Thursday, 1 November 2012

ആത്മവിശ്വാസത്തിന്റെ ഉടമ.



വിശ്വാസികള്‍ അവരുടെ വിശ്വാസം ദൃഡമാക്കുന്നതിനു വേണ്ടി അന്വേഷിക്കുന്ന വഴികള്‍, തങ്ങളുടെ  ന്യായ ശാസ്ത്രമായി ഇപ്പോഴും കൊണ്ട് നടക്കുന്നത് പഴയ ഖുര്‍ആനിതര ഗ്രന്ഥങ്ങളിലെ  നിഗമനങ്ങളാണ്. ജനങ്ങളുടെ സാക്ഷരത  പഴയതില്‍  നിന്നൊക്കെ ഒരു പാട് മുമ്പോട്ട് പോയിട്ടും ഖുര്‍ആനിന്റെ അവകാശികള്‍ എന്ന് ഊറ്റംകൊള്ളൂന്നവര്‍  ഇപ്പോഴും പഴയ പടി തന്നെ.



സാമൂഹിക ഘടനയിലെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ കുടുംബം. ഇതിന്റെ സുസംഘടിതമായ പെരുക്കങ്ങളാണ്‌ മറ്റുള്ളതെല്ലാം.


വ്യക്തിയുടെ ഏറ്റവും തീവ്രവും ഇഴയടുപ്പമുള്ളതുമായ പാരസ്പര്യം സാര്‍ത്ഥകമാകുന്നത്‌ കുടുംബത്തിനുള്ളിലാണ്‌.



വ്യക്തികളുടെ ആന്തരികതയെ ഏറ്റവും അഗാധമായി സ്പര്‍ശിക്കുന്ന ജൈവരൂപം. സ്നേഹവും ക്ഷമയും ത്യാഗവും അതിന്റെ ഏറ്റവും ആര്‍ദ്രമായ തനിമയോടെ സന്നിഹിതമായിരിക്കുന്ന ഒരു പാരസ്പര്യം. മനുഷ്യന്റെ ഉജ്ജ്വലവും ഉദാത്തവുമായ ഈടുവയ്പ്പുകളിലെല്ലാം കുടുംബത്തിന്റെ സംഭാവനയുണ്ട്‌.


കുടുംബമെന്ന സ്ഥാപനം എല്ലാവശങ്ങളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ്‌ നമുക്കുമുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. കേരളീയ സമൂഹത്തില്‍ കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച്‌ രൂപപ്പെട്ട അണുകുടുംബങ്ങള്‍ക്ക്‌ ക്രമേണ പ്രതിരോധശക്തി കുറഞ്ഞുവരികയാണെന്ന്‌ കുടുംബത്തെ കുറിച്ചു ഖുര്‍ആന്റെ പരാമര്‍ശം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നു.



കാര്‍ഷികവ്യവസ്ഥയില്‍ നിന്നും കാര്‍ഷിക-വ്യവസായിക അവസ്ഥയിലേക്ക്‌ സമൂഹം നീങ്ങിയത്‌ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയെ അനിവാര്യമാക്കി.

ആധൂനീക സംസ്കാരീക ജീവിതത്തില്‍ രൂപപ്പെട്ട അണുകുടുംബം ഒരോരുത്തരും ജോലിചെയ്ത്‌ കുടുംബം പോറ്റുന്ന നവസമ്പ്രദായത്തിന്‌ ഇണങ്ങിയതാണെങ്കിലും കൂട്ടുകുടുംബങ്ങളില്‍ നിലവിലിരുന്ന സുരക്ഷിതബോധം നിലനിര്‍ത്താന്‍ അതിനായില്ല.


കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത്‌ എല്ലാവര്‍ക്കുമായി വിനിയോഗിക്കപ്പെടുകയായിരുന്നു. ഏറിയും കുറഞ്ഞുമാണെങ്കിലും കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഒരുതരം സാമ്പത്തിക സമത്വം നിലനിന്നിരുന്നു.


ജീവസന്ധാരണത്തിനായി ഓരോരുത്തരും വ്യതിരിക്തങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി രൂപപ്പെട്ട അണുകുടുംബങ്ങള്‍ ഓരോന്നും വ്യത്യസ്ത സാമ്പത്തിക നില ഉള്ളവയായി പരിണമിച്ചു.


സ്വാര്‍ത്ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്ക്ക്‌ നില്‍ക്കാനും സുഖസന്തോഷങ്ങള്‍ അതിനുള്ളില്‍ത്തന്നെ തേടാനും പ്രേരിപ്പിച്ചു. അങ്ങിനെയാണ്‌ ഒരേഉദരം പങ്കുവച്ചര്‍ക്കിടയില്‍പ്പോലും അകല്‍ച്ചയുടെ കളകള്‍ പെരുകി വന്നത്‌.



ബന്ധുക്കളും പൊതുസമൂഹവും കുടുംബങ്ങള്‍ക്ക്‌ കെട്ടുറപ്പിനും അതിജീവനത്തിനുമായി നല്‍കിയിരുന്ന ഊന്നുവടികള്‍ ക്രമേണ അപ്രത്യക്ഷമായി. ദാമ്പത്യബന്ധങ്ങളിലെ ഘര്‍ഷണങ്ങളും വിള്ളലുകളും പരിഹരിച്ച്‌ അതിനെ സദാ പ്രവര്‍ത്തനസജ്ജമാക്കി നിലനിര്‍ത്താന്‍ ഉത്സാഹിച്ചിരുന്ന ബന്ധുക്കളും അയല്‍വാസികളും അണുകുടുംബങ്ങള്‍ക്ക്‌ അസ്വീകാര്യരായി.



ടെലിവിഷന്റെ കടന്നുവരവോടുകൂടി കുടുംബത്തിനുള്ളിലെ ആശയവിനിമയങ്ങളും സമ്പര്‍ക്കങ്ങളും പേരിനുമാത്രമായി ചുരുങ്ങി. പരസ്പരം മിണ്ടാതെ, കാണാതെ ടെലിവിഷന്‍ സ്ക്രീനില്‍ ശ്രദ്ധയൂന്നിയിരിക്കുന്നതില്‍ അണുകുടുംബങ്ങള്‍ സന്തോഷം കണ്ടെത്തി.


ഹൃദ്യമായ പങ്കുവയ്ക്കലുകളുകളും കൊടുക്കല്‍ വാങ്ങലുകളും ഭാവിയെ നിര്‍മ്മിക്കാനുദ്ദേശിച്ചുള്ള കൂട്ടായ യത്നങ്ങളും കുടുംബത്തിന്‌ പുറത്തുള്ളവരെയും ചേര്‍ത്ത്‌ പണിയുന്ന സാമൂഹിക പാലങ്ങളുമാണ്‌ കുടുംബത്തെ ഒരുമിച്ച്‌ നിര്‍ത്തുന്ന പശിമയും പ്രാണവായുവും എന്നത്‌ ആധൂനീക സംസ്കാരീക ജനത എന്ന് ഊറ്റംകൊള്ളുന്ന വ്യക്തികള്‍  സൌകര്യപൂര്‍വം ഇതെല്ലാം വിസ്മരിച്ചു.


വ്യക്തികള്‍ വെള്ളം കയറാത്ത സ്വകാര്യ അറകളായി സ്വയം നിര്‍ണ്ണയിച്ചപ്പോള്‍ നഷ്ടമായത്‌ കുടുംബത്തിന്റെ വേരുകളും ഊന്നുകളുമായിരുന്നു. അദ്ധ്യാത്മികതയും ദൈവാരാധനയും വെറും ചടങ്ങുകളായി.


തീഷ്ണമായ മതബോധമുള്ളവര്‍ക്ക്‌ അന്യമതസ്പര്‍ദ്ധയുടെ വിഷം കുടിക്കാനുള്ള വേദിയായി ആരാധനാവേളകള്‍. ഇനിയും കുറച്ചുപേര്‍ മാനസികമായ ഭാരം ഇറക്കിവയ്ക്കാനുള്ള ഒരു കൃത്രിമ അത്താണിയായി കേവലം ചില ആചാരങ്ങള്‍ തെരഞ്ഞെടുത്തു .


സ്വന്തം ആന്തരികതയെ നിര്‍ണ്ണയിക്കാനും മനുഷ്യോന്മുഖമായി വികസിപ്പിക്കാനുമുള്ള ഔഷധമെന്ന സ്ഥാനം ഖുര്‍ആനില്‍ നിന്നും മറ്റുപലതിലെക്കും നിന്നും ചോര്‍ന്നതോടെ വ്യക്തി ജലോപരിതലത്തിലെ പാഴ്‌വസ്തുവായി. വേരും കതിരും ഊന്നും നഷ്ടമായ പൊങ്ങുതടി. സ്വന്തം വ്യക്തിത്വം തിരിച്ചറിയാത്ത കപട ആത്മവിശ്വാസത്തിന്റെ ഉടമ.

No comments:

Post a Comment