ശരീരത്തിന്റെ പ്രായപൂർത്തി ആയി എന്നു മനുഷ്യരെപ്പറ്റി പറയാറ് യൗവനം
തികയുമ്പോഴാണ്. എന്നാൽ ഒരുവന് പ്രായപൂർത്തിയായാൽ ( തിരിച്ചറിവായാൽ) എന്ന് പറയുന്നത്
കൃത്യത്തിലത് വെറും ശരീരത്തിന്റെ പ്രായപൂര്ത്തി മാത്രമല്ല, ദശാപരിണാമമാണ്, ശൈശവപൂർത്തിയും
ബാല്യപൂർത്തിയും കൗമാരപൂർത്തിയും പോലെ. വിഹിതമായ ആയുസ്സു പൂർത്തിയായി ശരീരം ഭൗതികപ്രപഞ്ചത്തിന്റെ
വല്ലരിയിൽനിന്ന് സ്വയം ഞെട്ടറ്റ് വേറിടാൻ നേരമടുക്കുമ്പോഴാണ് മനുഷ്യന് ശരിയായ പ്രായപൂർത്തി
കൈവരുന്നത്.
നേരം ഇരുളുമ്പോൾ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ഉള്ളിന്റെ ഉള്ളിൽ
പേടിക്കുന്നു. ഗുഹാജീവിതകാലത്തിന്റെ ബാക്കിപത്രമായി വെറുതെ നിലനിൽക്കുന്ന ഒരു പേടി.
ശക്തിയേറിയ വിളക്കുകളുള്ള ഇക്കാലത്തും സ്വന്തം മനസ്സിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്ന
ആർക്കും ഇത് തിരിച്ചറിയാനാവും.
ജീവിതം അന്തിയോടടുക്കുമ്പോഴുണ്ടാകുന്ന അങ്കലാപ്പകറ്റാനും ഖുർആൻതന്നെ
പ്രതിവിധി. അതായത്, നേരറിവിന്റെ തിരിവെട്ടം. അവനവനുതന്നെ ഇതു കൊളുത്താം.
ഭൗതികമായി നേടിയത് മതിയായില്ല എന്ന വല്ലായ്മയാണ് പ്രായമാകുമ്പോഴത്തെ
മറ്റൊരു അങ്കലാപ്പ്. ജീവിതം ചീറ്റിപ്പോയി എന്നൊരു തോന്നൽ. എന്തെല്ലാം നേടിയാലും ഈ
തോന്നൽ ഉണ്ടാകുമെന്നതാണ് നേരറിവിന്റെ വെളിച്ചത്തിൽ കാണാവുന്ന യഥാർത്ഥ സത്യം.
ഖുർആൻ സ്വജീവിതത്തിൽ പകര്ത്തുക എന്നതാണ് ഇതിന് പ്രതിവിധി. ആ തിരിവെട്ടം
ഉദയത്തിന്റെ അതായത് ഉയിർപ്പിന്റെ പ്രതീക്ഷയും ഇടവേളയിലെ ഇരുളിൽ വഴി കാണാനുള്ള ഉപാധിയുമാണ്.
ഒന്നും കാര്യമായി ഇല്ലെന്നാലും എല്ലാമുണ്ട് എന്നു കരുതിയാൽ സമൃദ്ധിയുമായി.
എങ്ങനെ കരുതിയാലും വിശേഷമില്ല, ഉള്ളതേ ഉണ്ടാവൂ എന്നത് മറ്റൊരു കാര്യം. ഒന്നു ധന്യതയുടെ
വഴി, മറ്റേത് വ്യർഥതാബോധത്തിന്റെയും നികത്താനാവാത്ത മോഹഭംഗങ്ങളുടെയും പടുകുഴി.
കാര്യമായ ഒരു അസുഖവുമില്ലെന്നാലും പ്രായമായി എനിക്കിനി ഒന്നിനും വയ്യ.
എന്റെ എല്ലാ കാര്യങ്ങളും ആരെങ്കിലും ചെയ്തുതരണം എന്ന നിലപാടിലെ പോഴത്തവും കഴിവുകെടുമാല്ലാതെ
മറ്റൊന്നുമല്ല.
കർമ്മങ്ങൾ നന്നായി ചെയ്ത് വര്ഷങ്ങളോളം സൗഭാഗ്യത്തോടെ ഇരിക്കുക എന്നാണ്
ഖുർആനിലൂടെ മനുഷ്യനോടു അല്ലാഹു ആശംസിക്കുന്നത് . അപ്പോൾ മനസ്സാണ് കാര്യം. വയ്യ എന്നു
തോന്നിയാൽ വയ്യാതാവും. വയ്ക്കുമെന്നു തോന്നിയാൽ വയ്യായ്മകൾ നീങ്ങും. വീണ്ടും, എവ്വിധ
മാണ് ധരി ക്കെണ്ടതെന്നുള്ള സ്വാതന്ത്ര്യം നമുക്കുതന്നെ.
യഥാർത്ഥത്തിൽ ഉള്ള രോഗങ്ങളും ഉണ്ടെന്നു വെറുതെ തോന്നുന്ന ( മാനസിക രോഗങ്ങൾ
) രോഗങ്ങളും കാണും. ഇല്ലെന്നു തിരിച്ചറിഞ്ഞാൽ രണ്ടാമത്തേതു പോയിക്കിട്ടി. ചികിത്സിക്കാവുന്നത്ര
ചികിത്സിക്കുകയും ആഹാര-വിഹാരാദികളിൽ ആവശ്യമായ നിയന്ത്രണം പാലിക്കുകയുമില്ലാതെ ആദ്യ
ഇനത്തിനെച്ചൊല്ലി സങ്കടപ്പെട്ടിട്ട് ഒരു പ്രയോജനവുമില്ല.
വാസനകൾ കർമ്മഫലങ്ങളാണ്. അതായത്, സൽകർമങ്ങൾ അനുഷ്ടിക്കുക വഴി ആത്മശുദ്ധീകരണമാണ്
ഏതു രോഗത്തിനും ആദ്യചികിത്സ. വൈദ്യനോ മരുന്നോ വേണ്ട. ഇത് സ്വയം ചെയ്യാം. പക്ഷെ തന്നെത്താൻ
ഉദ്ധരിക്കണൊ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടതും മറ്റാരുമല്ലല്ലോ.
മക്കൾക്കും മരുമക്കൾക്കും മറ്റു ബന്ധുമിത്രാദികൾക്കും നൽകിയ സ്നേഹത്തിനും
പരിചരണത്തിനും സേവനത്തിനും പ്രതിഫലം പ്രതീക്ഷിക്കുകയും അതു കിട്ടാതെ വരുമ്പോഴും കിട്ടിയത് മതിയാകാഞ്ഞും സങ്കടപ്പെടുകയുമാണ് മറ്റൊരു
ദുരവസ്ഥ. കേട്ടിട്ടില്ലേ പഴയ ഒരു തമാശ? ഞാൻ എന്റെ ഉണ്ണിയെ കാണാൻ പോവുക, എന്റെ ഉണ്ണി
എനിക്കു വല്ലതും തരിക, എന്റെ ഉണ്ണി എന്നെ കാണാൻ വരിക, എന്റെ ഉണ്ണി എനിക്കു വല്ലതും
തരിക! അതായത് എപ്പോഴും വൺവെ ട്രാഫിക് മാത്രം.
വാസനകൾ ശുദ്ധമാകുന്ന ത്തിലൂടെ ( സ്വഭാവ സംസ്കരണത്തിലൂടെ ), ശാഠ്യങ്ങൾ
കുറയും, പരാതികൾ ഇല്ലാതാവും, സങ്കടം നീങ്ങും, ആരോഗ്യം കൂടുതൽക്കൂടുതൽ മെച്ചപ്പെടും,
പ്രസാദം മനസ്സിന്റെ സ്ഥായീഭാവമാവും, ചുറ്റുമുള്ളവരെല്ലാം നമ്മെ ഇഷ്ടപ്പെടും ഇവയെല്ലാമാണ്.
മസ്ജിദിൽ പോകണൊ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടതും പോയാൽ എന്താണ് നേടേണ്ടതെന്നു തീരുമാനിക്കേണ്ടതും നാം തന്നെയാണല്ലോ.
അല്ലാഹുവിന്റെ തൃപ്തി എന്നത് വല്ല പള്ളികളിൽ നിന്നും കിട്ടുന്ന പൂവോ
ചന്ദനമെന്ന പേരിൽ കൈവെള്ളയിൽ വീഴുന്ന വല്ല രാസപദാർത്ഥപ്പൊടിയോ കഴുകാതെയും എലിക്കാട്ടംപോലും
കളയാതെയും അടുപ്പത്തു ചൊരിയുന്ന ഉണക്കലരിയുടെ പാൽപ്പായസമോ ഒക്കെ ആണെന്നാണ് പൊതുവേ
ധാരണ.
അല്ലാഹു തനിക്കു നല്കിയ അനുഗ്രഹങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞു സ്വന്തം
ഉള്ളിലും ഒരേസമയം നാം ജീവിക്കുന്ന ലോകത്തെ നിരീക്ഷിച്ചു തിരിച്ചറിഞ്ഞ് അല്ലാഹുവിൽ
സ്വയം സമർപ്പിച്ച് ലയിച്ചാൽ കിട്ടുന്ന മനോഭാവമാണത്.
ഇതിനായി ആസൂത്രണം ചെയ്യപ്പെട്ടതാണ് ഇഹപര ജീവിതം.
എന്നെക്കൊണ്ട് ആർക്കുമൊരു കാര്യവുമില്ല എന്ന വ്യർഥതാബോധം അതു വച്ചു
പുലർത്തുന്നവർക്ക് ആപൽക്കാരിയും സമൂഹത്തിന് വൻനഷ്ടം വരുത്തുന്നതുമാണ്.
അല്ലാഹു നൽകിയതിൽ തൃപ്തിപ്പെടുകയും അത് പ്രസരിപ്പിക്കുകയും ചെയ്തുനോക്കുക.
എല്ലാ ഇല്ലായ്മകളും വല്ലായ്മകളും വയ്യായ്മകളും മാറും.
എല്ലാരുമെല്ലാരും നമുക്കും നാം അവർക്കും പ്രിയപ്പെട്ടവരാവും. പക്ഷെ,
നമുക്കു മാത്രമായി നേടാൻ ഒന്നുമില്ലെന്ന ആത്മാർത്ഥമായ തിരിച്ചറിവുണ്ടായാലെ ഈ മഹാനേട്ടം
കൈവരൂ.
ജീവിതത്തിൽ സ്വന്തം മനസ്സിലും ചുറ്റുപാടുകളിലും പ്രസാദമുണ്ടാക്കാൻ
സൃഷ്ടാവ് തന്നെ നമുക്കു സ്വജീവിതത്തെ തന്നെ ഉപായമായി തന്നിരിക്കുന്നു. ജീവിതമെന്നാൽ
അതിസങ്കീർണ്ണമായ ഒരു രീതി അല്ലങ്കിൽ ഒരു മഹാ സംഭവം എന്നൊന്നും അല്ല അർത്ഥം. തന്റെ ജീവനേക്കാൾ അടുത്തിരിക്കുന്ന
അല്ലാഹുവുമായി ചേർന്നിരിക്കാൻ ശീലിക്കുക, അത്രതന്നെ. ഇത് ജാതിമതഭേദം കൂടാതെ ആർക്കുമാകാം,
എത്ര അവശമായ അവസ്ഥയിലുമാകാം. നന്നെ കുറഞ്ഞ സമയംകൊണ്ടും ആ ചേർന്നിരിപ്പ് ഉറപ്പിക്കാം.
എനിക്കിപ്പോൾ പ്രായം നാല്പ്പത്തിനാലായി. ഇതുവരെ പോന്ന വഴിയിൽനിന്ന്
കിട്ടിയ വെളിപാടാണ് ഇപ്പറഞ്ഞത്. അതിന്റെ ഗുണഫലങ്ങൾകൂടി കേൾക്കണോ? ഈ ഞാൻ എന്ന ബോധം
യഥാർത്ഥത്തിൽ നിങ്ങളിൽ ആരുമല്ല, ഒന്നുമല്ല എന്ന് അറിയാവുന്നതിനാൽ പേടികൾ ഇല്ല. ശത്രുക്കൾ
ഇല്ല. സങ്കടങ്ങളോ കാര്യമായ രോഗങ്ങളോ ഇല്ല. നിരാശത ഇല്ല. ഞാൻ ഈ പ്രപഞ്ചത്തിൽ തന്നെയാണ്
എന്നു തീർച്ചപ്പെട്ടതിനാൽ എനിക്ക് ആരും അന്യരല്ല, ഒന്നും അന്യമല്ല. ഈ പ്രപഞ്ചത്തിലെ
എല്ലാരും എനിക്ക് വേണ്ടിയാന്നിരിക്കെ ഒന്നും പ്രത്യേകമായി എനിക്ക് ആവശ്യമില്ല. ശേഷിക്കുന്നത്
ഒരു പ്രാർത്ഥന മാത്രം- അനുഭവത്തിൽ അല്ലാഹുവിന്റെ സമീപസ്തനായികൊണ്ട് എല്ലാമാകാനുള്ള
സർഗാത്മകപരിശ്രമം ഈ ജന്മംകൊണ്ട് പൂർത്തിയായിക്കിട്ടണം. അതിനായുള്ള എന്നിൽ നിന്നുള്ള
ഓരോ പ്രവര്ത്തനങ്ങളും തീരുന്നില്ല. അതു ചെയ്യുന്നതിൽ അലംഭാവവും ഇല്ല.
എല്ലാം സല്കർമമായിരിക്കട്ടെ എന്ന് ഞാൻ അല്ലാഹുവിനോട് ചോദിച്ചുകൊണ്ടിരിക്കുന്നു .!
എല്ലാം സല്കർമമായിരിക്കട്ടെ എന്ന് ഞാൻ അല്ലാഹുവിനോട് ചോദിച്ചുകൊണ്ടിരിക്കുന്നു .!
No comments:
Post a Comment