Monday, 5 November 2012

എല്ലാം ഖദ്റോടു കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.



കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ വിഷയങ്ങളില്‍ വെറും അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുന്ന ഒരു മനുഷ്യനെ മാത്രം ഉണ്ടാക്കുക എന്നതാണോ ഖുര്‍ആന്‍ അവതരണം കൊണ്ടും അതിന്റെ പ്രായോഗിക രൂപമായ പ്രവാചക ജീവിതം കൊണ്ടും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.?


ഖുര്‍ആന്റെ ഉള്ളടക്കം, പ്രവാചകന്റെ ജീവിതം, പ്രാപഞ്ചിക വിവക്ഷ, ജീവിതത്തെ മുച്ചൂടും ചൂഴ്ന്നു നില്‍ക്കുന്ന പ്രമേയങ്ങള്‍, എന്തിനേറെ പറയുന്നു തസ്ബീഹിന്റെയും തക്ബീറിന്റെയും തഹ്മീദിന്റെയും ജപമന്ത്രങ്ങള്‍ പോലും ഒന്നും തന്നെ കേവലം ഒരു പ്രാര്‍ഥനയില്‍ തളച്ചിടുന്ന പരിമിത തൗഹീദീ സങ്കല്‍പത്തോട് യോജിച്ചു പോകുന്നില്ല.


'നാം എല്ലാം ഖദ്‌റോടു കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്' എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ഇത് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങള്‍ക്കും ബാധകമായ തത്ത്വമാണ്.

നമ്മുടെ ഇഛാസ്വാതന്ത്ര്യത്തില്‍ നാം ഒരു തരത്തിലുള്ള തടസ്സവും നേരിടുന്നില്ല എന്നത് നമ്മുടെ ഓരോ നിമിഷത്തെയും അനുഭവമാണ്. അതുകൊണ്ടാണ് നമുക്ക് എന്തും വിചാരിക്കാന്‍ സാധിക്കുന്നത്.



ഇഛാ സ്വാതന്ത്ര്യത്തോടു കൂടി ഒരു മനുഷ്യന്‍ ഖുര്‍ആന്‍ നിശ്ചയിച്ച കര്‍മസ്വാതന്ത്ര്യത്തിന്റെ ഖദ്‌റില്‍, അഥവാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജീവിക്കുമ്പോള്‍ അവന്‍ പ്രകൃതിയുടെ പൊതുധാരയോടു താദാത്മ്യം പ്രാപിക്കുന്നു. അതുതന്നെയാണ് ഇസ്‌ലാം എന്നതുകൊണ്ടും വിവക്ഷിക്കപ്പെടുന്നത്.


മനുഷ്യന്റെ ഇഛാ സ്വാതന്ത്ര്യത്തെ മതപരമെന്നോ മതേതരമെന്നോ ഭൗതികമെന്നോ ആത്മീയമെന്നോ പ്രാര്‍ഥന എന്നോ പ്രയത്‌നമെന്നോ ഒക്കെ വിഭജിച്ചു, അതില്‍ ഏതാണെങ്കിലും ഒരു ഭാഗം മാത്രം ദൈവഹിതത്തിനു വിധേയപ്പെടുത്തിയാല്‍ മതിയെന്ന് പറയുന്നത് ഒരു ഉദ്ഗ്രഥിത വ്യക്തിത്വത്തെയും സമൂഹത്തെയും സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന തൗഹീദീ ലക്ഷ്യത്തിനോട് പൊരുത്തപ്പെടുന്നേയില്ല.

No comments:

Post a Comment