Friday, 9 November 2012

കൂട്ടായ്മ , സംസ്കാരം, രാഷ്ട്രം.



തന്റെ സ്വാര്‍ത്ഥത്തിനു ഹാനി വരാത്തിടത്തോളം മറ്റുള്ളവരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുക സ്വാര്‍ത്ഥം ഉപേക്ഷിച്ചും പരഹിതമാചരിക്കുന്നവരാണ് സേവകന്മാരാകുന്നത്.


സേവിക്കുക എന്നിടത്ത് ആരെ? എങ്ങനെ? എന്തിന്? എന്നീ ചോദ്യങ്ങള്‍ വരുന്നു.



എങ്ങനെ സേവിക്കണം? എന്തിനെന്നു തീരുമാനമായാലേ എങ്ങനെ എന്നു ചിന്തിക്കാനാവൂ. സേവിക്കുന്നത് ക്ഷണികമായ ആശ്വാസം നല്‍കാനാണോ? എങ്കില്‍ ഉണ്ണാനില്ലാത്തവര്‍ക്കു ഊണും ഉടുക്കാനില്ലാത്തവര്‍ക്കു വസ്ത്രവും കൊടുക്കുന്നിടത്ത് സേവനം പൂര്‍ണ്ണമായി. അതങ്ങനെയാകുമെന്ന് ആലോചനയുള്ള ആരും സമ്മതിക്കില്ലെല്ലോ. ഉണ്ടവര്‍ക്കു വീണ്ടും വിശപ്പുണ്ടാവുകയും ഉടുത്തവരുടെ വസ്ത്രം ജീര്‍ണ്ണിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും സേവനമാവശ്യമാകുന്നു. ഇതിന് അതിരുണ്ടോ? അപ്പോള്‍ സേവനം ഒരിക്കലും കൃതാര്‍ത്ഥമാവില്ലെന്നു വരുന്നു. സേവനം പാഴ്‌വേലയാണെന്നു തോന്നിയാല്‍ പിന്നെ ആര്‍ സേവിക്കാനൊരുങ്ങും?


വ്യക്തികളുടെ സമാജഭാവകൊണ്ടാണ് സമൂഹം ജീവിക്കുന്നത്. അതു പൊയ്‌പ്പോയാല്‍ പരസ്പരസ്‌നേഹവും സഹകരണവും സഹാനുഭൂതിയുമാല്ലാഞ്ഞ് സമാജം അതിന്റെ സമഷ്ടിവ്യക്തിത്വം നഷ്ടപ്പെട്ട് ആള്‍ക്കൂട്ടമായ് പോവുകയും അതില്‍ ഓരോരുത്തരും തനിയെയാവുകയും ചെയ്യും. അവിടെ സംസ്‌കാരം അറുതിയാവുന്നു. കൂട്ടായ്മ , സംസ്‌കാരം, രാഷ്ട്രം ഇവമൂന്നും ഒന്നുതന്നെയാണ്. ഇതുവ്യക്തിയിലാണ് ജീവിക്കുന്നത്. അവിടെ അതിന്റെ ജീവിതം ഭദ്രമാക്കുക – രാഷ്ട്രം ജീവിച്ചിരിക്കാന്‍ അതൊന്നേ മാര്‍ഗ്ഗമുള്ളൂ. അപ്പോള്‍ ഒരൊറ്റ വ്യക്തിയെ സേവിക്കുന്നതും രാഷ്ട്രസേവനമാണെന്നും കാണും.




പലിശ ഇടപാട് ഒന്നുകില്‍ ഒരു വിഭാഗത്തിന്നു ലാഭവും മറ്റേ വിഭാഗത്തിന്നു നഷ്ടവുമായിരിക്കും; അല്ലെങ്കില്‍ ഒരു വിഭാഗത്തിന്ന് ഉറച്ചതും നിര്‍ണിതവുമായ ലാഭവും, മറ്റേ വിഭാഗത്തിന്നു അനിശ്ചിതവും നിര്‍ണിതമല്ലാത്തതുമായ ലാഭവുമായിരിക്കും



കച്ചവടത്തില്‍, വില്‍ക്കുന്നവന്നും വാങ്ങുന്നവന്നും ഇടയില്‍ ലാഭത്തിന്റെ കൈമാറ്റത്തില്‍ തുല്യ നിലപാടാണുള്ളത്. എന്തുകൊണ്ടെന്നാല്‍, വാങ്ങുന്നവന്‍ താന്‍ വാങ്ങിയ സാധനത്തില്‍നിന്നും ഫലമെടുക്കുന്നു; വിറ്റവനാകട്ടെ, വാങ്ങുന്നവന്ന് ആ സാധനം ശേഖരിച്ചു കൊടുക്കുന്നതില്‍ വിനിയോഗിച്ച അധ്വാനം, ബുദ്ധിസാമര്‍ഥ്യം, സമയം എന്നിവയുടെ പ്രതിഫലമാണ് വാങ്ങുന്നത്. നേരെമറിച്ച്, പലിശയുടെ കൊള്ളക്കൊടുക്കയില്‍ ലാഭത്തിന്റെ കൈമാറ്റം തുല്യ നിലപാടിലായിരിക്കയില്ല. പലിശ വാങ്ങുന്നവന്‍ ലാഭമെന്നുറപ്പായ ഒരു നിശ്ചിത തുക ഏതു നിലക്കും വസൂലാക്കുന്നു; എന്നാല്‍ പലിശ കൊടുക്കുന്നവനും വെറും കാലാവധിയുടെ ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്; അതാകട്ടെ, ലാഭകരമായിരിക്കുമെന്നൊട്ടുറപ്പില്ലതാനും. അവന്‍ കടം വാങ്ങിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുവാന്‍ വേണ്ടിയാണെങ്കില്‍ കാലാവധി അവന്നു തീരെ ലാഭകരമല്ലെന്നതു വ്യക്തമാണ്. ഇനി കച്ചവടം, കൃഷി, വ്യവസായം, തൊഴില്‍ എന്നിവയില്‍ മുതലിറക്കുവാനാണ് വാങ്ങിയതെന്നിരുന്നാലും, കാലാവധിയില്‍ ലാഭത്തിന്നു സാധ്യതയുള്ളത്രതന്നെ നഷ്ടത്തിന്നും സാധ്യതയുണ്ട്. അതിനാല്‍, പലിശ ഇടപാട് ഒന്നുകില്‍ ഒരു വിഭാഗത്തിന്നു ലാഭവും മറ്റേ വിഭാഗത്തിന്നു നഷ്ടവുമായിരിക്കും; അല്ലെങ്കില്‍ ഒരു വിഭാഗത്തിന്ന് ഉറച്ചതും നിര്‍ണിതവുമായ ലാഭവും, മറ്റേ വിഭാഗത്തിന്നു അനിശ്ചിതവും നിര്‍ണിതമല്ലാത്തതുമായ ലാഭവുമായിരിക്കും അതിന്റെ ഫലം.



ഒരാള്‍ക്ക് രണ്ട് യജമാനന്മാരുടെ അടിമയായിരിക്കാന്‍ കഴിയില്ല.



രണ്ട് യജമാനന്മാരുടെ അടിമയായിരിക്കുന്നവന്‍  ഒന്നുകില്‍ ഒന്നാമനെ ദ്വേഷിക്കുകയും രണ്ടാമനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒന്നാമനോട് കൂറുപുലര്‍ത്തുകയും രണ്ടാമനെ വെറുക്കുകയും ചെയ്യും.


ദൈവത്തെയും , തന്റെ രക്ഷാശിക്ഷകള്‍ അല്ലാഹുവല്ലാത്തവരില്‍ ആരോപിക്കുന്നുവെങ്കില്‍ അവരെയും ,  ഒപ്പം സേവിക്കാന്‍ ആരാലും സാധ്യമല്ല.


മനുഷ്യന്‍ എന്ന സ്വത്വത്തെ ആഗോള മുതലാളിത്തം, പണം അഥവാ ലാഭം എന്ന സങ്കല്‍പത്തിനു കീഴില്‍ കൊണ്ടുവന്നു. പണം എന്ന സങ്കല്‍പം മനുഷ്യന്റെ നാഗരികവും വ്യാവഹാരികവുമായ വികസന ചരിത്രത്തില്‍ സുപ്രധാനമായൊരു സ്ഥാനത്തെ അടയാളപ്പെടുത്തുന്നുണ്ട് എന്ന് അവകാശപ്പെടുന്നു .. എന്നാല്‍ ലാഭം സ്വയം ധര്‍മനീതിയുടെ (ethics) പദവി അവകാശപ്പെട്ടതോടെ ജീവിതത്തെയും മനുഷ്യനെയും ലോകത്തെയും കുറിച്ച മൂല്യവിചാരങ്ങളെല്ലാം അട്ടിമറിഞ്ഞു. 'പള്ളിയും ഭരണകൂടവും ' വരെ ദൈവത്തെ വിട്ട്, ' നാണയത്തിന്റെ പക്ഷത്തു ചേര്‍ന്നു. ദൈവത്തിന് അഹിതമായതെല്ലാം ചെയ്യുകയും നാണയം കൊണ്ട് ഭിക്ഷകൊടുത്തു തൃപ്തിയടയുകയും ചെയ്യുന്നു . ആകയാല്‍ വഞ്ചനയും പലിശയും മുതല്‍ കൂട്ടക്കൊലകളും യുദ്ധവും അധിനിവേശവുമെല്ലാം മൂലധനസേവയില്‍ അനുഷ്ഠാനങ്ങളായി.

No comments:

Post a Comment