Thursday, 22 August 2013

ദേഷ്യം വന്നാൽ ദേഷ്യപ്പെടണം.



പഴയകാല ആളുകൾപറയുന്നത് നാം കേട്ടിരിക്കും. 'അതുകേട്ടപ്പോ എനിക്കെന്റെ കാലിന്റെ പെരുവിരലീന്ന്‌ എന്തോ ഒന്ന്‌ അരിച്ചങ്ങട്ട്‌ കയറി. പക്ഷെ, ഞാൻ മൺമറഞ്ഞുപോയോരെ ഒക്കെ ഓർത്ത്‌ എന്നെത്തന്നെ ശാസിച്ചു. നാവേ അവടെ അടങ്ങിക്കെടന്നോ!' ഈ കാലങ്ങളിലും നമ്മിൽ പലരും പറയാറുണ്ടല്ലോ, ഞാനെന്താ ചെയ്യാ, ദേഷ്യം വന്നാൽ പിന്നെ എനിക്ക്‌ എന്നെ നിയന്ത്രിക്കാൻ പറ്റുകയില്ല!

ദേഷ്യം അടക്കാനാവാത്തതുകൊണ്ട്‌ നമുക്ക്‌ ഒരുപാട്‌ കഷ്ടനഷ്ടങ്ങൾ വരാറുണ്ടെന്നാലും ദേഷ്യപ്പെടാതിരിക്കാൻ വളരെ പ്രയാസം! ഒരു ചെറിയ ആശ്വാസമുള്ളത്‌ ഈ പ്രയാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും പണ്ടേക്കു പണ്ടെ വളരെ വലിയ അറിവുള്ളവർ പോലും മഹാശുണ്ഠിക്കാരായിരുന്നു എന്നുമുള്ള അറിവാണ്‌.

വിശ്വാസവും ആദർശവുംഒക്കെ ഉണ്ടായാലും ദേഷ്യം വരുമെങ്കിൽ ഇതൊന്നുമില്ലാത്തവർ അരിശം മൂത്ത്‌ പൊട്ടിത്തെറിച്ചാൽ അതിലെന്ത്‌ അത്ഭുതം? ഉരലുവലിച്ചു കിണറ്റിൽ മറിച്ചിട്ടും കെട്ടിയ പെണ്ണിനെ കിട്ടിയ വടികൊണ്ട്‌ ഒന്നു കൊടുത്തിട്ടും മതിയാവാഞ്ഞ്‌ ഒരുത്തൻ തന്റെ ചുറ്റുപാടും നടന്നു വിക്രിയകൾ കാണിച്ചാൽ ആ തുള്ളൽ കാണുന്നവരും എന്തിനു ചിരിക്കണം? കോപപ്രകടനം കണ്ട്‌ ആരെങ്കിലും ചിരിച്ചാൽ കോപം ഇരട്ടിക്കുമെന്നും അനുഭവമുള്ളതല്ലേ?  ഏതായാലും ദേഷ്യമാണ്‌ സമൂഹത്തിലെ മിക്ക അക്രമത്തിനും കാരണം എന്ന്‌ തീർച്ചയുള്ളതിനാൽ ദേഷ്യം നാടുനീങ്ങിയാലേ ക്ഷേമമുണ്ടാവൂ എന്നു നിശ്ചയം ഉറപ്പിക്കെണ്ടതാകുന്നു.

കോപാഗ്നി സ്വയവും അതിനരികെ വരുന്നവരെയും ഒക്കെ ചുട്ടെരിക്കുന്നു. ആകട്ടെ, ദേഷ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം? ദേഷ്യം വരുമ്പോൾ അതിനെ കടിച്ചുപിടിച്ച്‌ ഒതുക്കണോ? ഒന്നുമുതൽ നൂറുവരെ എണ്ണി ശ്രദ്ധതിരിച്ച്‌ ദേഷ്യത്തെ തോൽപ്പിക്കണോ? നാമം ജപിച്ച്‌ രക്ഷപ്പെടണോ? കാപട്യത്തിന്റെ വെൺചിരി ചുണ്ടത്തണിഞ്ഞ്‌ നിൽക്കണോ?.

ദേഷ്യമാണ്‌ നിന്റെ മുഖ്യശത്രു, അതിനാൽ അതിനെ ആദ്യം ഇല്ലായ്മ ചെയ്യുക എന്നാണ്‌ ഖുർആന്റെ ഉപദേശം. അതായത് കോപത്തെ ഇല്ലായ്മ ചെയ്യാൻ കഴിയാത്തിടത്തോളം കാലം കോപിക്കലേ ശരിയാവൂ എന്ന്‌ സ്പഷ്ടമല്ലേ? അഗ്നിപർവതമുഖം ഉരുക്കിന്റെ അടപ്പുകൊണ്ട്‌ സീൽ ചെയ്യാനല്ല അകത്തെ അഗ്നിയെ ഇല്ലായ്മ ചെയ്യാനാണ്‌ ആഹ്വാനം.

വന്ന ദേഷ്യത്തെ അടക്കുന്നതിലും ദേഷ്യമേ വരാതിരിക്കുന്നതിലാണ്‌ ദേഷ്യമെന്ന ശത്രുവിനെ ജയിക്കുന്നതിന്റെ പൊരുൾ ഇരിക്കുന്നത്‌. കോരിവറ്റിച്ചത് കൊണ്ട്  ഉറവ ഇല്ലാതാവില്ല.

സന്മനസ്സുള്ളവർക്കേ സമാധാനമുള്ളൂ.

ദേഷ്യം വരാതിരിക്കണമെങ്കിൽ ദേഷ്യത്തിന്റെ വേര്‌ അറ്റുപോകണം. ധർമ്മത്തിന്‌ വിധേയമാകാത്ത വിരുദ്ധമായ ഏതൊരു പ്രവര്ത്തിയും ഉപേക്ഷിക്കലാണതു.

ഞാൻ പ്രപഞ്ചത്തിൽനിന്നും ഒന്നു വേറെയാണ്‌ എന്ന ചിന്ത അഥവാ അഹന്തയാണ്‌, എനിക്കു മാത്രമായി വേണം എന്ന വികാരം-കാമം-ജനിപ്പിക്കുന്നത്‌.

എല്ലാം ഞാൻ അറിയുന്നു എന്നും, എല്ലാം എന്റെയാണ്‌ എന്നും ഒന്നും എന്റെ അല്ല എന്നും രണ്ടുതരത്തിൽ പറയുന്നത്‌ ഒരേ കാര്യമാണ്‌ എന്ന നിശ്ചയം കിട്ടിയാലേ അനാസക്തി എന്ന ആയുധം കൈയ്യിൽ ഉറയ്ക്കൂ.

കോപത്തിന്റെ കാര്യത്തിൽ ആസക്ത്തി ഒഴിവാക്കുക എന്നത് മാത്രമാണ് ഏക വഴി .

കോപത്തിന്റെ കാര്യത്തിൽ  ഉപയോഗിക്കേണ്ട പ്രഥമ മരുന്നാണ്‌ അനാസക്തി. ഇത്‌ എങ്ങനെ പ്രയോഗിക്കും എന്ന്‌ അന്ധാളിക്കണമെന്നില്ല. വന്ന കോപത്തെ അടക്കാൻ ശ്രമിക്കാതിരിക്കുക, ആർക്കും അപായം വരാതെ അതിനു വഴങ്ങിക്കൊടുക്കുക, പിന്നെ, ആലോചിക്കുക, 'എന്തുണ്ടായി? എന്തിനാണ്‌ ഞാൻ ശുണ്ഠിയെടുത്തത്‌? എവിടെന്നാണ്‌ ആ തിരയിളക്കം പുറപ്പെട്ടത്?'

പ്രതീക്ഷയും ആത്മാഭിമാനവും ഒക്കെ ഏതൊരു വ്യക്തിക്കും ആവശ്യം തന്നെ. പക്ഷെ, ഞാൻ ഇതൊക്കെ മാത്രമല്ലല്ലോ, കൂടുതൽ ചിരന്തനമായ ഒരു യാഥാർത്ഥ്യമായ ഞാൻ എന്തിനീ നുള്ളുനുറുങ്ങുകളെചൊല്ലി ചാടിക്കടിക്കാൻ പുറപ്പെടുന്നു? ച്ഛെ മണ്ടത്തരം! കലിതുള്ളുന്ന എന്റെ ചിത്രം എന്റെ ഭാവനയിൽത്തന്നെ വരുന്നതോടെ ചിരിച്ചുപോയാൽ ഞാൻ രക്ഷപ്പെട്ടു.

ദേഷ്യം വന്നാൽ ദേഷ്യപ്പെടണം. ദേഷ്യപ്രകടനം തനിക്കൊ മറ്റാർക്കെങ്കിലുമോ വേദനയോ പരുക്കോ ഉളവാക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായി. ഇപ്പുറത്ത്‌ വന്ന്‌ ആരും കാണാതെ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിക്കാം. അമർത്തി ചവിട്ടി ഭൂമി കുലുങ്ങുമോ എന്ന്‌ പരീക്ഷിക്കാം. ടോയ്‌ലറ്റിലോ മറ്റോ പോയി ആവുന്നത്ര ഉറക്കെ അലറാം, പല്ലിറുമ്മാം. പുരയുടെ ചുറ്റും മണ്ടിനടക്കാം. ആരെയും കിട്ടിയ വടികൊണ്ടോ കുന്തംകൊണ്ടോ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി.

കോപികൾ ക്ഷിപ്രപ്രസാദികളുമാണെന്ന്‌ സ്വന്തം അനുഭവംകൊണ്ട്‌ അറിയാത്തവർ ഉണ്ടാവില്ല.

നിഷകളങ്കരായതിനാൽ ക്ഷിപ്രകോപികൾക്ക്‌ അവരുടെ ദേഷ്യത്തിന്റെ വേരറുക്കാൻ ഒരു പ്രായസവുമില്ല; അൽപ്പമൊന്നു മനസ്സുവച്ചാൽ മതി. കുട്ടികളെ നോക്കൂ-സ്ഥായിയായ പാരുഷ്യം അവർക്കില്ല. ചിരിക്കും, കളിക്കും അതിനിടയിൽ പിണങ്ങും, ദേഷ്യപ്പെടും, പിച്ചും, മാന്തും, കടിക്കും, അടിക്കും, ഇടിക്കും, കോക്രി കാണിക്കും. പക്ഷെ, അടുത്ത നിമിഷം ഇതൊക്കെ മറന്ന്‌ തോളിലൂടെ കൈയിട്ട്‌ നടക്കും! അവരുടെ കോപത്തിന്‌ ആണിവേരില്ല.

ജീവിതത്തിന്‌ നിറം പകരാൻ കോപം  ചിലപ്പോൾ ആവശ്യവുമാണ്‌. ഉദാഹരണമായി , പരസ്പരം ദേഷ്യപ്പെടാൻ ഒരു അവസരവുമുണ്ടായിട്ടില്ലാത്ത ദാമ്പത്യം എന്തൊരു മഹാബോറാണ്‌! പക്ഷെ, അമൃതാകണമെങ്കിൽ ആ ദേഷ്യത്തിന്റെ വേര്‌ അതിരറ്റ പരസ്പരസ്നേഹമാവണം. അല്ലാതെ തലമറന്നാകരുത്‌ എണ്ണതേപ്പ്‌.

No comments:

Post a Comment