Friday, 14 September 2012

ഏകീകരണം.


ഖുര്‍ആന്റെ ദൈവികതയെ അവിശ്വസിച്ചുകൊണ്ട് അതിനെ സമീപിക്കുന്നവര്‍ക്ക് നാനാവിഷയങ്ങളെക്കുറിച്ച് അടുക്കും ചിട്ടയുമില്ലാതെ ക്രോഡീകരിച്ച വചന സമുച്ചയമായേ തോന്നൂ. 

ദൈവത്തിങ്കല്‍ നിന്ന് വാര്‍ന്നുവീണ വാങ്മയ വെളിപാടുകളാണെന്ന ബോധം എത്രകണ്ട് തീക്ഷ്ണമാണോ അത്ര കണ്ട് തീക്ഷ്ണമാകുന്നു അവയുടെ വെളിച്ചം.  ഉണ്മയുടെ അകവും പുറവും അതില്‍ തെളിയുന്നു. 

ഖുര്‍ആനിന് ഫുര്‍ഖാന്‍ എന്നും പേരുണ്ട്.  സത്യാസത്യങ്ങളെ, നന്മതിന്മകളെ, ധര്‍മാധര്‍മങ്ങളെ വേര്‍തിരിക്കുന്നത് എന്നാണതിന്റെ അര്‍ത്ഥം.

ഖുര്‍ആന്റെ അറബി മൂലമാണ് അലൌകിക പ്രതിഭാസം.  അതിന്റെ തര്‍ജമകളും വ്യാഖ്യാനങ്ങളും മാനുഷികമാണ്.  അമാനുഷികമായതിനെ മനുഷ്യന് പുനര്‍നിര്‍മിക്കാനാകില്ല.

മരിച്ചവരെ ജീവിപ്പിക്കുന്നത് പോലെയും വടി പാമ്പാകുന്നതു പോലെയുള്ള അത്ഭുതങ്ങള്‍  അത് കാണുന്നവര്‍ക്ക് മാത്രമേ ദൃഷ്ടാന്തമായിരിക്കുകയുള്ളൂ.  പില്‍ക്കാലക്കാര്‍ക്ക് അതൊക്കെയും കേവലം ഇതിഹാസങ്ങളായിരിക്കും.  അന്ത്യനാള്‍ വരേക്കുള്ള അന്ത്യപ്രവാചകന്‍ അവതരിപ്പിക്കുന്ന ദിവ്യാത്ഭുത ദൃഷ്ടാന്തം എക്കാലത്തുമുള്ള എല്ലാ ജനങ്ങള്‍ക്കും അനുഭവവേദ്യമാകുന്നതായിരിക്കണം.  അതാണ് ഖുര്‍ആന്‍. 

ജീവിതത്തെ പ്രകൃതിയോട് സമരസപ്പെടുത്തുന്ന അഥവാ പ്രകൃതിയുടെ വിധാതാവിന് വിധേയമാക്കുന്ന ധര്‍മസരണി എന്നാണ് പ്രകൃതിമതം എന്നതിന്റെ താത്പര്യം. 

ഖുര്‍ആനിലൂടെ സഞ്ചരിക്കുന്നത് പ്രകൃതിയിലൂടെ സഞ്ചരിക്കുന്നത് പോലെയാണ്. 
ഖുര്‍ആനിലൂടെ സഞ്ചരിക്കുന്നവര്‍ സുവിശേഷങ്ങളിലൂടെ, താക്കീതുകളിലൂടെ വെല്ലുവിളികളിലൂടെ, തത്വവിചാരങ്ങളിലൂടെ, സദുപദേശങ്ങളിലൂടെ, നീതിസാരങ്ങളിലൂടെ, ചരിത്രങ്ങളിലൂടെ, പ്രവചനങ്ങളിലൂടെ സുഖദുഃഖങ്ങളിലൂടെ, രക്ഷാ-ശിക്ഷകളിലൂടെ അങ്ങിനെ ഇടകലര്‍ന്ന വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്നു. 

നമ്മെത്തന്നെ നമുക്ക് കാണിച്ചുതരുന്ന നമ്മുടെ അകത്തളത്തിന്റെ കണ്ണാടിയാണ് ഖുര്‍ആന്‍. 

ദൈവവിചാരമില്ലാത്ത മനസ്സുകളെ ഖുര്‍ആന്‍ സ്വാധീനിക്കുകയില്ല.  അത്തരം മനസ്സുകളെ അത് സ്പര്‍ശിക്കാതെ കടന്നുപോകുന്നു. 

ഖുര്‍ആനിന് തുടക്കവും ഒടുക്കവുമില്ല എന്നതാണ് വാസ്തവം. ഏത് വചനത്തിലും അവസാനുപ്പിക്കുകയും ചെയ്യാം. ഒരു ഗോളം പോലെയാണത്. അല്ലെങ്കില്‍ ആകാശത്തിലെ നക്ഷത്രരാജി പോലെ. എവിടെ നിന്നും തുടങ്ങാം. എവിടെയും അവസാനിപ്പികാകാം. ഓരോ സൂക്തത്തിനും സ്വതന്ത്രമായ അര്‍ത്ഥവും ആശയലോകവുമുണ്. എന്നാല്‍ എല്ലാം പരസ്പരം അഭേദ്യമായി ബന്ധിതവുമാണ്.

ഒരു സാഹചര്യത്തിന്റെ വ്യാഖ്യാനം ആ സാഹചര്യം സങ്കല്പിച്ചുകൊണ്ട് പഠിപ്പിക്കുന്നതും യാഥാര്‍ത്ഥ്യമായി അനുഭവിപ്പിച്ചുകൊണ്ട് പഠിപ്പിക്കുന്നതും തമ്മില്‍ വലുതായ അന്തരമുണ്ട്. ഒന്ന് അനുമാനാധിഷ്ഠിതവും മറ്റേത് അനുഭവാധിഷ്ഠിതവുമാണ്.

ഏകദൈവത്വം സത്യത്തിന്റെ എന്നപോലെ സ്വാതന്ത്യ്രത്തിന്റെയും ശക്തമായ അടിത്തറയാണ് .

ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മൌലിക പ്രധാനമായ തത്വം തൌഹീദാണ്.  ഏകീകരണം എന്നാണീ പദത്തിന്റെ ഭാഷാര്‍ത്ഥം. 

ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ഏകദൈവത്വത്തിന്റെ മറ്റൊരു തലം മനുഷ്യനുള്‍പ്പെടെയുള്ള പ്രപഞ്ച സൃഷ്ടികളുടെ ഐക്യമാണ്. 

ഖുര്‍ആന്‍ അവതരിപ്പിക്കുന്ന തത്വങ്ങളും നിയമങ്ങളും മനുഷ്യപ്രകൃതിയില്‍ നിമജ്ജിതമായിട്ടുള്ളതാണ്. ‘മനസ്സാണെ, അതിനെ വിതാനിച്ചവനാണേ അവന്‍ അതിന്റെ ധര്‍മ്മാധര്‍മ്മങ്ങള്‍ ബോധനം ചെയ്തിരിക്കുന്നു.  ധര്‍മബോധം വളര്‍ത്തി മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചു.  അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജിതനായി’
വൈവിധ്യങ്ങള്‍ സ്വയം തിരിച്ചറിയാനും പരസ്പരം തിരിച്ചറിയാനുമുള്ള ഉപാധികളാണ്.
വൈവിധ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യരാശി ഒരു സമുദ്രത്തിലെ ജലകണങ്ങള്‍ പോലെ ആര്‍ക്കും സ്വന്തമായി വ്യക്തിത്വമോ അസ്തിത്വമോ ഇല്ലാത്ത സൃഷ്ടിയായിത്തീരുമായിരുന്നു. 

No comments:

Post a Comment