Wednesday, 31 October 2012

തൊഴിലാളി - മുതലാളി ബന്ധം



ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുര്‍ആന്‍ )

നിസ്തുലമായ നിരവധി അധ്യാപനങ്ങളും മാതൃകാപരമായ തത്ത്വങ്ങളുമായിട്ടാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവ ഉള്‍ക്കൊള്ളുകയും അവയുടെ വിധി വിലക്കുകളനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്താല്‍ ഒരാളുടെ ഇഹപരമായ ജീവിതങ്ങള്‍ ധന്യമായി.

ആഭിജാതമായ ഖുര്‍ആനി കാധ്യാപനങ്ങളില്‍ ഏറ്റവും തിളക്കമേറിയതാണ് നീതിബോധം. ലോകത്തിന്റെ സ്ഥിരതയും സമാധാനവും നിലകൊള്ളുന്നത് നീതിയുടെ ആണിക്കല്ലിലാണ്. നീതി നടപ്പിലാക്കുമ്പോഴാണ് അവകാശങ്ങള്‍ സം‌രക്ഷിക്കപ്പെടുന്നതും ലോകര്‍ക്കിടയില്‍ ശാന്തി കളിയാടുന്നതും പ്രപഞ്ചത്തിന്റെയും ആകാശങ്ങളുടെയുമെല്ലാം നിലനില്‍‌പ്പ് തന്നെ നീതിയിലധിഷ്‌ഠിത‌‌‌മായ വ്യവസ്ഥിതിയിലാണ് കുടികൊള്ളുന്നത്.

പ്രപഞ്ചത്തിന്റെ നിലനില്‍‌പ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ദൈവികയുക്തി മനുഷ്യനെ വിവിധ തട്ടുകളായി സൃഷ്‌ടിച്ചത്. ഒരാള്‍ ധനികനെങ്കില്‍ മറ്റൊരാള്‍ ദരിദ്രന്‍. വേറൊരാള്‍ നേതാവാണെങ്കില്‍ മറ്റൊരാള്‍ അനുയായി. ഇനിയുമൊരാള്‍ പണ്ഡിതനെങ്കില്‍ ഒരാള്‍ പാമരന്‍. ഇവരില്‍ ഓരോരുത്തര്‍ക്കും അപരനെ ആവശ്യമുണ്ട്. ലോകത്തിന്റെ മുമ്പോട്ടുള്ള ഗതി തുടരണമെങ്കില്‍ സഹവര്‍‌ത്തിത്വം കൂടിയേ തീരൂ.

വ്യത്യസ്തമായ തൊഴിലുകളും ഭിന്നമായ കഴിവുകളും നല്‍കി അല്ലാഹു മനുഷ്യരെ പരസ്‌പരം ആവശ്യമുള്ളവരാക്കി മാറ്റിയിരിക്കുന്നു. പരസ്‌പരമുള്ള സഹകരണത്തിന്റെയും ആശ്രിതത്വത്തിന്റെയും പങ്കുവെക്കലിന്റെയും സംസ്കാരമാണ് ലോകത്തെ ജീവസുറ്റതും ചലനാത്മകവുമാക്കിയത്. ആദാനപ്രദാനങ്ങളിലാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍‌പ്പെന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് വളച്ചുകെട്ടില്ലാത്ത ഖുര്‍ആന്‍  എല്ലാ തരം മനുഷ്യരുമായി പെരുമാറേണ്ടതെങ്ങനെയെന്ന് വ്യക്തമായി നിര്‍ദ്ദേശിക്കുന്നത്. വിശിഷ്യ, തൊഴിലാളിയും മുതലാളിയും തമ്മില്‍. എടുക്കലുകളുടെയും കൊടുക്കലുകളുടെയും ലോകത്തിന്റെ ഏറ്റവും നല്ല ഉദാഹരണം അവരാണല്ലോ.

തൊഴിലാളിക്ക് നല്‍‌കുവാനുള്ളത് താമസം‌‌വിനാ നല്‍കുന്നതാണ് നീതി. ഇതാണ് തൊഴിലാളി മുതലാളി ബന്ധത്തിന്റെ കാതല്‍. അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുക്കാന്‍ അടിമക്ക് ലഭിക്കുന്ന നല്ല ഒരുപാധിയാണ് ഈ ബന്ധം. 

തൊഴിലാളിയോട് മുതലാളി എങ്ങനെ പെരുമാറണമെന്ന് നബി(സ) നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ ഭൃത്യന്മാര്‍ നിങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുടെ കരങ്ങള്‍ക്ക്‌ കീഴിലാണവരെ നിര്‍ത്തിയിരിക്കുന്നത്. 

തൊഴിലാളികളോട് എങ്ങനെ പെരുമാറണമെന്നും അയാളുടെ അവകാശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ നീതി പുലര്‍ത്തേണ്ടതെങ്ങനെയെന്നും ഖുര്‍‌ആന്‍ വിവരിച്ചു തന്നിട്ടുണ്ട്.
തൊഴിലാളിയെ അയാള്‍ക്ക് വഹിക്കാവുന്നതിലപ്പുറമുള്ള ജോലിഭാരം ഏല്‍പ്പിക്കരുതെന്ന്നബി(സ) നിര്‍ദ്ദേശിച്ചു. ഭൃത്യന് ഭക്ഷണവും വസ്ത്രവും നല്‍കുക. അയാള്‍ക്ക് താങ്ങാനാവാത്ത കാര്യങ്ങള്‍ അയാളെ ഏല്‍പ്പിക്കരുത്. 

തൊഴിലാളിയെ പുച്ഛിക്കുകയോ അയാളുടെ വ്യക്തിത്വത്തെ ഇടിച്ചു തക‌ര്‍ക്കുന്ന വിധത്തില്‍ സംസാരിക്കുകയോ അരുത്. അയാള്‍ക്ക് നല്‍കാനുള്ളത് തടഞ്ഞുവെക്കുകയോ മാറ്റിവെക്കുകയോ അരുത്. നിങ്ങളുടെ കീഴിലുള്ള തൊഴിലാളികളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുടുംബത്തില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് മൈലുകളകന്ന്, തികച്ചും അപരിചിമായ പരിസരങ്ങളില്‍ കഠിനാധ്വാനം ചെയ്യുകയാണവര്‍. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പിരിമുറക്കങ്ങളുടെയും നടുവില്‍ കഴിഞ്ഞുകൂടുന്ന പച്ചമനുഷ്യരാണവര്‍. എന്നിട്ട് അവര്‍ ചെയ്യുന്ന വേലക്ക് കൂലി കൂടി കിട്ടിയില്ലെങ്കിലോ?അവര്‍ക്ക് ലഭിക്കേണ്ട ധനം അന്യായമായി പിടിച്ചുവെച്ചാലോ?

അന്ത്യനാളുകളില്‍ ഞാന്‍ മൂന്നു പേരുടെ എതില്‍ കക്ഷിയായിരിക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. എന്റെ പേരില്‍ സത്യം ചെയ്യുകയും പിന്നീട് അത് ലംഘിക്കുകയും ചെയ്തവന്‍, സ്വതന്ത്രനായ ഒരാളെ വില്‍ക്കുകയും എന്നിട്ടതിന്റെ വില ഭുജിക്കുകയും ചെയ്യുന്നവന്‍, തൊഴിലാളികളെ വെക്കുകയും അയാളെ നന്നായി പണിയെടുപ്പിക്കുകയും എന്നിട്ട് കൂലികൊടുക്കാതിരിക്കുകയും ചെയ്തവന്‍.

തൊഴിലാളികളോട് മാന്യമായും ആകര്‍ഷകമായും പെരുമാറുക, അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, അവരുടെ പക്കല്‍ തെറ്റുകളുണ്ടെങ്കില്‍ അത് അവര്‍ തന്നെ തിരുത്തുവാനുതകും വിധമായിരിക്കണം അവരോടുള്ള നിങ്ങളുടെ സമീപനം.

അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉദാത്ത മാതൃകയുണ്ട്‌.

ദുര്‍ബലരായ തൊഴിലാളികളെയും ഭൃത്യരെയും അടിക്കുന്നതും അവരോട് അനീതി കാണിക്കുന്നതും അല്ലാഹു വിലക്കിയിട്ടുണ്ട്. 

ഖുര്‍‌ആന്‍ പറഞ്ഞു: "ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയന്ന് നീതിനിര്‍ഭരമായ തുലാസുകള്‍ നാം സ്ഥാപിക്കും. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കുകയില്ല. കര്‍മ്മം ഒരു കടുമണിയോളമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് തിട്ടപ്പെടുത്താന്‍ നാം തന്നെ മതി.

ലോകത്തില്‍ വിശ്വാസികളുടെ മൂന്ന് വിഭാഗങ്ങള്‍ ഉണ്ട്. 1. വലിയ ആത്മവിശ്വാസമുള്ള ഒരു കൂട്ടര്‍. 2. മറ്റൊരു കൂട്ടര്‍, അവര്‍ക്ക് തങ്ങളില്‍ തന്നേയും വിശ്വാസമില്ല ദൈവത്തിലും വിശ്വാസമില്ല. 3. ഇനിയുമൊരു കൂട്ടര്‍, അവര്‍ക്ക് അവരില്‍ തന്നെ വിശ്വാസമില്ല. എന്നാല്‍ അവര്‍ എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് ഒഴിഞ്ഞു വച്ചു നിഷ്ക്രിയരായിരിക്കുന്നു .

ലക്ഷ്യമില്ലാത്ത ജീവിതം.



മനുഷ്യര്‍ക്കാകമാനമുള്ള ദൈവികകാരുണ്യമാണ് വിശുദ്ധ ഖുര്‍‌ആന്‍.

വിജ്‌ഞാനത്തിന്റെ വണ്ടി മുന്നോട്ടു കുതിച്ചു കൊണ്ടേയിരിക്കുന്നു. നമ്മുളുണ്ടെങ്കില്‍ നമ്മോടൊപ്പവും നമ്മളില്ലെങ്കില്‍ നമ്മെക്കുടതെയും അതു മുമ്പോട്ടു പൊയിക്കൊണ്ടേയിരിക്കും.


വിജ്ഞാനത്തോടൊപ്പം ചേരുക എന്നത് സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളുടെയും ബാധ്യതയാണ്.


ലക്ഷ്യമില്ലാത്ത ജീവിതം തീരാ നഷ്ടമാണ്.


തികഞ്ഞ ലക്ഷ്യബോധത്തോടെ ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ ഖുര്‍ആനിന്റെ  കരുത്തു മനസ്സിലാക്കി നമുക്ക് മുന്നേറാം.


ജ്‌ഞാനികളെ അല്ലാഹു ആദരിച്ചിരിക്കുന്നു. അവര്‍ക്ക് ഉയര്‍ന്ന സ്‌ഥാനങ്ങള്‍ നല്‍കിയിരിക്കുന്നു. "നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്‌ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്”. ( ഖുര്‍‌ആന്‍ )



ഖുര്‍ആനിലുള്ള ജ്ഞാനം ഏറ്റവും വലിയ ശക്‌‌തിയാണ്.


പുരോഗതിയുടെയും വികസനത്തിന്റെയും ഉത്തുംഗ ശ്രേണിയിലെത്തിപ്പെട്ട സമൂഹത്തെ എടുത്തു നോക്കു. അവരുടെ ആയുധം ഖുര്‍ആന്‍ ആയിരുന്നു .





ഖുര്‍ആനിക ജ്ഞാനം ആര്‍ജിക്കുകയും അത് പ്രയോഗതലത്തില്‍ കൊണ്ടു വരികയും ചെയ്തുകൊണ്ടാണ് സ്വന്തം വ്യക്‌തിത്വവും അസ്തിത്വവും കേടുകൂടാതെ സംരക്ഷിക്കാനും ലോകത്ത് തല ഉയര്‍ത്തിപ്പിടിച്ചു അഭിമാനത്തോടെ നില്‍ക്കാനും സാദിക്കുകയുള്ളൂ. കൂടാതെ വികസനത്തിന്റെയും പുരോഗതിയുടെയും രാജപാത വെട്ടിത്തെളിക്കാനും . വിവരക്കേടിന്റെ കരാളതകളെ ആട്ടിയകറ്റി യഥാര്‍ത്ഥ അറിവിന്റെ വഴിയില്‍ സഞ്ചരിക്കാനും സാധിക്കൂ .



അറിവ് പ്രകാശവും, അറിവില്ലായ്മ ഇരുളുമാണ്. പ്രകാശവും ഇരുളും തമ്മില്‍ കാതങ്ങളുടെ അകലമുണ്ട്.



പണ്‌ഡിത സദസ്സുകളില്‍ ഹാജരാവുക. ജ്‌ഞാനികളുടെ വാക്കുകള്‍ സാകൂതം ശ്രവിക്കുക. മൃതപ്രായമായ ഹൃദയത്തിന് അല്ലാഹു ജ്‌ഞാനം കൊണ്ട് പുതുജീവന്‍ നല്‍കുന്നു. കനത്ത മഴ മൃതഭൂമിക്കെന്ന പോലെ.



യാഥാര്‍ത്ഥ്യങ്ങള്‍ കൃതകൃത്യതയോടെ മനസ്സിലാക്കാന്‍ അറിവ് അനിവാര്യമാണ്.



പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും പ്രതിസന്ധികളില്‍ സഹായവുമായി ശരിയായ അറിവ് കൂടെയുണ്ടാകും. ദുരന്തങ്ങളില്‍ ഈ അറിവ് തുണയാകുന്നു.



വിശുദ്ധ ഖുര്‍‌ആന്‍, മാര്‍ഗദര്‍ശകഗ്രന്ഥവും നിയമസംഹിതയുമാണത്.


മനുഷ്യര്‍ക്ക് ദൈവികമാര്‍ഗദര്‍ശനത്തെ വിശദീകരിച്ചുകൊടുക്കുകയും ഏകദൈവവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ജീവിതത്തിലൂടെ അവരെ സംസ്കരിക്കുകയും ദൈവികപൊരുത്തത്തിലേക്കും പരലോകമോക്ഷത്തിലേക്കും നയിക്കുകയാണ് ഖുര്‍‌ആന്‍ ചെയ്യുന്നത്.


സാധാരണ പുസ്തകങ്ങള്‍ വായിക്കുന്ന ലാഘവത്തോടെ ഖുര്‍‌ആന്‍ വായിക്കരുത്. അര്‍ത്ഥവും ആശയവും ഉള്‍കൊള്ളുകയും ചിന്തിക്കുകയും ചെയ്തു വേണം ഖുര്‍‌ആന്‍ പഠിക്കുവാന്‍.


പ്രവാചകന്മാരുടെ ധര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ പണ്ഡിതന്മാരുടെയും ധര്‍മ്മം.


പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ ഉത്തരാധികാരികളാണ്. പ്രവാചകന്മാര്‍ ദീനാറോ ദിര്‍ഹമോ അടുത്ത തലമുറക്ക് കൈമാറുന്നില്ല, മറിച്ച് വിജ്ഞാനമാണവര്‍ കൈമാറുന്നത്. അത് സ്വീകരിച്ചവരൊക്കെ ധന്യരായി.



തന്റെ  ധാര്‍മ്മിക ജീവിതം നല്‍കിയ അനുഭവങ്ങള്‍  ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുക, ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിശദമാക്കിക്കൊടുക്കുക തുടങ്ങിയവ പണ്ഡിതന്മാരുടെ ഉത്തരവാദിത്തങ്ങളുടെ മുന്‍‌പന്തിയില്‍ നില്‍ക്കുന്നു.


അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരാകുമോ. ( ഖുര്‍‌ആന്‍ )



വിശ്വാസികളിലുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം അവരുടെ ലാളിത്യവും വിനയവുമാണ്.

പ്രകാശം.



സ്വയം പ്രകാശിക്കുകയും മനുഷ്യ മനസ്സിനെ  പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഖുര്‍ആന്‍.

 

ബാഹ്യമായ അന്ധകാരത്തെ വിളക്കിന്റെ പ്രകാശം അകറ്റുന്നത് പോലെ,, അജ്ഞാനമാകുന്ന അന്ധകാരത്തെ ഖുര്‍ആനിന്റെ പ്രകാശം നീക്കികളയുന്നു .

 
എന്നും നിലനില്‍ക്കുന്ന  പ്രകാശമാണ് ഖുര്‍ആന്‍.

കരുത്തിന്റെ മാതാവാണ് ഖുര്ആന്.



തന്റെ ജീവതം പൂര്‍ണ്ണമായി അല്ലാഹുവിനു  സമര്‍പ്പിച്ചുകഴിഞ്ഞശേഷം ചെയ്യുന്ന കര്‍മ്മങ്ങളോട്‌ യാതൊരു അലട്ടലുമില്ല. അവര്‍ക്ക് ജീവിതത്തില്‍ ധര്‍മ്മത്തിനാണ്‌ പ്രാധാന്യം.


മനുഷ്യ നിര്‍മ്മിത ആത്മീയതയും ഭൗതികതയും മാക്സിസവും ഗാന്ധിസവും വിശ്വാസവും അവിശ്വാസവുമൊക്കെ ഇന്ന്‌ മനുഷ്യരുടെ ദുര്‍ബലതയെ ചൂഷണം ചെയ്യുവാനുള്ള മാര്‍ഗങ്ങളായി അധഃപതിച്ചിരിക്കുന്നു.


പണ്ട്‌ അധികാരിക്ക്‌ വേണ്ടിയിരുന്നത്‌ കരബലവും ധനബലവുമായിരുന്നു. ഇന്നത്‌ ബുദ്ധിബലത്തിലേക്ക്‌ മാറിയിരിക്കുന്നു.



അധികാരം, അഹന്ത, ആഡംബരം, ക്ഷണികസുഖം (മദ്യം, മാംസം, മദിരാക്ഷി) എന്നിവയില്‍ ആസക്തരാണ്‌ ഇന്നത്തെ ബഹുഭൂരിപക്ഷ ജനങ്ങളും .



ആസക്തികളെ അതിജീവിക്കാനോ ആത്മാവിനെ അറിയുവാനോ കഴിയാത്ത മന്ദബുദ്ധിക കളായി മാറിയിരിക്കുന്നു ആധൂനീക ജന സഞ്ചയം .



കണ്ണിന്‌ കാഴ്ച നഷ്ടപ്പെട്ടാലും, കാലുകള്‍ക്ക്‌ ശേഷി കുറഞ്ഞാലും പണത്തിനായി  കടിപിടി കൂട്ടുന്നു.


അധികാരത്തിന്റേയും പണത്തിന്റേയും പിന്‍ബലത്തില്‍ മനുഷ്യന്‍ മനുഷ്യനു നേരെ നടത്തുന്ന ഓരോ അധാര്‍മ്മിക പ്രവൃത്തികളോടും കരുണാപൂര്‍വ്വം ഒരുമിച്ചു ജീവിക്കുന്ന  ആളുകളുടെ കൂട്ടായ്മയാണ്‌ കപടസമൂഹത്തിനു എതിരായി നിലകൊള്ളേണ്ടത്.


അഹന്തയല്ല, ആത്മബോധ മാണ്‌ ഓരോ വ്യക്തികളിലും വേണ്ടത്.



സ്നേഹവും കാരുണ്യവും പരിശുദ്ധിയും ചേര്‍ന്ന ആത്മാവിനെ സംബന്ധിക്കുന്നതാണ്‌ ആത്മീയത.



അറിവില്ലായ്മ, അജ്ഞത, അഹങ്കാരം എന്നിങ്ങനെ മൂന്നുവിധ തടസങ്ങള്‍ ഖുര്‍ആന്‍ യഥാവിധി മനസ്സിലാക്കാന്‍ തസ്സമാകുന്നു .



മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്‌.


വസ്തുതകള്‍ മനസ്സിലാക്കാതെ അന്ധവിശ്വാസികളായ ഇന്നത്തെ സമൂഹം അശാസ്ത്രീയമായ നോമ്പുകളിലൂടെയും, നേര്‍ച്ചകളിലൂടെയും, ആഹാര നീഹാരാദികളിലെ നിയന്ത്രണമില്ലായ്മയിലൂടെയും സ്വയം നശിക്കുന്നത്‌ തടയുവാന്‍ മാറ്റത്തിന്‌ വിധേയമായി നാം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്‌.


ശരിയായ അറിവ്‌ പ്രദാനം ചെയ്യാന്‍ അറിവിന്റെ സര്‍വസ്വമായ അല്ലാഹുവിന്റെ  അനുഗ്രഹം ആവശ്യം തന്നെ.


മാനസികമായ ശക്തിനേടാതെ വിവേകവും വിചാരവും ഉണ്ടാകില്ല.


മനസ്സില്‍ വിഷാദം വീശിയാല്‍ ജീവിതം തകര്‍ന്നതുതന്നെ.


ജീവിത വിജയത്തിന്‌ ഉചിതമാംവിധം മനസ്സിനെ ശക്തിപ്പെടുത്തുക. അപ്പോള്‍ ഖുര്‍ആന്‍  മനസ്സിനെ സ്വാധീനിക്കും.


മനസ്സ്‌ ശാന്തമാകാത്തിടത്ത്‌ ഒരിക്കലും അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ടാകില്ല.


അല്ലാഹുവിന്റെ  അനുഗ്രഹം ഉണ്ടാകുകയെന്നാല്‍ കിട്ടുന്ന സമ്പത്ത്‌ വിവേകപൂര്‍വം വിനിയോഗിക്കുക എന്നതാണ്‌.


മനസ്സിന്റെ അസ്വസ്ഥത മാറ്റാന്‍ അലാഹുവിന്റെ കലാം - സംസാരം -  നമുക്ക്‌ സഹായമേകുന്നു.


കരുത്തിന്റെ മാതാവാണ്‌ ഖുര്‍ആന്‍.



കാമ , ക്രോധ, ലോഭ, മോഹ, മദ, മാത്സര്യ, ഡംഭു, അസൂയാദി, വൈരികളെ കീഴടക്കാതെ ഒരിക്കലും ഖുര്‍ആനിലെ വെളിച്ചം നേടാനാവുന്നില്ല.


ബാഹ്യവസ്തുക്കള്‍ തനിക്ക്‌ ആനന്ദം നേടിത്തരുമെന്ന വ്യാമോഹം നിലനില്‍ക്കുകയാല്‍ ആത്മാവിന്റെ ആനന്ദം നാം അറിയുന്നില്ല.


മനസ്സിന്റെ അന്ധകാരത്തെ മാറ്റി സത്യധര്‍മങ്ങളുടെ മധുരോദാരഭാവം വളര്‍ത്തുക.



ലാ ഇലാഹ ഇല്ലള്ളാ എന്ന മഹിതമായ മന്ത്രംകൊണ്ട്‌ ഈശ്വരചൈതന്യം നിറയ്ക്കുക. ദേശീയത ശക്തമാക്കുക. പാപവാസനകളെ കഴുകിക്കളയുക. എന്തുവന്നാലും നമ്മുടെ നാശം നാം തന്നെയെന്ന ചിന്ത ഉറപ്പിച്ച്‌ അധഃപതിക്കാതിരിക്കുക.

ഭക്ഷണം.



മനുഷ്യജീവിതത്തിന്‌ ഒരു ലക്ഷ്യമുണ്ടായിരിക്കണം.


ഭക്ഷണത്തെ നിഷേധിക്കുന്നതോ ഭക്ഷണത്തില്‍ മുഴുകുന്നതോ ശരിയായ രീതി അല്ല.


അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുത്ത്‌ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ്‌ വേണ്ടത്‌.


മദ്ധ്യമഗതിയുടെ തത്ത്വങ്ങള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നതുപോലെ ഭക്ഷണകാര്യത്തിലും പ്രസക്തമാണ്‌.


ശരീരത്തെ അമിതമായ ഭക്ഷണം കൊണ്ട്‌ പീഡിപ്പിക്കുന്നവരെ പ്രകൃതി വിടില്ല.


ഭക്ഷണം കൊടുക്കാതെ, വെയിലും കാറ്റും ഏല്‍പിക്കാതെ ശരീരത്തെ കഠിനമായി പീഡിപ്പിക്കുന്നത്‌ ഖുര്‍ആന്റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമാണ് .


എന്റെ ശരീരം എന്ന മമതയെ ഉപേക്ഷിച്ച്‌ ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രകൃതി വരദാനമായി നല്‍കിയ ശ്രേഷ്ഠമായ ഉപകരണമാണ്‌ ശരീരം എന്ന കാഴ്ചപ്പാടുകളോടുകൂടി വേണം ശരീരത്തെ ശ്രദ്ധിക്കേണ്ടതും പോഷിപ്പിക്കേണ്ടതും.


ശരീരത്തെ പവിത്രവും ശുദ്ധവും ആരോഗ്യപൂര്‍ണവുമാക്കിത്തീര്‍ക്കേണ്ടത്‌ ഓരോ വ്യക്തികളുടെയും  മുഖ്യമായ ഉത്തരവാദിത്വമാണ്‌.


പ്രകൃതിയുമായി നേരിട്ടു ഇടപഴകാനുള്ള അവസരം ശരീരത്തിന്‌ നല്‍കണം. പുറത്തെ കാറ്റുകൊള്ളാതെ വീട്ടിനുള്ളില്‍ കതകടച്ചിരുന്ന്‌ ഫാന്‍ ഇടുന്നവരാണ്‌ നമ്മള്‍. പ്രകൃതിയിലെ കാറ്റും സൂര്യപ്രകാശവും ശുദ്ധജലവും ഭൂമിയുമായുള്ള സമ്പര്‍ക്കവും നിഷേധിക്കപ്പെട്ടാല്‍ മനുഷ്യര്‍ രോഗികളായിത്തീരും.


ചെരുപ്പില്ലാതെ നടക്കരുത്‌ എന്ന ഒരു അബദ്ധധാരണ എല്ലാവര്‍ക്കുമുണ്ട്‌. ( ഇന്ന് ഭൂമിയിലെ മലിനാവസ്ഥ കണക്കാക്കിയാണ് ) ചെരിപ്പ്‌ ധരിക്കുന്നതോടെ ഭൂമിയുമായുള്ള നമ്മുടെ ബന്ധം വെട്ടിമാറ്റുകയാണ്‌ ചെയ്യുന്നത്‌. നഗ്നപാദരമായി ഭൂമിയില്‍ നടക്കുന്നത്‌ ശരീരത്തിന്റെയും ബുദ്ധിയുടെയും വളര്‍ച്ചയ്ക്കും മാനസിക വികാസത്തിനും അത്യാവശ്യമാണ്‌. ( ഭൂമിയും മണ്ണും മലിനമാക്കാതെ നോക്കേണ്ടത് ഓരോ വ്യക്തികളുടെയും ബാധ്യതയാണ് ).



ഭൂമിയുടെ ഊര്‍ജ്ജം നമ്മുടെ പാദങ്ങളിലൂടെ ശരീരത്തിലേക്ക്‌ പ്രവഹി ക്കുകയും, നമ്മുടെ ഉള്ളിലുള്ള ദുഷിച്ച ഊര്‍ജ്ജം ഭൂമിയിലേക്കും പ്രവഹിക്കണം. അതിന്‌ ഉപയുക്തമായ രീതിയിലാണ്‌ മനുഷ്യന്റെ ശരീരഘടന. ചെരിപ്പ്‌ ധരിക്കുന്നതോടെ നാം ഭൂമിയില്‍ നിന്നും  പ്രകൃതിയില്‍ നിന്നും അകലുന്നു എന്ന് മനസ്സിലാക്കണം .