Tuesday, 6 November 2012

ഖുര്ആന്‍ എന്തുപറയുന്നു.



“ഈമാനി“(വിശ്വാസം)ന്റെ നിർവചനം നാവുകൊണ്ട്‌ മൊഴിയുക, ഹൃദയംകൊണ്ട്‌ സത്യപ്പെടുത്തുക എന്നതിൽ ഒരു വിഭാഗം ആളുകള്‍ പരിമിതപ്പെടുത്തുകയും കർമ്മങ്ങൾ കൊണ്ട്‌ വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ട ഭാഗം ഒഴിവാക്കുകയും ചെയ്തു. ഒരാൾ ഖല്‍ബ്  കൊണ്ട്‌ വിശ്വാസിയായാൽ പിന്നെ എന്തെല്ലാം പ്രവൃത്തികൾ ചെയ്താലും കുറ്റമില്ല എന്ന അപക ടകരമായ ധാരണയാണ്‌ ഇത്തരക്കാര്‍ സമൂഹത്തിൽ വളർത്തിയത്‌. കർമ്മങ്ങളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ ഈമാനിനും ഏറ്റക്കുറവുണ്ടാകുമെന്ന ഖുര്‍ആന്റെ പ്രഖ്യാപനം അവർ കാറ്റിൽ പറത്തി.

ഏക ഇലാഹിലുള്ള വിശ്വാസം  വിശ്വാസം മനസ്സിലാക്കുന്നതിൽ ഖുര്‍ആന്‍ എന്തുപറയുന്നു എന്നതിനെ ഒഴിവാക്കി കേവലബുദ്ധിയെ മാത്രം  അവലംബി ച്ചതിനാൽ വിശ്വാസ സംഹിതകളിൽ ഏകദൈവ വിശ്വാസികളെന്നവകാശപ്പെടുന്നവര്‍ വ്യതിചലിക്കുവാൻ തുടങ്ങി.

ഏതൊരു മനുഷ്യനിലും ധാര്‍മിക ബോധം അങ്കുരിക്കുന്നതിന് ദൈവവിശ്വാസം ആവശ്യമാണ്.

ധാര്‍മിക ബോധം മനുഷ്യമനസ്സില്‍ അന്തലീനമാണ് . അതേ പ്രകാരം മനുഷ്യമനസ്സിന് അവന്റെ ദേഹേഛയുമായി ബന്ധപ്പെട്ട പ്രേരണകളുമുണ്ട്. ധാര്‍മിക ബോധത്താല്‍ ദേഹേഛയുടെ പ്രേരണകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുക എന്നതാണ് ഒരു മനുഷ്യനില്‍നിന്ന് ദൈവവിശ്വാസം ആവശ്യപ്പെടുന്നത്.

ധാര്‍മികബോധം ഒരാളുടെ ദേഹേഛകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ അയാള്‍ അധാര്‍മികനായി മാറും. നേരെ മറിച്ച് ഒരാളുടെ ധാര്‍മിക ബോധത്തിന് അയാളുടെ ദേഹേഛകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചാല്‍ അദ്ദേഹം ധാര്‍മികത പുലര്‍ത്തുന്നവന്‍ എന്ന് നമ്മുക്ക് വിളിക്കാവുന്ന വ്യക്തിത്വമായി രൂപാന്തരപ്പെടും. ധാര്‍മികബോധത്തിന് തഖ് വ എന്ന പദവും അധര്‍മത്തിത്തിന് ഫുജൂറ് എന്നും ദേഹേഛക്ക് ഹവ എന്നും ദേഹേഛക്ക് പ്രേരിപ്പിക്കുന്ന മനസ്സിന് നഫ്‌സുല്‍ അമ്മാറ എന്നും മാണ്  ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത് .

ധര്‍മാധര്‍മങ്ങള്‍ മനുഷ്യമനസ്സില്‍ അവന്റെ പ്രകൃതിയോടൊപ്പമുള്ളതാണ് എന്ന്  യാതൊരു വിധതെറ്റിദ്ധാരണക്കും ഇടയില്ലാത്ത വിധം ഖുര്‍ആന്റെ പ്രഖ്യാപനമാണ്.
ധാര്‍മികബോധം ഓരോ മനുഷ്യനിലും സൃഷ്ടിപ്പിലേ ഉള്ളതാണ്. അതിലൂടെയാണ് അവന്‍ നന്മതിന്മകള്‍ തിരിച്ചറിയുന്നത്.

തഖ് വ എന്ന ധാര്‍മികബോധം (സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്. അതേ സമയം ഫുജൂറ് എന്ന അധര്‍മം (ദുഷ്ടത) ദേഹവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനില്‍ ഒരു മൃഗവും ഉണ്ടെന്ന് സാരം. ആത്മാവില്ലാത്ത ജീവിയാണ് മൃഗം.

ധാര്‍മികതയുടെ  അഭാവത്തില്‍ മനുഷ്യന്‍ മൃഗങ്ങളുടെത് പോലുള്ള ഒരു ജീവിയായി അധഃപതിക്കും. മനുഷ്യന്‍ അതിനേക്കാള്‍ മോശമായി പരിണമിക്കും കാരണം മൃഗങ്ങളുടെ ദുഷ്ടത അവയുടെ ജന്മവാസനകളാല്‍ നിയന്ത്രിതമാണ്. സ്വേച്ഛയെ ദൈവമാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ? അവരിലധികമാളുകളും കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുന്നുവോ? അവരോ, വെറും കാലികളെപ്പോലെയാകുന്നു. അല്ല; അവയെക്കാളേറെ വഴിതെറ്റിയവരാകുന്നു. ( ഖുര്‍ആന്‍ )

ദേഹേഛപൂരണത്തിന്റെ പാത വശ്യമാണ് , ആകര്‍ഷകമാണ്, മനുഷ്യമനസ്സ് അതില്‍ ഉടക്കിപ്പോകും, കെണിയലകപ്പെടുത്തുന്ന സൗന്ദര്യം, വിഷയ സുഖം, ധനം എങ്ങനെയും സമ്പാദിക്കാം, എല്ലാ വിലക്കുകളുംലംഘിച്ച് തോന്നിയ പോലെ പ്രവര്‍ത്തിക്കാം, വിലക്കുകളെ വെറുക്കുകയും സൈ്വരവിഹാരം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇഛയെ അയച്ചുവിട്ടാല്‍ അധാര്‍മികത തകര്‍ത്താടും.  

മനസ്സിലെ വിരുദ്ധ പോരാട്ടങ്ങളില്‍ ദേഹേഛയുടെ പക്ഷത്ത് നില്‍ക്കാന്‍ കുറേ പേരുണ്ട്. അവക്ക് ഒന്നാകെ പറയുന്ന പേരാണ് പിശാചുക്കള്‍. അതായത്  പിശാച് ഒരു പ്രത്യേക സൃഷ്ടിയല്ല എന്നുള്ളത് കൊണ്ട് തന്നെ.


പിശാചുക്കളുടെ സ്വാധീനം എക്കാലത്തും നിലനില്‍ക്കുന്നു. അതിനെതിരെ മനുഷ്യന്റെ ധാര്‍മികതയുടെ പക്ഷത്തെ ശക്തിപ്പെടുത്താനുള്ള ദൈവികമായ സഹായമാണ് വിശ്വാസം. ഒരു കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടത് കേവല വിശ്വാസത്തിന് ഈ രംഗത്ത് കാര്യമായി റോളൊന്നുമില്ല എന്നതാണ്. ദൃഢവിശ്വാസത്തിന് മാത്രമേ ധാര്‍മികത പൂര്‍ണ അര്‍ഥത്തില്‍ സംരക്ഷിക്കാനാവൂ.

ധര്‍മം അനുഷ്ഠിക്കുന്നത് വളരെയേറെ പ്രയാസകരമാകുന്ന സന്ദര്‍ഭത്തില്‍ ഒരു കേവല വിശ്വാസി  അടിതെറ്റുകതന്നെ ചെയ്യും.

മനുഷ്യനിലെ ധാര്‍മികബോധത്തിന് മാത്രമായി  ധാര്‍മികതയെ വളര്‍ത്തുന്നതിനോ അവയെ നിലനിര്‍ത്തുന്നതിലോ വലിയ പങ്ക് വഹിക്കാനാവില്ല. അവയ്ക്ക് അതി ശക്തമായ മറ്റുചില പ്രേരകങ്ങള്‍ വേണം. അവ കളങ്കമറ്റ ദര്‍ശനത്തിന്റെ സഹായത്താലല്ലാതെ ലഭിക്കുകയില്ല.   

വിശുദ്ധഖുര്‍ആനില്‍ ധര്‍മം, അധര്‍മം എന്നതിന് സമാനമായ വാക്കുകള്‍ മഅ്‌റൂഫ്, മുന്‍കര്‍ എന്നീ പദങ്ങളാണ്. ഖുര്‍ആനിലെ പല പദങ്ങള്‍ക്കും തുല്യമായ മലയാള പദങ്ങളില്ലാത്തതുപോലെ മഅ്‌റൂഫ്, മുന്‍കര്‍ എന്നിവക്കും സമാനമായ പദങ്ങളില്ല. അതുകൊണ്ട് സന്ദര്‍ഭമനുസരിച്ച് മഅ്‌റൂഫ് എന്നതിന് നന്മ, ന്യായം, ധര്‍മം, നല്ലത് എന്നും. മുന്‍കര്‍ എന്നതിന് തിന്മ, അധര്‍മം, തിയ്യത് എന്നും മലയാള പരിഭാഷയില്‍ അര്‍ഥം നല്‍കിയിരിക്കുന്നു.

മഅ്‌റൂഫ് എന്ന പദത്തിന്റെ വാക്കര്‍ഥം അറിയപ്പെട്ടത് എന്നാണ് 'നാട്ടുനടപ്പ്'നും ആ പദം തന്നെ പ്രയോഗിക്കുന്നു. എല്ലാമനുഷ്യരും അറിയുന്നതും മനുഷ്യപ്രകൃതി എല്ലാകാലത്തും നന്നായി കരുതുന്നതുമാണ് മഅ്‌റൂഫ് എന്നാല്‍ മുന്‍കര്‍ എന്നാല്‍ മറിച്ചും. അഥവാ എക്കാലത്തെയും ശുദ്ധമനുഷ്യപ്രകൃതി വെറുക്കുന്നവയാണവ.

ഖുര്‍ആനില്‍ ധര്‍മത്തിന്റെ ശാസനക്കും അധര്‍മത്തിന്റെ വിലക്കിനും വമ്പിച്ച പ്രധാന്യമുണ്ട്.

പ്രവാചകന്റെ ചുമതല ധര്‍മത്തിന്റെ ശാസനക്കും അധര്‍മത്തിന്റെ വിലക്കിനും കര്‍മം നിര്‍വഹിക്കാന്‍ അള്ളാഹുവിന്റെ അനുശാസന അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതായിരുന്നു .. വിശ്വാസികളെന്നനിലയിലും ഓരോ വ്യക്തികളിലും  അര്‍പിതമായ ചുമത അതുതന്നെ. അവര്‍ക്ക് ഭരണാധികാരം ലഭിച്ചാല്‍ അവര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും അതാണ്. ഇനി വ്യക്തിയെന്ന നിലയിലും അതേ കര്‍മം നിര്‍വഹിക്കാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധഖുര്‍ആനില്‍ പ്രസ്തുത സന്ദര്‍ഭങ്ങള്‍ കാണുക.

No comments:

Post a Comment