Monday, 22 October 2012

അഭ്യാസം മാത്രം.



ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക ഭൂമിയില്‍ മൂല്യങ്ങളും ധാര്‍മിക വിചാരങ്ങളും അന്യവല്‍കരിക്കപ്പെടുകയും വിദ്യാഭ്യാസം എന്നാല്‍ പണം നേടാനുള്ള വഴി എന്നിടത്തേക്ക്‌ കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്‌തു. ഇതോടെ `വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം' എന്ന കാഴ്‌ചപ്പാട്‌ `വിദ്യ എന്നാല്‍ ധനം ധനമാണ്‌ പ്രധാനം' എന്നു പരാവര്‍ത്തനം ചെയ്യപ്പെട്ടു. എത്രയും പെട്ടെന്ന്‌ ജോലി നേടാവുന്ന കൂടുതല്‍ ശമ്പളം നേടാവുന്ന ഞൊടുക്ക്‌ സാങ്കേതിക വിദ്യകള്‍ വിദ്യാഭ്യാസത്തിന്റെ റോള്‍ മുഴുവനായി ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാവുകയും ചെയ്‌തു.


മനുഷ്യനില്‍ ആദ്യമേ ഉള്ള ദൈവികമായ ഒരു പൂര്‍ണതയുടെ മനുഷ്യത്വല്‍കരണമാണ്‌ വിദ്യാഭ്യാസം.

വിദ്യാഭ്യാസം എന്നാല്‍ വിവരശേഖരണം എന്നിടത്തേക്ക്‌ കാര്യങ്ങള്‍ ഒതുങ്ങിച്ചുരുങ്ങുകയും അനുഭവമായ ഗുരുവില്‍നിന്ന്‌ വിവര വിതരണക്കാരായ അധ്യാപകനിലേക്കുള്ള രംഗമാറ്റത്തിനിടെ വിദ്യാഭ്യാസത്തിലെ വിദ്യപോവുകയും അഭ്യാസം മാത്രം ബാക്കിയാവുകയും ചെയ്‌തു.

ഹൃദയപരിശോധനയെ പറ്റി ചിന്തിക്കാന്‍ പോലും സമയമില്ലാതായ ക്ലാസ്‌ മുറികളില്‍ അഞ്ച്‌ കുട്ടികളുള്ള ക്ലാസില്‍ നാല്‌ മിഠായി എങ്ങനെ വീതിക്കും എന്ന്‌ ശങ്കിച്ച ടീച്ചറോട്‌: എനിക്ക്‌ വേണ്ട, അവര്‍ക്ക്‌ കൊടുത്തോളൂ എന്നു പറഞ്ഞ വിദ്യാര്‍ത്ഥി ബുദ്ധിയില്ലാത്തവനും തലക്ക്‌ വെളിവില്ലാത്തവനുമായി.

അത്യാധുനീക  വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചിട്ടും ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ലേ? മാറ്റമുണ്ടായി. മുമ്പ്‌ പാകം ചെയ്‌തുവെച്ച മനുഷ്യനെ കൈകൊണ്ടാണ്‌ തിന്നിരുന്നതെങ്കില്‍ ഇപ്പോഴത്‌ കത്തിയും മുള്ളും ഉപയോഗിച്ചാണ്‌ . ആത്മാവ്‌ നഷ്‌ടപ്പെട്ട സമകാലീന വിദ്യാഭ്യാസത്തിന്‌ ഇതിലപ്പുറം എന്ത്‌ മാറ്റം ഉണ്ടാക്കാനാണ്‌ കഴിയുക. വിദ്യാഭ്യാസം കാട്ടാളനെ മനുഷ്യനാക്കും എന്ന്‌ പറഞ്ഞയാള്‍ക്ക്‌ തെറ്റി. വിദ്യാഭ്യാസം മനുഷ്യനെ കാട്ടാളനാക്കും എന്നാണ്‌ പറയേണ്ടിയിരുന്നത്‌ എന്നാരെങ്കിലും പറഞ്ഞാല്‍ അതെത്ര മേല്‍ ശരിയാണ്‌.

വിദ്യ അഭ്യസിച്ചവനും നിരക്ഷരനും തമ്മില്‍ യാതൊരു അന്തരവുമില്ലെന്ന്‌ വരുത്തിത്തീര്‍ത്തത്‌ തന്നെയല്ലേ പുതിയ വിശകലന രീതികള്‍ ഏറ്റെടുത്തതിന്റെ തിക്തഫലം.

മത്സരങ്ങളുടെ ലോകമായി വിദ്യാഭ്യാസ രംഗം മാറിയതോടെ മുന്നില്‍ കാണുന്നവനും കൂടെ ഇരിക്കുന്നവനുമാണ്‌ വിദ്യാര്‍ത്ഥിയുടെ ഏറ്റവും വലിയ ശത്രു എന്ന നിലവന്നു. ശത്രുവിനെ കീഴ്‌പ്പെടുത്തിയാലേ മുന്നോട്ടുള്ള ഗമനം സുഗമമാവൂ എന്ന്‌ വന്നാല്‍ അവന്‍ ശത്രുവിനെ നശിപ്പിച്ചെന്നുവരും. കാരണം കഠാരയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനിടെ തന്റെ സഹോദരന്റെ നെഞ്ചില്‍ അത്‌ താഴ്‌ത്തരുതെന്ന്‌ ഇതുവരെ ആരും അവനോട്‌ പറഞ്ഞിട്ടില്ല. തോക്കില്‍ ഉപയോഗിക്കപ്പെടുന്ന ബലത്തെകുറിച്ച്‌ പറഞ്ഞപ്പോഴും മറ്റൊരുത്തന്റെ നേരെ അതിന്റെ കാഞ്ചി വലിക്കരുതെന്ന്‌ ആരും അവനോട്‌ ഓര്‍മ്മപ്പെടുത്തിയിട്ടുമില്ല .

സ്വന്തത്തിലേക്ക്‌ മാത്രം നോക്കാന്‍ പഠിപ്പിക്കുന്നതാണ്‌ ഇന്നത്തെ പുത്തന്‍ വിദ്യാഭ്യാസം. അതുകൊണ്ട്‌ തന്നെ ഓരോ വിദ്യാര്‍ത്ഥിയും സഞ്ചരിക്കുന്ന ദ്വീപുകളായി തീര്‍ന്നിരിക്കുകയും ചെയ്‌തിരിക്കുന്നു.

ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത യന്ത്രങ്ങളോട്‌ മാത്രം സല്ലപിച്ച്‌ ജീവിക്കുന്ന വിദ്യാര്‍ത്ഥിക്ക്‌ അന്യന്റെ വേദനയും സങ്കടവും മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയാത്തതില്‍ അത്ഭുതപ്പെടാന്‍ യാതൊരു വകയുമില്ല.

ആധൂനീക വിദ്യാര്‍ത്തിക്ക് സമയവും സന്ദര്‍ഭവും സൗകര്യവുമില്ലാതെ വരുത്തിത്തീര്‍ത്തു. അവന്റെ ചുറ്റുപാടുകള്‍ പോലും അവന്‌ അന്യംനിന്നിരിക്കുന്നു. അതുകൊണ്ട്‌ തന്നെ ബി.എസ്‌.സി. ബോട്ടണി കഴിഞ്ഞവന്‌ വീട്ടുവളപ്പിലെ കുറ്റിച്ചെടി തിരിച്ചറിയാനാവുന്നില്ല. എം.എസ്‌.സി. കെമിസ്‌ട്രി കഴിഞ്ഞവന്‌ ചുറ്റുവട്ടത്തെ ഫാക്‌ടറികളില്‍നിന്ന്‌ പുറംതള്ളുന്ന വാതകമേതെന്ന്‌ അറിഞ്ഞന്ന്‌ വരില്ല. ഭാഷയില്‍ ഉന്നത പഠനം നടത്തുന്നവന്‌ നാട്ടുഭാഷയുടെ ഗ്രാമീണത കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലാകാനും ഇടയില്ല. ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല. സാങ്കേതികതയുടെ സഹായം കൊണ്ടേ വിദ്യ നേടാനാവൂ എന്ന്‌ ശാഠ്യം പിടിക്കുന്ന കാലത്ത്‌ വിദൂരത്തുള്ളതൊക്കെ അടുത്തെത്തുകയും അടുത്തുള്ളതൊക്കെ വിദൂരത്താവുകയും ചെയ്യും. ഇതൊരു വസ്‌തുതയാണ്‌.

ഇന്നത്തെ ആധൂനീക വിദ്യാഭ്യാസം അപൂര്‍ണ്ണമാണ്‌.
ഇന്ധനമുണ്ട് , വൈധ്യുതിയുണ്ട് , യന്ത്രങ്ങളുണ്ട് , അമ്ബരച്ചുംബികളായ കെട്ടിടങ്ങളുണ്ട് , എന്നാല്‍ പക്ഷികളില്ല , പൂക്കളില്ല , നീര്ചോലയില്ല , മരങ്ങളില്ല , മനുഷ്യനുമില്ല . അതെ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥയും അത്‌ തന്നെ. എല്ലാമുണ്ട്‌, പക്ഷെ, മനുഷ്യനില്ല. മനുഷ്യനന്മക്ക്‌ ഉതകുന്ന ഒന്നുമില്ല. ``ആധുനിക മനുഷ്യന്‌ അവന്റെ വിദ്യാഭ്യാസം കൊണ്ട്‌ പറവയെപോലെ ആകാശത്തൂടെ പറക്കാനും മത്സ്യത്തെപോലെ ആഴിക്കടിയിലൂടെ നീന്താനും സാധിക്കുന്നു. പക്ഷെ, മനുഷ്യനെ പോലെ രണ്ട്‌ കാലില്‍ ഭൂമിയിലൂടെ നടക്കാനാവുന്നില്ല.


ആധൂനീക വിദ്യാഭ്യാസത്തിന്റെ വൈറ്റ്‌ കോളര്‍ താല്‍പര്യങ്ങള്‍ക്ക്‌ മുമ്പില്‍ തളരുന്നത്‌ മനുഷ്യനും അവനിത്‌ വരെ കിനാവില്‍ പൊതിഞ്ഞുകൊണ്ട്‌ നടന്ന അവന്റെ ശ്രേഷ്‌ഠ മൂല്യങ്ങളുമാണ്‌. ഓര്‍മകളെ മാത്രമല്ല, അവന്റെ കാഴ്‌ചകളെപോലും അവന്‌ തദ്വാരാ വിനഷ്‌ടമായി കൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യത്തിന്‌ ശേഷമുള്ള ആറരപതിറ്റാണ്ടിന്റെ ശേഷമുള്ളഏവിദ്യാഭ്യാസത്തിന്റെ ബാലന്‍സ്‌ ഷീറ്റ്‌ പരിശോധിക്കുമ്പോള്‍ കേരളീയര്‍ കൊട്ടിഘോഷിക്കുന്ന പ്രധാന കാര്യം സാക്ഷരതയാണ്‌. സാക്ഷരതകൊണ്ട്‌ എല്ലാ വയസ്സന്മാരും പേരെഴുതി ഒപ്പിടാന്‍ പടിച്ചു എന്നതിലപ്പുറം എന്ത്‌ നേട്ടമാണ്‌ നാം നേടിയതെന്ന്‌ ചിന്തിക്കാന്‍ സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.


മാറിമാറിവരുന്ന ഭരണകൂടങ്ങളും അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ ബൗദ്ധികമായ വ്യാഖ്യാനങ്ങളൊരുക്കുന്ന വിദ്യാഭ്യാസ ദുരന്തന്മാരും ചേര്‍ന്ന്‌ തുന്നിയെടുക്കുന്ന സിലബസ്‌, പാകമാവാത്തത്‌ എന്നതിലപ്പുറം നിഗൂഡമായ പല താല്‍പര്യങ്ങളുടെയും ഒളിത്താവളങ്ങള്‍ കൂടിയാണ്‌. ചുരുക്കത്തില്‍ നാം കൊട്ടിപ്പാടുന്ന പുതിയ നൂറ്റാണ്ടിലെ മാനവന്റെ വിദ്യാഭ്യാസപരമായ ഉന്നമനം കാറ്റുപോയ ബലൂണ്‍ മാത്രമാണെന്ന്‌ ഉള്ളിലേക്കിറങ്ങി ചിക്കിപെറുക്കുമ്പോള്‍ വേഗം തിരിച്ചറിയാനാവും.

വിദ്യാഭ്യാസം നേടി ജോലി ലഭിക്കുന്നതിനേക്കാള്‍ പണം നേടാന്‍ എളുപ്പമുള്ള മാര്‍ഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കലാണ്‌ എന്ന സന്ദേശംകൂടെ വ്യാപകമായതോടെ എല്ലാ അര്‍ത്ഥത്തിലും ഒരു കച്ചവട- പണ ചിന്തകളുടെ ലോകമായി വിദ്യാഭ്യാസരംഗം മാറി.

പണമുള്ളവന്‌ നിലവാരമുള്ള വിദ്യാഭ്യാസവും അല്ലാത്തവന്‌ കാലപ്പഴക്കത്തിന്റെ സകല വിമുഖതകളുമുള്ള സാമ്പ്രദായിക വിദ്യാഭ്യാസവും എന്ന പഴയ പാര്‍ശ്വവല്‍കൃത വിദ്യാഭ്യാസം തന്നെയാണ്‌ ശക്തിപ്പെട്ടിരിക്കുന്നത്‌. പണം നിയന്ത്രിക്കുകയും പണത്താല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ക്ലാസ്‌ മുറികളില്‍ ഗുരു-ശിഷ്യബന്ധം ഊഷ്‌മളമാവും എന്ന്‌ കരുതുന്നത്‌ തെറ്റാണ്‌. കാരണം ടീച്ചറ്‌ ക്ലാസെടുക്കുമ്പോള്‍ കൊടുത്ത കാശിന്‌ മാത്രം ക്ലാസുണ്ടോ എന്ന്‌ നിരൂപണം നടത്തുകയും പിന്നീട്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ്‌ ഗുരു-ശിഷ്യ ബന്ധം രൂപപ്പെടുക.

ഭാരതത്തിലിപ്പോള്‍ വിദ്യാഭ്യാസത്തെ മൊത്തകച്ചവടമാക്കുക മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗങ്ങള്‍ വരെ തീരുമാനിക്കുന്നത്‌ വ്യവസായ ശൃംഖലകളാണ്‌. രാഷ്‌ട്രീയത്തിന്റെ തിണ്ണബലമുള്ളവര്‍ക്ക്‌ എത്ര വലിയ സ്ഥാപനവും ഏത്‌ പാറപ്പുറത്തും അനുവദിക്കും എന്ന്‌ വന്നാല്‍ ബാക്കിയാവുന്നത്‌ സര്‍ട്ടിഫിക്കറ്റുകള്‍ ഗുളികകളാക്കി ശേഖരിച്ച്‌ വെച്ച ഫാക്‌ടുകളല്ലാതെ മറ്റെന്താണ്‌.

No comments:

Post a Comment