Monday, 19 November 2012

ശരിയായ അന്വേഷകന്.



നിങ്ങള്‍ കണ്ടില്ലെന്നു വെച്ച് ഈ ലോകം ഇല്ലാത്തതാവുന്നില്ല.

സ്വന്തം വിരലുകള്‍ കൊണ്ട് തന്റെ തന്നെ  കണ്‍മണികളെ അമര്‍ത്തിപ്പിടിച്ചാല്‍ ഇല്ലാതാവുന്നത് ലോകമല്ല, സ്വന്തം  കാഴ്ച മാത്രമാണ്.

നീതിയില്‍ നിഷ്ഠയുള്ളവന്‍ ലോകത്തെ കാണുന്നതു പോലെയല്ല നീതി കൈമോശം വന്നവന്‍ കാണുന്നത്.

ശരിയായ കാഴ്ചയുള്ളവന്‍ സ്വന്തം ആവശ്യങ്ങളുടെ കൂമ്പാരത്തെയല്ല കാണുന്നത്, മറിച്ച് സമീപസ്ഥനായ അല്ലാഹുവിനെയാണ് .

ദൈവത്തെ കാണാന്‍ നിനക്കു കണ്ണില്ലെങ്കില്‍ അന്ധനായിത്തന്നെ ഇരുന്നു കൊള്‍ക.

ഹൃദയത്തില്‍ നിന്ന് തീയും ചാരവുമൊഴിഞ്ഞാല്‍പ്പിന്നെ എങ്ങോട്ടു നോക്കിയാലും അല്ലാഹുവിന്റെ മുഖം മാത്രം. എന്നാല്‍ നിങ്ങള്‍ സുഹൃത്തായി ഉള്ളില്‍ കൊണ്ടുനടക്കുന്നത് എപ്പോഴും എല്ലായിടത്തും കപടം ചൊരിയുന്ന ചെകുത്താനെയാകയാല്‍ അല്ലാഹുവിന്റെ മുഖം എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ല.

ശരിയായ അന്വേഷകന്‍ താന്‍ തേടുന്നതു കണ്ടെത്താതിരിക്കുന്നില്ല.

ദൈവത്തിന്റെ ഉദ്ദേശ്യമൊന്തെന്നറിയുന്നതിനായി അവന്റെ മുഖത്തേയ്ക്കു - ഖുര്‍ആന്‍ - നോക്കുക വേണം. ഖുര്‍ആനിലെ രഹസ്യമറിയുന്നവന് കണ്ണു കൊണ്ട് കാണുന്നതല്ല കാഴ്ച, കാതു കൊണ്ട് കേള്‍ക്കുന്നതല്ല കേള്‍വി., അതിനപ്പുറം ആത്മാവിനാല്‍ ദൃശ്യമാകുന്നതുണ്ട്, ശ്രവ്യമാകുന്നതുണ്ട്, മാറാതെ നില്‍ക്കുന്നൊരു സത്യവും ഉണ്ട് എന്നു മനസ്സിലാകും.

അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചിട്ടില്ലാത്തവന്‍ ആവശ്യങ്ങള്‍ക്കു വശംവദരാവുന്നു. ആവശ്യങ്ങള്‍ നിര്‍ബ്ബന്ധങ്ങളായി മാറുന്നു. ഇത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു.

അള്ളാഹുവിനെ അറിഞ്ഞവര്‍ക്ക് എന്താണ് സ്വാതന്ത്ര്യമെന്നറിയാന്‍ സാധിക്കും. അത് നിര്‍ബ്ബന്ധങ്ങളില്‍ നിന്ന് മുക്തി നല്‍കും. എന്തു വിശാലമാണത്..!


വെറുമൊരു ശരീരം കൊണ്ട് മനുഷ്യന് ഒന്നെണീറ്റുനില്‍ക്കാന്‍ തന്നെ പറ്റിയെന്നു വരില്ല. എന്നാലവനില്‍ അറിവിന്റെ ഒരു പൊരി വന്നു വികസിച്ച് തന്നോട് തന്റെ സൃഷ്ടാവ് കാവലുണ്ട് എന്ന സത്യം പ്രകാശിതമാകുംബോള്‍ .., നോക്കൂ, അവന് പ്രതിസന്തികളെ  കാലിനടിയിലാക്കാം, മണ്ണിനെ  ഉഴുതുമറിക്കാം, മണ്ണിനടിയില്‍ മറഞ്ഞുകിടക്കുന്ന നിധികള്‍ വലിച്ചു പുറത്തിടാം, ബാഹ്യലോകത്തിന്റെ അനുഗ്രഹങ്ങളെയും സൌന്ദര്യത്തെയും ആസ്വദിക്കാം .



കൈയിലിരിക്കുന്ന ഖുര്‍ആനില്‍ നിന്റെ സകല സാധ്യതകളും നിറഞ്ഞിരിക്കുന്നുവെന്ന അറിവില്‍ അതിന്റെ മൂടി ഒന്നുയര്‍ത്തിനോക്കൂ. ഹൃദയത്തിന്റെ വിശാലതയിലേക്ക്‌ - സമാധാനത്തിന്റെ -  ചിറകുകള്‍ വിരിച്ച് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു പോകാം .


ഞാന്‍  ആവശ്യങ്ങളുടെ (നിര്‍ബ്ബന്ധങ്ങളുടെ) അടിമയും. അതിനാല്‍ എന്റെ ദൗര്‍ബല്യം നിന്റെ - അല്ലാഹുവിന്റെ - നിര്‍ദേശം സ്വീകരിക്കുന്നതിനു തടസ്സമായിത്തീര്‍ന്നു." അല്ലയോ ഹൃദയമേ.., നീ ഒരടയാളം പറയൂ, നിര്‍ബ്ബന്ധവും സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളം. അതാകുന്നു നിന്റെ റബ്ബിന്റെ കലാമായ  ഖുര്‍ആന്‍ .

No comments:

Post a Comment