Sunday, 25 August 2013

ഖുർആനീകാശയത്തിന്റെ ചക്രവാളം വികസിക്കുന്നു.




നാം ഖുര്‍ആന്‍ വായിക്കുന്നത് അറബിയിലാണ്‌. മഹാ ഭൂരിപക്ഷത്തിനും ഒന്നും മനസ്സിലാകുന്നില്ല എന്നുവേണം കരുതാൻ. അതിനാല്‍ അര്‍ഥമറിയാതെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്‍ഥവും ഖുര്‍ആന്‍ തന്നെയാണ്‌. ‘ഖുര്‍ആനില്‍ നിന്ന് അതിന്റെ വരിയല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത ഒരു കാല’ത്തെക്കുറിച്ച് നബി താക്കീത് നല്‌കിയിട്ടുണ്ട്. അര്‍ത്ഥമറിയാതെയുള്ള വായനകൊണ്ട് വെറും വരികളുടെ പാരായണം മാത്രമേ നടക്കുന്നുള്ളു. ഒരു ഗ്രന്‍ഥം വായിക്കുന്നത് ആശയം ഗ്രഹിക്കാനല്ലേ? എന്നിരിക്കെ, പാരായണത്തിന്റെ ലക്‌ഷ്യം നേടാന്‍ അര്‍ഥമറിയാതെയുള്ള വായന മതിയാകുമോ? അര്‍ത്ഥമറിയാതെ ഖുര്‍ആന്‍ വായിച്ച് പുണ്യം നേടാനുള്ള കല്‌പന ഖുര്‍ആനിലുണ്ടോ?.

നമ്മോട് ഖുര്‍ആന്‍, വായിക്കാന്‍ പറഞ്ഞ അല്ലാഹുവിന്റെ ഉദ്ദേശ്യമെന്താണ്‌? ആലോചിച്ചിട്ടുണ്ടോ? ഇല്ല. പിന്നെ നാമെന്താണ്‌ ചെയ്യുന്നത്? അല്ലാഹു വായിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതിനാൽ നാം വായിക്കുന്നു.
അര്‍ത്ഥമറിയാതെ ഖുര്‍ആന്‍ വായിക്കുന്നതില്‍ ഒരു പുണ്യവുമില്ലെന്ന് പറയുന്നതിലല്ല; യഥാർത്ഥത്തിൽ അതല്ല ഖുര്‍ആന്‍ പാരായണത്തിന്റെ സാക്ഷാല്‍ ഉദ്ദേശ്യമെന്നേ നാം മനസ്സിലാക്കേണ്ടത്.



ഖുര്‍ആന്‍ ആശ്രയിച്ച് ജീവിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ പിന്നെ തന്റെ പ്രശ്‌നങ്ങളുടെ പരിഹാരം തേടി മറ്റെവിടേയെങ്കിലും പോകേണ്ടതില്ലെന്ന് ബോധ്യമാകും.

കാലം പുരോഗമിക്കുമ്പോഴും ആശയത്തിന്റെ ചക്രവാളം വികസിക്കുന്നു എന്നതാണ് ഖുര്‍ആനിന്റെ സവിശേഷത. ഖുര്‍ആന്‍ കൂടുതല്‍ പഠിക്കുന്തോറും അതിന്റെ ആഴം നമുക്ക് ബോധ്യമാകും. ഖുര്‍ആന്റെ ഗൌരവവും ആധികാരികതയും ബോധ്യപ്പെട്ടതിന് ശേഷം ആരെങ്കിലും അത് അവഗണിച്ച് മുന്‍പോട്ട് പോയാല്‍ ഉണ്ടാകുന്ന ശിക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പ് ഗൌരവത്തില്‍ കാണേണ്ടതാണ്.

മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലും വശം പരിശുദ്ധ ഖുര്‍ആന്‍ വിട്ട് കളഞ്ഞിട്ടില്ലെന്ന് തന്റെ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം എന്ന നിലയിൽ പഠിക്കുമ്പോൾ മനസ്സിലാകും .

ഏതെങ്കിലും ഒരു തിന്മയ്‌ക്കെതിരെ ഖുര്‍ആന്‍ പ്രതികരിച്ച് കഴിഞ്ഞാല്‍ പിന്നെ ആ തിന്മ വര്‍ജിക്കാന്‍ വിശ്വാസി മറ്റൊരു കല്പനയ്ക്ക് കാത്തിരിക്കുമായിരുന്നില്ല. പഴുതുകള്‍ തേടുകയല്ല ഖുര്‍ആന്‍ പ്രഖ്യാപനം നടപ്പിലാക്കുകയാണ് പ്രവാചക അനുചരന്‍മാര്‍ ചെയ്തിരുന്നത്.

വര്‍ത്തമാന കാലത്തും ഖുര്‍ആനുമായി നല്ല ബന്ധം സ്ഥാപിക്കാനും പഠിച്ച് ജീവിതത്തില്‍ പകര്‍ത്താനും തയ്യാറാകണമെന്ന് സ്വയം തീരുമാനമെടുക്കലാണ് തന്റെ കർമങ്ങൾ അലാഹു സ്വീകരിച്ചു എന്നതിന് തെളിവ്.

വിദ്യാഭ്യാസം ഏറെ പ്രാധാന്യമുള്ള വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്റെ നിരീക്ഷണങ്ങള്‍ ഏത്‌ വിധത്തിലാണ്‌ എന്ന്‌ അന്വേഷിക്കുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വായനാനുഭവങ്ങള്‍ വിചിന്തനം ചെയ്തു

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏത്‌ ചര്‍ച്ചയും ആരംഭിക്കുന്നതു തന്നെ അത്‌ എന്താണെന്നും എന്തിനാണെന്നും ചോദിച്ചുകൊണ്ടാണല്ലോ.


ഭൗതിക ദൃഷ്‌ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്നും ആലോചിക്കുന്നില്ലേ എന്നും നിങ്ങള്‍ എന്താണ്‌ കാര്യങ്ങള്‍ ഗ്രഹിക്കാത്തത്‌ എന്നും നിരന്തരം ചോദിക്കുന്ന ഖുര്‍ആന്‍ നിരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയുമുള്ള ഒരു ജീവിതം നയിക്കെണ്ടതുണ്ട് എന്നതിനാലാണ്.

വ്യത്യസ്ത ധാരണകളിൽ നിന്നും തൗഹീദില്‍ എത്തിച്ചേരുന്നതിനെ വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നായി ഖുര്‍ആന്‍ വിലയിരുത്തുന്നു.

ലാഇലാഹ ഇല്ലല്ലാഹ് എന്ന അടിസ്ഥാനപ്രമാണം ഉള്‍ക്കൊള്ളുകയും എല്ലാപ്രകൃതി ശക്തികളും സൃഷ്‌ടികളും മനുഷ്യന്‌ താഴെയാണ്‌ എന്ന ബോധം ഉണ്ടാവുകയും ചെയ്യുന്നതോടെ വിദ്യാഭ്യാസം ഇരുളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ എന്ന അതിന്റെ പ്രാഥമികലക്ഷ്യം കൈവരിച്ചതായി കണക്കാക്കുന്നു. മറിച്ചുള്ള അവസ്ഥ ഖുര്‍ആന്റെ ഭാഷയില്‍ ജാഹിലിയ്യത്ത്‌ ആണ്‌.

സത്യം, നന്മ എന്നിവ എത്ര മഹത്തരമാണെങ്കിലും അടിച്ചേല്‌പിക്കപ്പെടേണ്ടതല്ല. സ്വമേധയാ തെരഞ്ഞെടുക്കപ്പെടേണ്ടതാണ്‌.

അരാജകത്വം സമൂഹത്തിന്റെ പൊതുസ്വഭാവം ആവാതിരിക്കാന്‍ ഓരോ വ്യക്തിക്കും  ചില ശിക്ഷണ നടപടികള്‍ ഖുർആൻ നിശ്ചയിച്ചിട്ടുണ്ട്.

സൂറത്തു ഹുജുറാത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഏകമാനവികത, ഒരു മാതൃകാ  സമൂഹമെന്ന നിലയിൽ വ്യക്തികളിൽ  ഉണ്ടായിരിക്കേണ്ട ഉത്തമ സ്വഭാവ ഗുണങ്ങൾ, വിശ്വാസികളായ വ്യക്തികതമ്മിലുള്ള സുദ്രഢമായ സാഹോദര്യബന്ധം, നേതൃത്വത്തോടുള്ള കൂറും അച്ചടക്കവും മുതലായവയാണ്.

വിശ്വാസികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങളുടെ സംക്ഷിപ്തമാണ് സൂറത്ത് ഹുജുറാത്ത് സൂചിപ്പിക്കുന്നത്. വിശ്വാസികൾ അല്ലഹുവിനേയും റസൂലിനേയും (ഖുർആനിനെ) മറി കടന്ന്‌ പ്രവർത്തിക്കരുത്‌. നല്ല പെരുമാറ്റവും സംസാരവും ഭക്തിയുടെ ഭാഗമാണ്. ആർക്കും ശല്യമുണ്ടാക്കാതെ, മറിച്ചു ഗുണകരമാകുന്ന രീതിയിൽ ക്ഷമാലുക്കളായി പെരുമാറണം. ഏതൊരു കാര്യവും ആലോചനയോടെ ഉൾക്കൊള്ളുക. തർക്കങ്ങളിൽ രഞ്ജിപ്പിന്റെ വഴി തേടുക, നീതിയുടെ പക്ഷത്ത് നിലകൊള്ളുക. അതിക്രമികളെ ഒറ്റപ്പെടുത്തുക. ആരേയും പരിഹസിക്കാൻ ആരും യോഗ്യരല്ല. ദുഷ്‌പേര് വിളിക്കുന്നതും അവഹേളിക്കുന്നതും വ്യക്തിത്വത്തിന് ചെര്ന്നതല്ലന്നും, ഊഹങ്ങളുടെ പിന്നാലെ പോകരുത്. ചാരപ്പണി നടത്തരുത്‌. ഗോത്രമോ വർണമോ ജാതിയോ മഹത്വത്തിന്റെ മാനദണ്ഡമല്ല എന്നും, വിശ്വാസം ഉൾക്കൊള്ളേണ്ടത്‌ സംശയരഹിതമായ രീതിയിലാകണമെന്നും ഉണര്ത്തുന്ന സൂക്തങ്ങൾ സ്വന്തം ഹൃദയങ്ങളിൽ ചലനങ്ങളുണ്ടാക്കുന്നു .

വൃത്തിയെ ( ശുചിത്വത്തെ ) വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഒരു സമൂഹത്തിലേ വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കല്‍പിക്കു കയുള്ളൂ.

ശാപമേല്‍ക്കാതിരിക്കാൻ വിസർജ്യങ്ങൾ ( ഉപയോഗിച്ചു ബാക്കിയായത് ) വലിച്ചെറിയാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ വെള്ളമെടുക്കാന്‍ വരുന്ന സ്ഥലങ്ങള്‍, പൊതുവഴി, തണല്‍ തേടിയെത്തുന്ന സ്ഥലം എന്നിവയാണവ. മൃഗങ്ങളും , പക്ഷികളും , ജന്തുക്കളും പ്രാണികൾക്കും ശല്യമാകുന്ന തരത്തില്‍ നിങ്ങളാരും വിസർജ്യങ്ങൾ തള്ളരുത്. പരിസരമലിനീകരണത്തിന് നിമിത്തമാകുന്ന എല്ലാതരം മാലിന്യനിക്ഷേപങ്ങള്‍ക്കും ഈ വിലക്കുകള്‍ ബാധകമാകുന്നതാണ്.

പരിസര മലിനീകരണത്തിനെതിരെ ശക്തമായ താക്കീതു നല്‍കുന്ന ഖുർആൻ ശബ്ദമലിനീകരണത്തിനെതിരെയും മുന്നറിയിപ്പു നല്‍കുന്നു. അധികം ശബ്ദമുണ്ടാക്കുന്നതിനെ വെറുക്കപ്പെട്ട പ്രവൃത്തിയായാണ് ഖുര്‍ആന്‍ കാണുന്നത്. നിരര്‍ഥകമായ ശബ്ദഘോഷങ്ങളെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടുന്നതും, എന്തിന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുപോലും.

ശബ്ദത്തില്‍ മിതത്വം പാലിക്കുക എന്നത് ഖുര്‍ആന്‍ നിരന്തരം ഉണര്‍ത്തുന്ന കാര്യമാണ്. ഒന്നിലും അതിരുകവിയുന്നത് അല്ലാഹുവിന് ഇഷ്ടമല്ലെന്നും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.
വിനയാന്വിതരായും രഹസ്യമായും നിങ്ങളുടെ നാഥനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്ന് ഖുർആൻ.


ശബ്ദം കൊണ്ടുള്ള വെറും വെളിപ്പെടുത്തലുകൾ  ചുരുക്കുകയും പ്രവൃത്തിയിൽ ശ്രദ്ധിക്കുകയും ചെയ്യുക  ചെയ്യുന്നത് അറിവുള്ളവന്റെ ലക്ഷണമാണ്. അതിനാല്‍ നിങ്ങള്‍ പ്രവൃത്തിയിൽ ശ്രദ്ധ ചെലുത്തുകയും പ്രസംഗം ചുരുക്കുകയും ചെയ്യുക.


No comments:

Post a Comment