Saturday 20 October 2012

തഖ്ലീദ് (അനുകരണം)



പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് നിര്‍വൃതിയടയുകയല്ല, ലക്ഷ്യം നേടലാണ് പ്രധാനം.

തെളിക്കപ്പെടുന്ന മൃഗവും അനുകരിക്കുന്ന മനുഷ്യനും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

ഗതകാലത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തലിനു വിധേയമാക്കുകയും തിരുത്തേണ്ടവയെ തിരുത്താന്‍ ആര്‍ജ്ജവം കാണിക്കുകയും ചെയ്യുക .

ഇന്നലെകളില്‍ ചെയ്തതു മുഴുവന്‍  വീരകൃത്യങ്ങളായിരുന്നുവെന്ന് ഇന്നവ അവകാശപ്പെടുന്നില്ല. ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്, ചെയ്യേണ്ടതുപോലെത്തന്നെയാണ് ചെയ്യുന്നത് എന്ന് തീര്‍ത്തുപറയുന്നുമില്ല. എന്തിനെപ്പറ്റിയും പുനര്‍വിചിന്തനങ്ങളാവാം എന്ന തുറന്ന മനസ്സാണ് വേണ്ടത് .

പുനര്‍വിചിന്തനം കുറ്റകൃത്യമല്ല, സദ്കൃത്യമാണ്; അധോഗതിയല്ല, പുരോഗതിയാണ്. ചിന്തയുള്ളവര്‍ക്ക് പുനര്‍വിചിന്തനങ്ങളുണ്ടാകും. പുനര്‍വിചിന്തനങ്ങള്‍ക്ക് ആര്‍ജ്ജവം കാണിക്കുന്നവര്‍ക്ക് പുരോഗതിയുണ്ടാവും.


ഖുര്‍ആനിനു വിധേയമായിട്ടുള്ള  പ്രവര്‍ത്തനം വിശ്വാസിയുടെ ചുമലിലുള്ള ഒരമാനത്താണ്. 'അമാനത്ത്' ഭംഗിയായി നിര്‍വഹിക്കേണ്ട ബാധ്യത വ്യക്തിക്കുമുണ്ട് . അതില്‍ സംഭവിക്കുന്ന വീഴ്ച വഞ്ചനയായി ഗണിക്കപ്പെടും.

"വിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും അറിഞ്ഞുകൊണ്ട് നിങ്ങള്‍ വഞ്ചിക്കരുത്. നിങ്ങളുടെ അമാനത്തുകളെയും വഞ്ചിക്കരുത്'' (ഖുര്‍ആന്‍)

പുരോഗതികള്‍ ആരംഭിക്കുന്നത് ചോദ്യത്തില്‍ നിന്നാണ്.

മറ്റുള്ളവരോടല്ല, സ്വന്തത്തോട് ആത്മവിമര്‍ശനത്തിന് ആര്‍ജ്ജവമില്ലാത്തവന് നിന്നിടത്ത് നിന്ന് കുഴിയാനയെപ്പോലെ വട്ടത്തില്‍ ചുറ്റാം, അല്ലെങ്കില്‍ മുന്നോട്ടല്ല, രണ്ടടി പിറകോട്ട് വെയ്ക്കാം.


സ്വയം വിമര്‍ശിക്കുന്ന മനസ്സ്.ആ വിമര്‍ശനത്തിലൂടെയാണ് സമാധാനമുള്ള മനസ്സിലേക്കുയരുന്നത്.


വ്യക്തിയില്‍ ആത്മവിമര്‍ശനം പൂരോഗതിയുണ്ടാക്കുമെങ്കില്‍ സംഘടനയിലും പുരോഗതിയുണ്ടാക്കും.


വിമര്‍ശനാത്മക വിലയിരുത്തലുകളാണ് ആരോഗ്യകരമായ തിരുത്തലുകളിലേക്ക് നയിക്കുന്നത്. മാറ്റത്തിനു തയ്യാറില്ലാത്തവര്‍ക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല.



സ്വയം മാറാന്‍ സന്നദ്ധതയില്ലാത്തവരെ അല്ലാഹു മാറ്റുകയില്ല. "ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല.  (ഖുര്‍ആന്‍)


ഖുര്‍ആന്‍ പരിശോധിച്ചുനോക്കൂ. തൌഹീദ് എന്ന അടിസ്ഥാനത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, സ്വാലിഹ് നബി പറഞ്ഞതല്ല ഹൂദ് നബി പറഞ്ഞത്. ലൂത്വ് നബി പറഞ്ഞതല്ല ഇബ്രാഹീം നബി പറഞ്ഞത്. ഈസ ചെയ്തതല്ല മൂസ ചെയ്തത്. മുഹമ്മദ് നബി മക്കയില്‍ ചെയ്തതല്ല മദീനയില്‍ ചെയ്തത്.

പണ്ഡിത വചനങ്ങള്‍ക്ക് ശാശ്വതികത്വമില്ല, അപ്രമാദിത്വവുമില്ല. കാലാതിവര്‍ത്തിയുമല്ല അവ. അവര്‍ ചിന്തിച്ചത് അവരുടെ കാലഘട്ടത്തിനുവേണ്ടിയായിരുന്നു, നമ്മുടെ കാലഘട്ടത്തിനുവേണ്ടിയായിരുന്നില്ല. അവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അന്നു പറഞ്ഞതുപോലെയാകുമായിരുന്നില്ല പറയുക. അവരല്ല, അവര്‍ മാറ്റാനായി പറഞ്ഞ അഭിപ്രായങ്ങളെ ശാശ്വതസത്യങ്ങളായി കൊണ്ടു നടക്കുന്നവരാണ് തെറ്റുകാര്‍.


നമുക്കുവേണ്ടി നാം തന്നെ ചിന്തിക്കുക. അല്ലെങ്കില്‍ ഏറ്റവും  ചുരുങ്ങിയത് പൂര്‍വികരുടെ ചിന്തകളെ കാലാനുസൃതമായി നവീകരിക്കുകയെങ്കിലും ചെയ്യുക. നവീകരണമാണ് തജ്ദീദ്.


അല്ലാഹുവിന്റെ ബോധനമാണ് ഖുര്‍ആന്‍ . എന്നിട്ടും അത് തജ്ദീദ് അനുവദിച്ചു. തജ്ദീദിലൂടെയാണ് ഇസ്ലാം കാലാതിവര്‍ത്തിത്വം നേടുന്നത്. കാലത്തിനൊപ്പം നടക്കാനാണ് അത് തജ്ദീദനുവദിച്ചത്.


തറവാടിന്റെ മഹാത്മ്യം പറഞ്ഞ് അതിന്റെ ജീര്‍ണതയെ തൊടാനനുവദിക്കാത്തവര്‍ ചാരുകസേരയിലിരുന്ന് സായൂജ്യമടയുമ്പോള്‍ രംഗത്തുവരേണ്ടതാണ് പരിഷ്കരണവാദം .

തഖ്ലീദ് (അനുകരണം) ഒഴിവാക്കി തജ്ദീദിനെയും ഇജ്തിഹാദിനെയും ഉയര്‍ത്തിപ്പിടിക്കുക.


ഏതു നാട്ടിലേക്ക് നാം മുന്നറിയിപ്പുകാരനെ അയച്ചപ്പോഴും അവിടത്തെ സുഖലോലുപന്മാര്‍ ഇതുതന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സ്വന്തം പൂര്‍വ്വികരെ ഒരു മര്‍ഗത്തില്‍ കണ്ടിരിക്കുന്നു. അവരുടെ പാരമ്പര്യം തുടരുകയാകുന്നു ഞങ്ങള്‍. (ഖുര്‍ആന്‍)


മനുഷ്യന്‍ എന്ന ഏറ്റവും അമൂല്യമായ വിഭവം ഇന്നേറ്റവും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നത് ഒരുപക്ഷേ സ്വയം സംസ്കരണ മേഖലയിലായിരിക്കും.


ആള്‍ക്കൂട്ടങ്ങളല്ല, തത്വജ്ഞാനികളാണ് വിപ്ളവങ്ങള്‍ സൃഷ്ടിക്കുന്നത്.


ചിന്ത മുഴുവന്‍ നേതാക്കളെ ഏല്‍പിക്കുന്ന അനുയായികളും അനുയായികള്‍ക്കുവേണ്ടി തങ്ങള്‍ ചിന്തിച്ചുകൊള്ളാമെന്നേല്‍ക്കുന്ന നേതാക്കളും ചേര്‍ന്നതാണ് ഒരു പ്രസ്ഥാനമെങ്കില്‍ ആ പ്രസ്ഥാനം ജഡമായി.

നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചിന്തിച്ചുകൊള്ളാം എന്ന് പറയുന്നത് ഫറോവിസമാണ്.


ഫറോവാന്‍ പറഞ്ഞു: എനിക്കുചിതമെന്നു തോന്നിയ അഭിപ്രയാമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. നേര്‍വഴിക്കു തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നതും. (ഖുര്‍ആന്‍)


പ്രവാചകനു വഹ്യുണ്ടായിരുന്നിട്ടുപോലും അനുയായികളെ അദ്ദേഹം ചിന്തിപ്പിച്ചു.


ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ റിസള്‍ട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്. നല്ല പ്രവര്‍ത്തനമല്ല, ഏറ്റവും നല്ല പ്രവര്‍ത്തനമാണ് അല്ലാഹു ആവശ്യപ്പെടുന്നത്.


ജനിമൃതികളുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍. അവന്‍ അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു. (ഖുര്‍ആന്‍)


നല്ല  പ്രവര്‍ത്തനം ഏറ്റവും സൂക്ഷ്മമായും ഭംഗിയായും ചെയ്യുന്നതിനെയാണ് ഇഹ്സാന്‍ എന്ന് പറയുന്നത്.

കുതന്ത്രങ്ങളിലൂടെ എന്ന മറുപടി ലളിതവല്‍ക്കരണമായിരിക്കും.

No comments:

Post a Comment