ഉദാഹരണം അവരാണല്ലോ.

തൊഴിലാളിക്ക് നല്‍‌കുവാനുള്ളത് താമസം‌‌വിനാ നല്‍കുന്നതാണ് നീതി. ഇതാണ് തൊഴിലാളി മുതലാളി ബന്ധത്തിന്റെ കാതല്‍. അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുക്കാന്‍ അടിമക്ക് ലഭിക്കുന്ന നല്ല ഒരുപാധിയാണ് ഈ ബന്ധം. 

തൊഴിലാളിയോട് മുതലാളി എങ്ങനെ പെരുമാറണമെന്ന് നബി(സ) നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ ഭൃത്യന്മാര്‍ നിങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുടെ കരങ്ങള്‍ക്ക്‌ കീഴിലാണവരെ നിര്‍ത്തിയിരിക്കുന്നത്. 

തൊഴിലാളികളോട് എങ്ങനെ പെരുമാറണമെന്നും അയാളുടെ അവകാശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ നീതി പുലര്‍ത്തേണ്ടതെങ്ങനെയെന്നും ഖുര്‍‌ആന്‍ വിവരിച്ചു തന്നിട്ടുണ്ട്.
തൊഴിലാളിയെ അയാള്‍ക്ക് വഹിക്കാവുന്നതിലപ്പുറമുള്ള ജോലിഭാരം ഏല്‍പ്പിക്കരുതെന്ന്നബി(സ) നിര്‍ദ്ദേശിച്ചു. ഭൃത്യന് ഭക്ഷണവും വസ്ത്രവും നല്‍കുക. അയാള്‍ക്ക് താങ്ങാനാവാത്ത കാര്യങ്ങള്‍ അയാളെ ഏല്‍പ്പിക്കരുത്. 

തൊഴിലാളിയെ പുച്ഛിക്കുകയോ അയാളുടെ വ്യക്തിത്വത്തെ ഇടിച്ചു തക‌ര്‍ക്കുന്ന വിധത്തില്‍ സംസാരിക്കുകയോ അരുത്. അയാള്‍ക്ക് നല്‍കാനുള്ളത് തടഞ്ഞുവെക്കുകയോ മാറ്റിവെക്കുകയോ അരുത്. നിങ്ങളുടെ കീഴിലുള്ള തൊഴിലാളികളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുടുംബത്തില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് മൈലുകളകന്ന്, തികച്ചും അപരിചിമായ പരിസരങ്ങളില്‍ കഠിനാധ്വാനം ചെയ്യുകയാണവര്‍. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പിരിമുറക്കങ്ങളുടെയും നടുവില്‍ കഴിഞ്ഞുകൂടുന്ന പച്ചമനുഷ്യരാണവര്‍. എന്നിട്ട് അവര്‍ ചെയ്യുന്ന വേലക്ക് കൂലി കൂടി കിട്ടിയില്ലെങ്കിലോ?അവര്‍ക്ക് ലഭിക്കേണ്ട ധനം അന്യായമായി പിടിച്ചുവെച്ചാലോ?

അന്ത്യനാളുകളില്‍ ഞാന്‍ മൂന്നു പേരുടെ എതില്‍ കക്ഷിയായിരിക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. എന്റെ പേരില്‍ സത്യം ചെയ്യുകയും പിന്നീട് അത് ലംഘിക്കുകയും ചെയ്തവന്‍, സ്വതന്ത്രനായ ഒരാളെ വില്‍ക്കുകയും എന്നിട്ടതിന്റെ വില ഭുജിക്കുകയും ചെയ്യുന്നവന്‍, തൊഴിലാളികളെ വെക്കുകയും അയാളെ നന്നായി പണിയെടുപ്പിക്കുകയും എന്നിട്ട് കൂലികൊടുക്കാതിരിക്കുകയും ചെയ്തവന്‍.

തൊഴിലാളികളോട് മാന്യമായും ആകര്‍ഷകമായും പെരുമാറുക, അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, അവരുടെ പക്കല്‍ തെറ്റുകളുണ്ടെങ്കില്‍ അത് അവര്‍ തന്നെ തിരുത്തുവാനുതകും വിധമായിരിക്കണം അവരോടുള്ള നിങ്ങളുടെ സമീപനം.

അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉദാത്ത മാതൃകയുണ്ട്‌.

ദുര്‍ബലരായ തൊഴിലാളികളെയും ഭൃത്യരെയും അടിക്കുന്നതും അവരോട് അനീതി കാണിക്കുന്നതും അല്ലാഹു വിലക്കിയിട്ടുണ്ട്. 

ഖുര്‍‌ആന്‍ പറഞ്ഞു: "ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയന്ന് നീതിനിര്‍ഭരമായ തുലാസുകള്‍ നാം സ്ഥാപിക്കും. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കുകയില്ല. കര്‍മ്മം ഒരു കടുമണിയോളമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് തിട്ടപ്പെടുത്താന്‍ നാം തന്നെ മതി.

ലോകത്തില്‍ വിശ്വാസികളുടെ മൂന്ന് വിഭാഗങ്ങള്‍ ഉണ്ട്. 1. വലിയ ആത്മവിശ്വാസമുള്ള ഒരു കൂട്ടര്‍. 2. മറ്റൊരു കൂട്ടര്‍, അവര്‍ക്ക് തങ്ങളില്‍ തന്നേയും വിശ്വാസമില്ല ദൈവത്തിലും വിശ്വാസമില്ല. 3. ഇനിയുമൊരു കൂട്ടര്‍, അവര്‍ക്ക് അവരില്‍ തന്നെ വിശ്വാസമില്ല. എന്നാല്‍ അവര്‍ എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് ഒഴിഞ്ഞു വച്ചു നിഷ്ക്രിയരായിരിക്കുന്നു .

No comments:

Post a Comment